ദുബായ്: യു.എ.ഇ.യിലെ കേസും ജയിൽവാസവും തുഷാർ വെള്ളാപ്പള്ളിക്ക് തീർത്തും അപ്രതീക്ഷിതമായിരുന്നു. വ്യാജപരാതി നൽകി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കലായിരുന്നു നസീൽ അബ്ദുള്ളയുടെ ലക്ഷ്യമെന്ന് തുഷാർ ആരോപിക്കുന്നു. ‘‘നേരത്തേ ഉണ്ടായിരുന്ന ബിസിനസിന്റെ ലൈസൻസ് പത്തുവർഷംമുമ്പേ കഴിഞ്ഞതാണ്. ഇപ്പോൾ ഉമ്മൽഖുവൈനിൽ കുറച്ചുസ്ഥലം സ്വന്തമായി ഉണ്ടെന്നതൊഴിച്ചാൽ മറ്റ് ബിസിനസ്സുകളൊന്നുമില്ല. ചൊവ്വാഴ്ച ദുബായിലെത്തി വെള്ളിയാഴ്ച മടങ്ങാനായിരുന്നു പരിപാടി. രണ്ടാഴ്ചമുമ്പ് തന്റെ സ്ഥലം വാങ്ങാൻ താത്പര്യമുണ്ടെന്നറിയിച്ച് ചിലർ നിരന്തരം വിളിച്ചു. നല്ല വിലതരാമെന്ന് പറഞ്ഞപ്പോൾ വരുമ്പോൾ സംസാരിക്കാമെന്ന് അവരോട് പറഞ്ഞു. അതനുസരിച്ച് ദുബായിലെ ഹോട്ടലിൽവെച്ച് അവരുമായി സംസാരിക്കുന്നതിനിടയിൽ രണ്ട് സി.ഐ.ഡി.മാർ വന്ന് അറസ്റ്റുചെയ്യുകയായിരുന്നു. എന്നാൽ, അവർ അറസ്റ്റിന്റെ കാരണമൊന്നും പറഞ്ഞതുമില്ല’’- തുഷാർ പറഞ്ഞു. ‘‘നസീൽ അബ്ദുള്ള മുമ്പ് കമ്പനിയുടെ ഉപ കരാർ എടുത്തിരുന്നു. ആകെ അവർ ചെയ്ത ജോലി ഏഴ് ലക്ഷം ദിർഹത്തിന്റേതായിരുന്നു. ആ തുക കൊടുത്തതുമാണ്. അവരുമായി പത്ത് ദശലക്ഷം പോയിട്ട് പത്ത് ലക്ഷത്തിന്റെ കരാർപോലും ഇതുവരെ ഉണ്ടായിട്ടില്ല. ഒന്നുകിൽ അന്ന് എന്റെ ഓഫീസിൽനിന്ന് മോഷ്ടിച്ചേതാ അതല്ലെങ്കിൽ എന്റെ കൺസൽട്ടിങ് കമ്പനികളിൽനിന്ന് തരപ്പെടുത്തിയതോ ആവാം ആ ചെക്കുകൾ. യു.എ.ഇ.യിൽ ഇപ്പോൾ അത്തരം ചെക്കുകൾ പ്രാബല്യത്തിലുമില്ല. കഴിഞ്ഞമാസത്തെ തീയതിവെച്ചാണ് ചെക്ക് പോലീസിൽ നൽകിയിരിക്കുന്നത്. നാലുമാസമായി ഞാൻ ഇവിടെ വന്നിട്ടുപോലുമില്ല. ഇതിൽ ഒരു ചെക്കിലെ ഒപ്പ് വ്യാജമാണെന്നും സംശയമുണ്ട്. ജയിലിൽനിന്ന് വ്യാഴാഴ്ച കോടതിയിൽ എത്തിയപ്പോഴാണ് കേസിന്റെ വിശദവിവരങ്ങൾ അറിയുന്നത്. ചതിയിലൂടെ കേസിൽ കുടുക്കി പണം തട്ടിയെടുക്കാനാണ് അവർ ശ്രമിച്ചത്. എന്നാൽ പണം നൽകി കേസ് ഒത്തുതീർക്കാനോ അവരുടെ ഈ ശ്രമത്തിന് വഴങ്ങിക്കൊടുക്കാനോ ഉദ്ദേശ്യമില്ല. കേസ് നിയമപരമായിത്തന്നെ നേരിടും’’- തുഷാർ വ്യക്തമാക്കി. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘‘പണം നേടാനുള്ള ശ്രമമാണ് അത്. നിയമവിരുദ്ധമായി ഒന്നും ചെയ്യാത്തതിനാൽ ഭയമില്ല. ഈ പരാതി വ്യാജമാണെന്ന് മനസ്സിലാക്കിയാണ് എം.എ. യൂസഫലി, കേരള മുഖ്യമന്ത്രി, കേന്ദ്ര സർക്കാർ എന്നിവരെല്ലാം എനിക്കുവേണ്ടി ഇടപെട്ടത്. അതിൽ വലിയ സന്തോഷമുണ്ട്’’- തുഷാർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2KPbGUP
via
IFTTT