പുല്പള്ളി: റെജിയും ഡൈജുവും ഒടുവിൽ തങ്ങളുടെ പിതാവിനെ കണ്ടെത്തി, അന്ത്യചുംബനം നൽകി, യാത്രയാക്കി. പതിമൂന്നും പതിനൊന്നും വയസ്സുള്ളപ്പോൾ വീടുവിട്ടിറങ്ങിയതാണ് പള്ളത്തുകുടി ജോർജ് എന്ന ഇവരുടെ പിതാവ്. മുപ്പത് വർഷമായി ഈ സഹോദരങ്ങൾ പിതാവിനെ അന്വേഷിച്ചുള്ള യാത്രകളിലായിരുന്നു. ഒടുവിൽ കണ്ടെത്തിയത് പിതാവിന്റെ മരണ ദിനത്തിലായി. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിക്ക് നടവയൽ ഓസാനം ഭവനിൽവെച്ചായിരുന്നു അസുഖങ്ങൾ മൂലം ജോർജിന്റെ മരണം. ആറ്മാസമായി ജോർജ് ഓസാനം ഭവനിലെ അന്തേവാസിയായിരുന്നു. ചെറുപ്പത്തിലെ നാടുവിട്ടതാണ് താനെന്നും ബന്ധുക്കൾ ആരുമില്ലെന്നുമാണ് അധികൃതരോട് ജോർജ് പറഞ്ഞിരുന്നത്. കുപ്പാടി എന്ന സ്ഥലപ്പേര് മാത്രമാണ് ഓസാനം ഭവനിൽ നൽകിയിരുന്നത്. ഞായറാഴ്ച രാവിലെമുതൽ കുപ്പാടിയിൽ കുടുംബത്തിനായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ മൂന്നാംമൈലിലുള്ള ഒരു ചായക്കടയിൽനിന്ന് ബന്ധുക്കൾ മലവയലിൽ ഉണ്ടെന്ന വിവരം ലഭിച്ചു. മലവയലിൽ എത്തി ഭാര്യയായ ലീലാമ്മയെയും രണ്ട് മക്കളെയും കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഇരുപത് വർഷമായി ജോർജ് മരിച്ചെന്ന വിശ്വാസത്തിലായിരുന്നു ലീലാമ്മ കഴിഞ്ഞിരുന്നത്. മുമ്പ് പല സ്ഥലങ്ങളിലും സംശയത്തിന്റെ പേരിൽ പോയിരുന്നതിനാൽ നടവയലിലേക്ക് മക്കളെയാണ് ആദ്യം അയച്ചത്. റെജിയും ഡൈജുവും ഓസാനം ഭവനിലെത്തിയപ്പോഴാണ് വർഷങ്ങളായി തങ്ങൾ അന്വേഷിച്ച് നടന്ന പിതാവിന്റെ മൃതദേഹം കാണുന്നത്. വർഷങ്ങൾക്കുമുന്പ് റെജി കർണാടകയിലെ ഗോണിക്കുപ്പയിലൂടെ ബസിൽ സഞ്ചരിക്കുന്പോൾ ജോർജിനെപ്പോലെ ഒരാളെ കണ്ടിരുന്നു. ബസ് നിർത്തി ഇറങ്ങി നോക്കിയപ്പോഴേക്കും ആളെ കാണാനില്ലായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2P1wEnK
via
IFTTT