ബെയ്ജിങ്: ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങൾ വിജയിച്ചേക്കും. ഇതുസംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ചൈന വ്യക്തമാക്കിയതായി പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഭീകര സംഘടനയാണ് ജെയ്ഷെ മുഹമ്മദ്. ജെയ്ഷെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങൾക്ക് ഐക്യരാഷ്ട്രസഭയിൽ നിരന്തരം സാങ്കേതിക തടസങ്ങൾ സൃഷ്ടിക്കുന്നത് ചൈനയാണ്. നാല് തവണയാണ് ഇതുസംബന്ധിച്ച നീക്കങ്ങൾ ചൈന അട്ടിമറിച്ചത്. പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മാത്രമാണ് ഇപ്പോൾ വെളിപ്പെടുത്താൻ കഴിയുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ബെയ്ജിങ്ങിൽ മാധ്യമങ്ങളോട് പറഞ്ഞു. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിന് ഫ്രാൻസിന്റെയും യു.കെയുടെയും നേതൃത്വത്തിൽ നടക്കുന്ന നീക്കങ്ങളെ ചൈന എതിർക്കുമോയെന്ന ചോദ്യത്തോടാണ് വക്താവ് പ്രതികരിച്ചത്. വിഷയത്തിൽ അമേരിക്കയും ബ്രിട്ടനും ഫ്രാൻസും അടക്കമുള്ള രാജ്യങ്ങൾ ഇത്തവണ ചൈനയ്ക്കുമേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. രക്ഷാ സമിതിയിൽ വീറ്റോ അധികാരം ഉപയോഗിച്ചാണ് മസൂദ് അസദിന് എതിരായ നീക്കങ്ങൾക്ക് ചൈന തടയിടുന്നത്. ഇമ്രാൻ ഖാനും ഷി ജിൻപിങ്ങും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ചൈനയുടെ നിലപാടിൽ മാറ്റമുണ്ടാകുമോയെന്ന് നിരീക്ഷകർ വിലയിരുത്തിയിരുന്നു.അതിനിടെ, വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ചൈനയിലെത്തി ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ജെയ്ഷെ ഭീകര സംഘടനയ്ക്കുള്ള പങ്ക് സംബന്ധിച്ച തെളിവുകൾ കൈമാറിയിരുന്നു. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ കഴിഞ്ഞാൻ അത് ഇന്ത്യയുടെ നയതന്ത്ര വിജയമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. Content Highlights:Masood Azhar, Global Terrorist, UN, China
from mathrubhumi.latestnews.rssfeed http://bit.ly/2We4e93
via
IFTTT