തിരുവനന്തപുരം: ജനകീയവിശ്വാസം വീണ്ടെടുക്കാനുള്ള തിരുത്തൽ നടപടിക്കായി സി.പി.എം. നേതൃയോഗം തുടങ്ങി. ജനങ്ങളുമായി അടുക്കണമെങ്കിൽ മാറ്റം നേതാക്കളുടെ പെരുമാറ്റത്തിൽ തുടങ്ങണമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച കരട് റിപ്പോർട്ടിലുള്ളത്. ഗൃഹസന്ദർശനത്തിൽ ജനങ്ങളിൽനിന്ന് ലഭിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് തെറ്റുതിരുത്തൽ നടപടിക്ക് രൂപം നൽകുന്നത്. സർക്കാരിന്റെയും സംഘടനയുടെയും പ്രവർത്തനവും പരിഷ്കാരവും സംബന്ധിച്ചുള്ള റിപ്പോർട്ടിന്റെ കരടാണ് അവതരിപ്പിച്ചത്. കേന്ദ്രകമ്മിറ്റി നിർദേശിച്ച പരിഷ്കാര നടപടിയുടെ അടിസ്ഥാനത്തിലുള്ളതാണിത്. പാർട്ടി പ്രവർത്തകരുടെ ജനകീയബന്ധം ശക്തമാക്കാനും പാർട്ടിയുടെ ജനപിന്തുണ കൂട്ടാനും നേരത്തേ കൊൽക്കത്ത പ്ലീനം മുന്നോട്ടുവെച്ച നിർദേശങ്ങളുടെ പരിശോധനയുമാണ് സി.പി.എം. നടത്തുന്നത്. പ്ലീനം നിർദേശം പൂർണമായി നടപ്പാക്കാനായിട്ടില്ലെന്നാണ് കരട് റിപ്പോർട്ടിലെ പരാമർശം. വർഗബഹുജന സംഘടനകളെ ശക്തിപ്പെടുത്തുകയെന്ന നിർദേശവും ലക്ഷ്യത്തിലെത്തിയിട്ടില്ല. ജനങ്ങൾ അകലാൻ ഇത്തരം സംഘടനകളുടെ സ്വാധീനക്കുറവ് കാരണമായെന്നാണ് വിലയിരുത്തൽ. ജനങ്ങൾക്ക് ബോധ്യപ്പെടുംവിധം സർക്കാരിന്റെ പ്രവർത്തനത്തിൽ മാറ്റംവരുത്തണമെന്നാണ് കരട് റിപ്പോർട്ടിലുള്ളത്. ഓരോ വകുപ്പും നടത്തിയതും നടത്താനുദ്ദേശിക്കുന്നതുമായ പദ്ധതികളും പ്രവർത്തനങ്ങളും മന്ത്രിമാർ നേരത്തേ നൽകിയിരുന്നു. ഇതനുസരിച്ചാണ് കരട് നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുള്ളത്. സർക്കാരിന്റെ പ്രവർത്തനത്തിന് ജനങ്ങൾ പൊതു അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും അത് വോട്ടായി മാറാത്തതിന്റെ കാരണം പദ്ധതികളുടെ ഗുണഫലം ബോധ്യപ്പെടുത്താനാകാത്തതുകൊണ്ടാണ്. അതിന് മാറ്റമുണ്ടാകണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. സെക്രട്ടേറിയറ്റ് യോഗം രണ്ടുദിവസം കൂടിയുണ്ടാകും. സംസ്ഥാന സെക്രട്ടറി തയ്യാറാക്കിയ കരട് റിപ്പോർട്ടിലുള്ള ചർച്ചയും ഗൃഹസന്ദർശനത്തിനുശേഷം ജില്ലാകമ്മിറ്റികൾ നൽകിയ റിപ്പോർട്ട് വിലയിരുത്തലുമാണ് വരുംദിവസങ്ങളിൽ നടക്കുക. കേരളത്തിലുൾപ്പെടെ ജനങ്ങളും പാർട്ടിയും അകലുന്നെന്നത് തിരിച്ചറിയണമെന്ന് തിരഞ്ഞെടുപ്പ് പരാജയം പരിശോധിച്ച കേന്ദ്രകമ്മിറ്റി വിലയിരുത്തിയിരുന്നു. ഇതനുസരിച്ചുള്ള തിരുത്തൽ നടപടി സ്വീകരിക്കണമെന്നായിരുന്നു കേന്ദ്രനിർദേശം. ജനങ്ങളെ നേരിൽ കേൾക്കാൻ നേതാക്കളും പ്രവർത്തകരും വീടുകയറിയത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ നഷ്ടമായ വോട്ടുകൾ തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പാണ് തെറ്റുതിരുത്തലിലൂടെ നടക്കുക. പാർട്ടി സംഘടനാ സംവിധാനവും സർക്കാർ പ്രവർത്തനവും ഏകോപിപ്പിച്ച് ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുകയാണ് ലക്ഷ്യം. അതിനുള്ള കർമപദ്ധതികൾക്ക് സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം നടക്കുന്ന സംസ്ഥാനസമിതി രൂപംനൽകും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തിങ്കളാഴ്ച മുതലുള്ള യോഗങ്ങളിൽ പങ്കെടുക്കും. content highlights:Leaders must behave decently to improve relationship with people says cpm report
from mathrubhumi.latestnews.rssfeed https://ift.tt/2ziESxf
via
IFTTT