കവളപ്പാറ: പന്ത്രണ്ടുവർഷത്തെ പ്രവാസ ജീവിതത്തിലെ സമ്പാദ്യമാണ് സെക്കൻഡുകൾ മാത്രമുണ്ടായിരുന്ന ആ ശബ്ദത്തിൽ തകർന്നടിഞ്ഞത്. ഇപ്പോൾ അവിടെ ആറടിയോളം ഉയരമുള്ള മൺകൂന മാത്രമാണ്. ഇനിയെല്ലാം ഒന്നിൽനിന്ന് തുടങ്ങണം. നാലരമാസം മുൻപ് പണിതീർത്ത സ്വപ്നവീട് ഇല്ലാതായ സങ്കടം കരച്ചിലിന്റെ വക്കിലെത്തി നിൽക്കുന്നു. പുത്തലവൻ അഷ്റഫ് പറഞ്ഞുതുടങ്ങുകയാണ്. ഓരോതവണ വരുമ്പോഴും ഘട്ടംഘട്ടമായി പണിതാണ് വീട് ഉണ്ടാക്കിയത്. ഇത്തവണ മുഴുവൻ പണിയും പൂർത്തിയാക്കിയാണ് സൗദിയിലേക്ക് വിമാനം കയറിയത്. അടുത്തവട്ടം വരുമ്പോൾ വീട്ടിൽ സുഖമായുറങ്ങണം. അതായിരുന്നു ആഗ്രഹം. ഒൻപതിനു ജോലി സ്ഥലത്തുനിന്നാണ് കവളപ്പാറയിലെ ദുരന്തം അറിഞ്ഞത്. വീട്ടുകാരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കിട്ടിയില്ല. ആവലാതിയിൽ കയ്യിലുള്ള പൈസയെല്ലാം കൂട്ടി അടുത്ത വിമാനത്തിൽ കയറി പത്തിനു രാത്രി കരിപ്പൂരിലെത്തി. ഭാര്യയും മക്കളും ബന്ധുവീട്ടിൽ സുരക്ഷിതമാണെന്നറിഞ്ഞപ്പോൾ ഉള്ളിൽ നിറഞ്ഞുനിന്ന സങ്കടം കണ്ണീരായി ഒഴുകി. അവരുടെ ജീവിതം തിരിച്ചുകിട്ടിയ സന്തോഷമാണ് എല്ലാത്തിലും വലുത്. 40 സെന്റ് സ്ഥലവും വീടുമായിരുന്നു ആകെ സമ്പാദ്യം. മൂന്നുമക്കളും വലുതാകുകയാണ്. തത്കാലം ഒരു വാടക വീട്ടിലേക്ക് മാറും. 40 വയസ്സായി, ഇത്രകാലം സമ്പാദിച്ചത് ഒരുനിമിഷത്തിൽ തകർന്നു. കുടുംബം പോറ്റാൻ സൗദിയിലേക്ക് മടങ്ങണം. സഹായത്തിന് സർക്കാറും സുമനസ്സുകളും കൂടെയുണ്ടാകുമെന്ന വിശ്വാസത്തിലാണ് ഞങ്ങൾ. ആ നിലവിളി ഞങ്ങളെ രക്ഷിച്ചു മരങ്ങൾ വീഴുന്നേ എന്ന അയൽവാസിയുടെ നിലവിളി ഓർത്തെടുക്കുകയാണ് അഷ്റഫിന്റെ ഭാര്യ ജസ്ന. ആ അലർച്ചയാണ് ഞങ്ങളുടെ ജീവൻ രക്ഷിച്ചത്. കവളപ്പാറ തോട്ടിലെ വെള്ളം പറമ്പിൽ കയറാൻ തുടങ്ങിയപ്പോഴാണ് മക്കളായ അജ്മൽ ഷാൻ, ആദിൽ ഷാൻ, ജിൽസ ഷെറിൻ എന്നിവരുമായി ജസ്ന അയൽവാസിയായ ഷാജഹാന്റെ വീട്ടിലേക്ക് മാറിയത്. ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോഴാണ് അയൽപ്പക്കത്തുള്ള ആരുടെയോ നിലവിളി കേട്ടത്. ഉടനെ ഞങ്ങളെല്ലാവരും റോഡിലേക്കോടി. തിരിഞ്ഞുനോക്കുമ്പോൾ ഞങ്ങളുടെ വീടും തകർത്ത് ഷാജഹാന്റെ വീട്ടിലേക്ക് മരങ്ങളും മണ്ണുംവന്നു പതിക്കുകയായിരുന്നു. ആ നിലവിളി കേട്ടില്ലായിരുന്നെങ്കിൽ... ഓർക്കാതിരിക്കാൻ ശ്രമിക്കുകയാണ് ജസ്ന.
from mathrubhumi.latestnews.rssfeed https://ift.tt/31V7RTU
via
IFTTT