കൊച്ചി: ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്റെ രീതിയിൽ കേരളത്തിലും സ്ഫോടനപരമ്പരകൾ നടത്താൻ ഭീകരർ പദ്ധതിയിട്ടതായി മൊഴി. ശ്രീലങ്കൻ സ്ഫോടനത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റുചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറെ ചോദ്യംചെയ്തതിൽനിന്നാണ് ഇത് വ്യക്തമായത്. കൊച്ചിയടക്കം പലയിടങ്ങളിൽ സ്ഫോടനം നടത്താനായിരുന്നു പദ്ധതി. സ്ഫോടകവസ്തുക്കൾ ശേഖരിക്കാനും നിർദേശമുണ്ടായിരുന്നു. എന്നാൽ, സംഘത്തിലെ ചിലരുടെ അഭിപ്രായഭിന്നതമൂലം പദ്ധതി നടന്നില്ല. കേരളത്തിൽനിന്ന് ഭീകരസംഘടനയായ ഐ.എസിൽ ചേരാൻ പോയവരാണ് ശ്രീലങ്കൻ സ്ഫോടനത്തിന് പിന്നിലെന്നാണ് എൻ.ഐ.എ.യ്ക്ക് കിട്ടിയ വിവരം. മലയാളി യുവാക്കളെ ഐ.എസിൽ ചേർക്കാൻ കൊണ്ടുപോയ സംഘത്തിലെ പ്രധാനികളുമായി റിയാസ് നിരന്തരം ബന്ധപ്പെട്ടതിന് തെളിവ് കിട്ടിയിട്ടുണ്ട്. 2015 മുതൽ കേരളത്തിൽനിന്ന് യുവാക്കളെ ഐ.എസിൽ ചേർത്തെന്ന കേസിൽ പ്രതി ചേർത്താണ് റിയാസിനെ ഇപ്പോൾ അറസ്റ്റുചെയ്തിരിക്കുന്നത്. റിയാസിനെ എൻ.ഐ.എ. കോടതി 30 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നൽകിയ ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും. ശ്രീലങ്കൻ സ്ഫോടനത്തിന്റെ സൂത്രധാരനെന്നു കരുതുന്ന സഹ്രാൻ ഹാഷിം 2016-നുശേഷം രണ്ടുതവണ കേരളത്തിൽ എത്തിയതായാണ് എൻ.ഐ.എ. സംശയിക്കുന്നത്. ഇതിനുള്ള തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണവർ. ഇതിനായി ഫോർട്ട് കൊച്ചി, കോവളം, വർക്കല എന്നിവിടങ്ങളിലെ ഹോംസ്റ്റേകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. അടുത്ത ലക്ഷ്യം കൊച്ചി? ശ്രീലങ്കയിൽ ആക്രമണം നടത്തിയ ഭീകരരുടെ അടുത്ത ലക്ഷ്യം കൊച്ചിയായിരിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് സുരക്ഷ കർശനമാക്കാനും നിർദേശം നൽകി. ആക്രമണസാധ്യത കണക്കിലെടുത്ത് തീരദേശത്ത് സുരക്ഷ ശക്തമാക്കി. നാവികസേനയുടെയും തീരസേനയുടെയും പതിവ് പരിശോധനകൾക്കുപുറമേ ചിലയിടങ്ങളിൽ കർശന പരിശോധനകൾക്കും നിർദേശമുണ്ട്. കൊച്ചിയുടെ തീരപ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്ന എല്ലാവരെയും പരിശോധിക്കും. വിദേശികളുടെ പ്രത്യേകിച്ച് ശ്രീലങ്കയിൽ നിന്നുള്ളവരുടെ യാത്രാരേഖകളും മറ്റും ജാഗ്രതയോടെ നിരീക്ഷിക്കാൻ എമിഗ്രേഷൻ വിഭാഗത്തിന് നിർദേശം നൽകി. ശ്രീലങ്കയിലേക്ക് പോകുന്നതും അവിടെനിന്ന് വരുന്നതുമായ യാത്രക്കാരുടെ ലഗേജുകൾ കൂടുതൽ സമയമെടുത്ത് പരിശോധിക്കും. സംശയം തോന്നുന്നവരെ യാത്രചെയ്യാൻ അനുവദിക്കരുതെന്ന കർശന നിർദേശവുമുണ്ട്. തീരദേശ മേഖലയിൽ റോന്തുചുറ്റൽ കർശനമാക്കാൻ തീരദേശസേനയ്ക്കുപുറമേ തീരദേശ പോലീസ് സ്റ്റേഷനുകളിലും നിർദേശം നൽകി. ഹോട്ടലുകളെക്കാൾ ഹോംസ്റ്റേകളാണ് ഭീകരർ കൂടുതലായി പ്രയോജനപ്പെടുത്തുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയ വിവരം. പോലീസ് പരിശോധനകളും മറ്റും കാര്യമായി നടക്കാത്തതാണ് ഹോംസ്റ്റേകളിലേക്ക് ഇക്കൂട്ടരെ ആകർഷിക്കുന്നത്. എൻ.എസ്.ജി. സംഘമെത്തി : സുരക്ഷാവിഭാഗങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിനായി 150 അംഗ നാഷണൽ സെക്യൂരിറ്റി ഗാർഡ് സംഘം (എൻ.എസ്.ജി.) കൊച്ചിയിലെത്തി. ചൊവ്വാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ ഇവർ വിലയിരുത്തി. വിമാനത്താവള സുരക്ഷാചുമതലയുള്ള സി.ഐ.എസ്.എഫ്., സംസ്ഥാന പോലീസ്, ഫയർ ആൻഡ് സേഫ്റ്റി വിഭാഗം എന്നിവയുമായി ചേർന്ന് ബുധനാഴ്ച വിമാനത്താവളത്തിൽ മോക്ഡ്രിൽ നടത്തും. ബുധനാഴ്ച വൈകീട്ട് ഏഴുമുതൽ വ്യാഴാഴ്ച പുലർച്ചെ നാലുവരെയാണ് മോക്ഡ്രിൽ. ഭീകരാക്രമണമുണ്ടായാൽ യാത്രക്കാരെയും ജീവനക്കാരെയും ഏതുവിധത്തിലാണ് ഒഴിപ്പിക്കേണ്ടത്, ഭീകരരെ ഏതൊക്കെ വിധത്തിലാണ് കീഴ്പ്പെടുത്തേണ്ടത് തുടങ്ങിയവ ഇതിലുണ്ടാകും. വിമാനത്താവളത്തിനുപുറമേ കൊച്ചി റിഫൈനറി, കൊച്ചി സാമ്പത്തികമേഖല, റിസർവ് ബാങ്ക് ഓഫീസ് എന്നിവിടങ്ങളിലും മോക്ഡ്രിൽ നടത്തും. Content Highlights:Terrorists plan attack in Kerala
from mathrubhumi.latestnews.rssfeed http://bit.ly/2V6JBz7
via
IFTTT