ദുബായ്: രണ്ടാംവട്ടവും പ്രധാനമന്ത്രിയായശേഷം നരേന്ദ്രമോദിയുടെ ആദ്യ ഗൾഫ് പര്യടനത്തിന് വെള്ളിയാഴ്ച തുടക്കം. ഫ്രാൻസിൽനിന്നാണ് അദ്ദേഹം അബുദാബിയിലെത്തുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. വെള്ളിയാഴ്ച രാത്രി 9.45-ന് അബുദാബിയിലെത്തുന്ന പ്രധാനമന്ത്രിയുടെ യു.എ.ഇ.യിലെ പ്രധാന പരിപാടികൾ ശനിയാഴ്ചയാണ്. യു.എ.ഇ. ഭരണനേതാക്കളുമായി അദ്ദേഹം ചർച്ചനടത്തും. ഹോട്ടൽ എമിറേറ്റ്സ് പാലസിൽ ശനിയാഴ്ച രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ ഇന്ത്യയുടെ റുപേ കാർഡിന്റെ ഗൾഫിലെ ഉദ്ഘാടനമാണ് ആദ്യ പരിപാടി. യു.എ.ഇ.യിലെ പൗരപ്രമുഖരും വാണിജ്യ-വ്യാവസായിക രംഗത്തെ പ്രമുഖ ഇന്ത്യക്കാരും ചടങ്ങിൽ സംബന്ധിക്കും. പന്ത്രണ്ടുമണിക്ക് അബുദാബിയിലെ പ്രസിഡൻഷ്യൽ പാലസിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ യു.എ.ഇ.യുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് മെഡൽ പ്രധാനമന്ത്രിക്ക് സമ്മാനിക്കും. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെ രാജകുടുംബത്തിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക സ്റ്റാമ്പ് പ്രധാനമന്ത്രിയും ശൈഖ് മുഹമ്മദും ചേർന്ന് പുറത്തിറക്കും. തുടർന്നുനടക്കുന്ന വിരുന്നിൽ പങ്കെടുത്തശേഷം മോദി ഉച്ചതിരിഞ്ഞ് ബഹ്റൈനിലേക്ക് തിരിക്കും. അവിടെ വൈകീട്ട് ഏഴിന് ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. രാത്രി ബഹ്റൈൻ പ്രധാനമന്ത്രി ഒരുക്കുന്ന വിരുന്നിൽ സംബന്ധിക്കും. ഞായറാഴ്ച കാലത്ത് മനാമയിലെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ നവീകരണപരിപാടി ഉദ്ഘാടനംചെയ്യും. ബഹ്റൈൻ ഭരണാധികാരിയുമായുള്ള കൂടിക്കാഴ്ചയും നടക്കും. വൈകീട്ടോടെ ഫ്രാൻസിലേക്ക് തിരിക്കും. അവിടെ ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് യാത്ര. Content Highlights:PM Narendra Modi in Abu Dhabi
from mathrubhumi.latestnews.rssfeed https://ift.tt/31WHAog
via
IFTTT