അബുദാബി: മൂന്നുദിവസത്തെ ഗൾഫ് പര്യടനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അബുദാബിയിൽ ഊഷ്മളമായ സ്വീകരണം. പാരീസിൽനിന്ന് പ്രത്യേക വിമാനത്തിൽ യു.എ.ഇ. പ്രാദേശികസമയം വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ രാജകുടുംബാംഗങ്ങളും ഉദ്യോഗസ്ഥപ്രമുഖരും ചേർന്ന് സ്വീകരിച്ചു.ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. രാജകുടുംബാംഗങ്ങൾക്കുപുറമേ യു.എ.ഇ.യിലെ ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി, ഇന്ത്യയിലെ യു.എ.ഇ. അംബാസഡർ ഡോ. അഹമ്മദ് അൽ ബന്ന എന്നിവർ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.പ്രധാനമന്ത്രിയായശേഷം മോദിയുടെ മൂന്നാമത്തെ സന്ദർശനമാണിത്. എന്നാൽ, മുൻ പര്യടനങ്ങളിലെന്നപോലെ യു.എ.ഇ.യുടെ രാഷ്ട്രനേതാക്കളാരും സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നില്ല. ശനിയാഴ്ച കാലത്ത് അദ്ദേഹം അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. വിമാനത്താവളത്തിൽ രാജകുടുംബാംഗങ്ങളുമായി കുശലം പറഞ്ഞശേഷം പ്രധാനമന്ത്രിക്ക് താമസം ഒരുക്കിയിട്ടുള്ള എമിറേറ്റ്‌സ് പാലസിലേക്ക് യാത്രതിരിച്ചു.അബുദാബി കിരീടാവകാശിയും യു.എ.ഇ. ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണം സ്വീകരിച്ചാണ് മോദി എത്തുന്നത്. പ്രമുഖ രാഷ്ട്രനേതാക്കൾക്കും വ്യക്തികൾക്കുമായി യു.എ.ഇ. നൽകിവരുന്ന പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് മെഡൽ സ്വീകരിക്കാനായാണ് പ്രധാനമന്ത്രി എത്തുന്നത്. ആദ്യമായാണ് ഒരു ഇന്ത്യൻനേതാവ് ഈ പുരസ്കാരത്തിന് അർഹനാവുന്നത്. യു.എ.ഇ.യുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ നടത്തിയ ശ്രമങ്ങളെ ആദരിച്ചാണ് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അവാർഡ് പ്രഖ്യാപിച്ചത്.ശനിയാഴ്ച അബുദാബിയിലെ ചർച്ചകൾക്കും പരിപാടികൾക്കും ശേഷം ഉച്ചതിരിഞ്ഞ് രണ്ടുദിവസത്തെ സന്ദർശനത്തിനായി മോദി ബഹ്റൈനിലേക്ക് യാത്രയാവും.
from mathrubhumi.latestnews.rssfeed https://ift.tt/2U2tP4z
via
IFTTT