ടോക്യോ: ജപ്പാനിൽ ഹെയ്സെയ് ഭരണയുഗത്തിന് അന്ത്യംകുറിച്ച് അകിഹിതോ ചക്രവർത്തി ചൊവ്വാഴ്ച സ്ഥാനമൊഴിഞ്ഞു. ടോക്യോയിലെ ഇംപീരിയൽ കൊട്ടാരത്തിൽനടന്ന ചടങ്ങിൽ രാജകീയവസ്ത്രത്തിനൊപ്പം സ്വർണവും തവിട്ടും നിറങ്ങളുള്ള അരപ്പട്ടയും കറുത്ത തൊപ്പിയുമണിഞ്ഞെത്തിയ അകിഹിതോ ചക്രവർത്തി ജമന്തിപ്പൂക്കളാൽ അലങ്കരിച്ച കിരീടം മകനും അടുത്ത ചക്രവർത്തിയുമായ നാറുഹിതോയ്ക്ക് കൈമാറി. 200 വർഷത്തിനിടെ ഇതാദ്യമായാണ് ജപ്പാനിൽ ഒരു ചക്രവർത്തി പദവി ഉപേക്ഷിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഷിന്റോ ചടങ്ങുകളോടെയാണ് സ്ഥാനത്യാഗ പരിപാടികളാരംഭിച്ചത്. ദൈവങ്ങൾക്കും പൂർവികർക്കും മുന്നിൽ സ്ഥാനത്യാഗം അറിയിക്കുന്നുവെന്ന് വിശ്വസിക്കുന്ന ചടങ്ങാണ് ഷിന്റോ. ഇംപീരിയൽ കൊട്ടാരത്തിലെ മാത്സു നോ മ എന്നറിയപ്പെടുന്ന ഹാളിനുള്ളിലായിരുന്നു പ്രധാന ചടങ്ങുകൾ. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഉൾപ്പെടെ മുന്നൂറിലേറെ വിശിഷ്ടാതിഥികൾ പങ്കെടുത്തു. ബുധനാഴ്ച മുതൽ നാറുഹിതോവിനുകീഴിൽ പുതിയ ഭരണകാലത്തിന് തുടക്കമാകും. ജപ്പാനിൽ ഓരോ ചക്രവർത്തിയുടെയും ഭരണകാലം ഓരോ പേരുകളിലാണ് അറിയപ്പെടുക. നാറുഹിതോയുടെ ഭരണകാലം റെയ്വ യുഗമെന്നാണ് അറിയപ്പെടുക. ക്രമം എന്നർഥം വരുന്ന 'റെയ്', ലയം എന്നർഥം വരുന്ന 'വ' എന്നീ വാക്കുകൾ ചേർന്നതാണിത്. ചക്രവർത്തിയുടെ അധികാരചിഹ്നങ്ങളായ വാളും രത്നവും ബുധനാഴ്ച നടക്കുന്ന പ്രത്യേകചടങ്ങിൽ നാറുഹിതോവിന് കൈമാറും. രാജകുടുംബത്തിലെ സ്ത്രീകൾക്ക് ചടങ്ങിൽ പ്രവേശനമില്ല. എന്നാൽ, ആബെ മന്ത്രിസഭയിലെ ഒരു വനിതാ അംഗം ചടങ്ങിനെത്തുമെന്നാണ് സൂചന. ഇതിൽ പങ്കെടുക്കുന്ന ഒരേയൊരു വനിതയാകും അവർ. 2016-ലാണ് അകിഹിതോ പദവിയൊഴിയുന്നതായി പ്രഖ്യാപിച്ചത്. പ്രായാധിക്യവും അസുഖങ്ങളുമാണ് കാരണമായി 86-കാരനായ അകിഹിതോ ചൂണ്ടിക്കാട്ടിയത്. 1989-ലാണ് അകിഹിതോ ചക്രവർത്തിയായത്. ജപ്പാന്റെ 126-ാമത് ചക്രവർത്തിയാണ് നാറുഹിതോ. Content Higfhlights:Japanese Emperor Akihito declares historic abdication
from mathrubhumi.latestnews.rssfeed http://bit.ly/2GJX7ie
via
IFTTT