ദുബായ്: ബുധനാഴ്ച വൈകീട്ട് ദുബായിൽനിന്ന് കോഴിക്കോട്ടേക്ക് പോകാനിരുന്ന സ്പൈസ് ജെറ്റ് വിമാനം പെട്ടെന്ന് റദ്ദാക്കി. ഇതോടെ നൂറിലേറെ യാത്രക്കാർ ദുരിതത്തിലായി. സ്പൈസ് ജെറ്റിന്റെ എസ്.ജി.-054 വിമാനമാണ് പുറപ്പെടേണ്ട സമയത്തിന് ഒരു മണിക്കൂർമുമ്പ് റദ്ദാക്കിയതായുള്ള അറിയിപ്പുവന്നത്. ഇതിനകംതന്നെ ഭൂരിഭാഗം യാത്രക്കാർക്കും ബോർഡിങ് പാസ് നൽകിയിരുന്നു. കുറെപ്പേരുടെ ഇമിഗ്രേഷൻ നടപടികളും പൂർത്തിയായി. അപ്പോഴാണ് വിമാനം റദ്ദാക്കിയ കാര്യം പറഞ്ഞത്. പകരം വിമാനമില്ലെന്നും യാത്രക്കാർക്ക് ടിക്കറ്റിന്റെ പണം ഒരാഴ്ചയ്ക്കുള്ളിൽ അക്കൗണ്ടിലേക്ക് തിരിച്ചുനൽകുമെന്നുമായിരുന്നു വിശദീകരണം. പെട്ടെന്നുതന്നെ നാട്ടിൽ എത്തേണ്ടിയിരുന്ന ചിലർക്ക് സ്പൈസ് ജെറ്റിന്റെ കൊച്ചി വിമാനത്തിൽ ഇടംനൽകി. കുറച്ചുപേർക്ക് പുണെവഴി കോഴിക്കോട്ടേക്ക് നൽകാമെന്നുള്ള ഓഫറും വിമാനക്കമ്പനി പ്രതിനിധികൾ മുന്നോട്ടുവെച്ചു. എന്നാൽ, ദുബായിൽ അവധിക്കാല തിരക്കായതിനാൽ മിക്കവിമാനത്തിലും നേരത്തേതന്നെ സീറ്റുകൾ ബുക്ക്ചെയ്യപ്പെട്ടതിനാൽ ബുധനാഴ്ച രാത്രിയുള്ള വിമാനങ്ങളിലും മിക്കവർക്കും ടിക്കറ്റ് കിട്ടിയില്ല. അതിനാൽ ബാക്കിയുള്ളവർ വ്യാഴാഴ്ചത്തെ വിമാനങ്ങളിലാണ് ഇപ്പോൾ ടിക്കറ്റ് തരപ്പെടുത്തിയത്. അവരാകട്ടെ ബുധനാഴ്ച രാത്രി വിമാനത്താവളത്തിൽത്തന്നെ കഴിച്ചുകൂട്ടേണ്ട അവസ്ഥയിലുമായി. ദുബായിൽനിന്ന് വൈകീട്ട് 4.10-ന് പുറപ്പെട്ട് രാത്രി 9.50-ന് കോഴിക്കോട്ടേക്ക് എത്താനുള്ളതായിരുന്നു ഈ വിമാനം. സ്പൈസ് ജെറ്റിൽ വളരെ നേരത്തെ ടിക്കറ്റ് ബുക്ക്ചെയ്ത യാത്രക്കാരാണ് ഇത്തരത്തിൽ ദുരിതത്തിലായത്. അതേസമയം, ഇവർക്ക് രാത്രി താമസസൗകര്യമോ ഭക്ഷണമോ നൽകാൻപോലും വിമാനക്കമ്പനിക്കാർ താത്പര്യമെടുത്തില്ല. വിമാനം എത്തിയതിനുശേഷമുണ്ടായ സാങ്കേതികത്തകരാറുമൂലമാണ് റദ്ദാക്കിയതെന്നും യാത്രക്കാർക്ക് ഇഷ്ടംപോലെ ചെയ്യാമെന്നുമുള്ള മറുപടിയാണ് പലർക്കും കമ്പനി പ്രതിനിധികളിൽനിന്ന് ലഭിച്ചത്. ഇൗ വിമാനത്തിന്റെ വ്യാഴാഴ്ച പുലർച്ചെ കോഴിക്കോട്ടുനിന്നുള്ള മടക്കസർവീസും റദ്ദാക്കി. ദുബായിൽ സന്ദർശകവിസയിലെത്തി മടങ്ങാനിരുന്ന ചില യാത്രക്കാരും പുറത്തിറങ്ങാനാവാതെ കുടുങ്ങി. ഇമിഗ്രേഷനിൽ അടുത്തദിവസം എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന് സംശയിച്ചായിരുന്നു അവർ വിമാനത്താവളത്തിൽത്തന്നെ കഴിച്ചുകൂട്ടിയത്. content highlights:spice jet dubai-kozhikode
from mathrubhumi.latestnews.rssfeed https://ift.tt/2GCOMxw
via
IFTTT