ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകാൻ ആഴ്ചകൾ ബാക്കിനിൽക്കേ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ 'അടുത്ത ബി.ജെ.പി. സർക്കാരി'നുള്ള 100 ദിന കർമപദ്ധതി തയ്യാറാക്കി സമർപ്പിച്ചു. ഏപ്രിൽ 30-നകം പദ്ധതി തയ്യാറാക്കിനൽകണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശിച്ചതനുസരിച്ചാണ് ഇത് തയ്യാറാക്കി നൽകിയതെന്ന് ഒരു മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥൻ 'മാതൃഭൂമി'യോട് പറഞ്ഞു. ചില മന്ത്രാലയങ്ങളിൽ ഇത്തരം ഉത്തരവ് ലഭിച്ചതായി അറിഞ്ഞിരുന്നെന്നും എന്നാൽ, തങ്ങൾക്ക് വിവരങ്ങളൊന്നും കിട്ടിയിട്ടില്ലെന്നും മറ്റൊരു മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വോട്ടെടുപ്പുനടക്കുന്ന സമയത്ത് അടുത്ത സർക്കാരിന്റെ 100 ദിന കർമപരിപാടി തയ്യാറാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ഇവർ വ്യക്തമാക്കി. ബി.ജെ.പി.യുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളനുസരിച്ച് ആദ്യ നൂറുദിവസത്തേക്കുള്ള കർമപദ്ധതി തയ്യാറാക്കുന്നതിനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വകുപ്പുതലവന്മാരോട് നിർദേശിച്ചത്. ഏപ്രിൽ 24 മുതൽ 30 വരെയുള്ള തീയതികളിൽ ഇവ തയ്യാറാക്കി അവതരിപ്പിക്കാൻ ഓരോ അസിസ്റ്റന്റ് സെക്രട്ടറിമാരോടും നിർദേശിച്ചു. ചില മന്ത്രാലയങ്ങളിൽ അസിസ്റ്റന്റ് സെക്രട്ടറിമാർ ഇതുമായി ബന്ധപ്പെട്ട് യോഗം വിളിച്ച് ഉദ്യോഗസ്ഥരോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. യോഗവിവരം ഇ-മെയിലിലൂടെയാണ് ഉദ്യോഗസ്ഥർക്ക് കൈമാറിയത്. ഏപ്രിൽ 11-ന് തുടങ്ങി മേയ് 19-നാണ് വോട്ടെടുപ്പ് അവസാനിക്കുന്നത്. മേയ് 23-നേ വോട്ടെണ്ണൂ. ആര് അധികാരത്തിലേറുമെന്ന് അപ്പോഴേ വ്യക്തമാകൂ എന്നിരിക്കേയാണ് ഭരണത്തുടർച്ചയുണ്ടാകും എന്ന ഉറപ്പിൽ ബി.ജെ.പി. കർമപദ്ധതിയുമായി മുന്നോട്ടുപോകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ അധികാരത്തിൽ തുടരുമെന്നും അതിനാലാണ് നിർദേശം നൽകിയതെന്നുമാണ് ഉദ്യോഗസ്ഥരോട് പറഞ്ഞതെന്നാണ് അറിയുന്നത്. തിരഞ്ഞെടുപ്പിൽ ബി.ജെ.പി. വീണ്ടും അധികാരത്തിലേറുമെന്ന് മാർച്ചിൽ നടന്ന സി വോട്ടർ വേവ് 2 ഉൾപ്പെടെയുള്ളവയുടെ അഭിപ്രായ സർവേകൾ പറഞ്ഞിരുന്നു. 42 ശതമാനത്തോളം വോട്ടുനേടി ബി.ജെ.പി. നേതൃത്വത്തിലുള്ള എൻ.ഡി.എ. മുന്നൂറോളം സീറ്റ് നേടുമെന്നാണ് സി വോട്ടറിന്റെ പ്രവചനം. ജനുവരിയിൽ നടന്ന എ.ബി.പി. ന്യൂസ്- സി വോട്ടർ സർവേ ഫലത്തിൽ തൂക്കുസഭയാണ് പ്രവചിച്ചിരുന്നത്. Content highlights:BJP, Goverment Ministries
from mathrubhumi.latestnews.rssfeed http://bit.ly/2V4CKpS
via
IFTTT