Breaking

Friday, January 29, 2021

12 സീറ്റെങ്കിലും കിട്ടണമെന്ന് കേരള കോൺഗ്രസ്; സീറ്റ് വെച്ചുമാറാന്‍ ആർ.എസ്.പി.

തിരുവനന്തപുരം: യു.ഡി.എഫ്. സീറ്റുവിഭജന ചർച്ചയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം മുമ്പ് മത്സരിച്ചിരുന്ന 15 സീറ്റ് ആവശ്യപ്പെട്ടു. കുറഞ്ഞത് 12 സീറ്റെങ്കിലും കിട്ടണമെന്നാണ് ജോസഫിന്റെ ആവശ്യം. സീറ്റുകളിലെ െവച്ചുമാറ്റമാണ് ആർ.എസ്.പി. ആവശ്യപ്പെട്ടത്. ആദ്യഘട്ട ചർച്ചയിൽ തീരുമാനമായില്ല. ഇരു കക്ഷികളുമായും കോൺഗ്രസ് നേതൃത്വം വീണ്ടും ചർച്ച നടത്തും. കേരള കോൺഗ്രസ് ഒന്നായിരുന്നപ്പോൾ മത്സരിച്ച 15 സീറ്റും ജോസഫ് വിഭാഗത്തിന് എങ്ങനെ നൽകാൻ കഴിയുമെന്ന് കോൺഗ്രസ് നേതാക്കൾ ചോദിച്ചു. ജോസഫ് വിഭാഗം കഴിഞ്ഞ പ്രാവശ്യം മത്സരിച്ച തൊടുപുഴ, കടുത്തുരുത്തി, കുട്ടനാട്, കോതമംഗലം സീറ്റുകൾ നൽകാം. കൂടാതെ, കഴിഞ്ഞപ്രാവശ്യം മാണിവിഭാഗം മത്സരിക്കുകയും എന്നാൽ സ്ഥാനാർഥികൾ ജോസഫ് വിഭാഗത്തിൽ എത്തുകയും ചെയ്ത ഇരിങ്ങാലക്കുട (തോമസ് ഉണ്ണിയാടൻ), തിരുവല്ല (ജോസഫ് എം. പുതുശ്ശേരി), ചങ്ങനാശ്ശേരി (സി.എഫ്. തോമസ്) മണ്ഡലങ്ങളോ അതിനുപകരം മണ്ഡലങ്ങളോ പരിഗണിക്കാമെന്ന നിലപാടിലാണ് കോൺഗ്രസ്. അന്തിമ ചർച്ചകളിൽ ഈ ഏഴു സീറ്റുകൾക്കുപുറമേ ഒന്നോ രണ്ടോ സീറ്റുകൾകൂടി ജോസഫ് ഗ്രൂപ്പിനു ലഭിച്ചേക്കാം. ജോസഫ് ഗ്രൂപ്പുമായുള്ള സീറ്റ് ധാരണയായാലേ മധ്യതിരുവിതാംകൂറിൽ കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളെക്കുറിച്ച് തീർപ്പുണ്ടാകൂ. ഇടുക്കി സീറ്റും മലബാർ മേഖലയിൽ ഒരു സീറ്റും കേരള കോൺഗ്രസ് നിർബന്ധമായും ആവശ്യപ്പെടുന്നുണ്ട്. ചവറ, കുന്നത്തൂർ, ഇരവിപുരം, ആറ്റിങ്ങൽ, കയ്പമംഗലം സീറ്റുകളിലാണ് ആർ.എസ്.പി. കഴിഞ്ഞതവണ മത്സരിച്ചത്. ഇരവിപുരം താത്പര്യമെങ്കിൽ െവച്ചുമാറാമെന്നും പകരം കുണ്ടറയോ കൊല്ലമോ തരണമെന്നും ആർ.എസ്.പി. അറിയിച്ചു. ആറ്റിങ്ങലിനു പകരം വാമനപുരം സീറ്റും ചോദിച്ചു. സീറ്റുമാറ്റം മറ്റു ഘടകകക്ഷികളോടുകൂടി ആലോചിച്ച് തീരുമാനിക്കാമെന്ന മറുപടിയാണ് കോൺഗ്രസ് നൽകിയത്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ജാഥ ഞായറാഴ്ച തുടങ്ങുന്നതിനാൽ തുടർന്നുള്ള ചർച്ചകൾ യാത്രയ്ക്കിടയിൽ നടത്താനാണ് തീരുമാനം. content highlights:udf seat allocation discussion


from mathrubhumi.latestnews.rssfeed https://ift.tt/3r23Zgk
via IFTTT