ഹൈദരാബാദ്: ആന്ധ്രാപ്രദേശ് നിയമസഭ മന്ദിരത്തിൽനിന്ന് കാണാതായ കമ്പ്യൂട്ടറുകളും എയർകണ്ടീഷണറുകളും ഫർണ്ണീച്ചറുകളും മുൻ സ്പീക്കറുടെ വസതിയിലേക്ക് കടത്തിയതായി റിപ്പോർട്ട്. മുൻ നിയമസഭ സ്പീക്കറും തെലുങ്കുദേശം പാർട്ടിയുടെ മുതിർന്ന നേതാവുമായ കോഡെല ശിവപ്രസാദ് റാവുവിന്റെ ക്യാമ്പ് ഓഫീസായി പ്രവർത്തിക്കുന്ന സത്തേനപള്ളിയിലെ വസതിയിലേക്കാണ് ഫർണ്ണീച്ചറുകളും കമ്പ്യൂട്ടറുകളും കൊണ്ടുപോയത്. മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച് വാർത്തകൾ വന്നതോടെ ഫർണ്ണീച്ചറുകൾ തന്റെ വസതിയിലുണ്ടെന്ന് സമ്മതിച്ച് കോഡെല ശിവപ്രസാദും രംഗത്തെത്തി. ആന്ധ്രാപ്രദേശിലെ നിയമസഭ മന്ദിരം ഹൈദരാബാദിൽനിന്നും അമരാവതിയിലേക്ക് മാറ്റുന്ന നടപടികളുടെ മറവിലാണ് ശിവപ്രസാദ് റാവു ഇവയെല്ലാം സ്വവസതിയിലേക്ക് കടത്തിയത്. എന്നാൽ ഫർണ്ണീച്ചറുകളും കമ്പ്യൂട്ടറുകളും താൻ കടത്തിയതല്ലെന്നും താത്കാലികമായി അവ വീട്ടിൽ സൂക്ഷിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഫർണ്ണീച്ചറുകളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താനാണ് ഇത് ചെയ്തതെന്നും ഇവ കൈമാറാൻ താൻ തയ്യാറാണെന്നും ഇനി പണം വേണമെങ്കിൽ അതും നൽകാമെന്നും മുൻ സ്പീക്കർ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ ഇവയെല്ലാം കൊണ്ടുപോകാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടും പ്രതികരണമുണ്ടായില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം, ഫർണ്ണീച്ചറുകളും കമ്പ്യൂട്ടറുകളും കാണാതായ സംഭവത്തിൽ കോഡെല ശിവപ്രസാദിന് കത്തയച്ചെങ്കിലും അദ്ദേഹം മറുപടി നൽകിയില്ലെന്നാണ് നിയമസഭ സെക്രട്ടറിയുടെ പ്രതികരണം. ഇതിനുപിന്നാലെയാണ് പോലീസിൽ പരാതി നൽകിയതെന്നും നിയമസഭ സെക്രട്ടറി പറഞ്ഞു. എന്നാൽ കോഡെല ശിവപ്രസാദ് റാവു ചെയ്തത് മോഷണമാണെന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെന്നുമാണ് വൈ.എസ്.ആർ. കോൺഗ്രസ് നേതാക്കളുടെ ആവശ്യം. Content Highlights:andhra pradesh ex speaker kodela sivaprasada rao admits he lifts furniture,computers and acs froma andhra assembly
from mathrubhumi.latestnews.rssfeed https://ift.tt/30oRAX3
via
IFTTT