ആർപ്പൂക്കര (കോട്ടയം): കരിപ്പൂത്തട്ടിനുസമീപം ചാലാകരി പാടത്ത് മനുഷ്യശരീരഭാഗങ്ങൾ ബക്കറ്റിലാക്കി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. ഗാന്ധിനഗർ പോലീസ് നടത്തിയ അന്വേഷണത്തിൽ, മൃതദേഹം എംബാംചെയ്തശേഷം സ്വകാര്യ ആശുപത്രിയിൽനിന്ന് സംസ്കരിക്കാൻ നൽകിയ ഉദരഭാഗങ്ങളാണിതെന്ന് കണ്ടെത്തി. ഇവ പാടത്ത് തള്ളിയ അമയന്നൂർ താഴത്ത് സുനിൽകുമാർ (34), പെരുമ്പായിക്കാട് ചിലമ്പിട്ടശ്ശേരി ക്രിസ് മോൻ ജോസഫ് (38) എന്നിവരെ അറസ്റ്റുചെയ്തു. ശരീരാവശിഷ്ടം കളയുവാൻ ഇവർ ഉപയോഗിച്ച ആംബുലൻസും പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം കളത്തിപ്പടിയിലെ ആശുപത്രിയിൽ മരിച്ച എൺപതുവയസ്സുള്ള രോഗിയുടെ മൃതദേഹഭാഗമാണ് ആർപ്പൂക്കരയിൽ തള്ളിയത്. ശനിയാഴ്ച രാത്രിയിലാണ് ഇതുചെയ്തത്. ശരീരഭാഗത്തിനൊപ്പമുണ്ടായിരുന്ന ആശുപത്രി ഉപകരണത്തിന്റെ മേൽവിലാസത്തിൽ നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. ഞായറാഴ്ച രാവിലെ പശുവിനെ കെട്ടാൻ പോയവരാണ് പ്ലാസ്റ്റർ ഒട്ടിച്ചനിലയിൽ ബക്കറ്റ് കിടക്കുന്നതുകണ്ടത്. ദുരൂഹത തോന്നിയതിനെത്തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. മനുഷ്യശരീര ഭാഗങ്ങളാണെന്ന് സംശയം തോന്നിയതിനെത്തുടർന്ന് പോലീസ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫൊറൻസിക് വിഭാഗത്തെ അറിയിച്ചു. ഇവർ നടത്തിയ പരിശോധനയിലാണ് മനുഷ്യന്റെ വൻകുടൽ, ചെറുകുടൽ, കരൾ, പിത്താശയം, വൃക്കകൾ എന്നിവയാണ് ബക്കറ്റിലുള്ളതെന്ന് കണ്ടെത്തിയത്. എംബാമിങ് മൃതദേഹം ഫ്രീസറിൽവെയ്ക്കാതെ രണ്ടാഴ്ചയിലധികം സൂക്ഷിക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് എംബാം ചെയ്യുക. ശരീരത്തിലെ വലിയ രക്തക്കുഴലുകൾവഴി രാസവസ്തുക്കൾ കയറ്റി, രക്തം മുഴുവൻ അലിയിച്ചുകളയും. തുടർന്ന് ഈ കുഴലിൽ ഫോർമാലിൻ ദ്രാവകം കയറ്റി തുന്നിച്ചേർക്കും. ഫൊർമാലിൻ ഉള്ളപ്പോൾ ശരീരം ദ്രവിക്കില്ല. ഇത് സാധാരണ ആശുപത്രികളിലാണ് ചെയ്യുക. എന്നാൽ, ചിലർ രഹസ്യമായി ഇത് വീടുകളിൽ ചെയ്യാറുണ്ട്. കരൾ, കാൻസർ രോഗം ബാധിച്ച് മരിക്കുന്ന രോഗികളുടെ ശരീരം ഫ്രീസറിൽവെച്ചാൽപോലും ചീർത്ത് വികൃതമാവും. ഇത്തരക്കാരുടെ മൃതദേഹമാണ് വീട്ടിൽവെച്ച് രഹസ്യമായി എംബാംചെയ്യുക. content highlights:dead body parts found in buckets at kottayam
from mathrubhumi.latestnews.rssfeed https://ift.tt/2z3prc2
via
IFTTT