ന്യൂഡൽഹി: പെൺകുട്ടികൾ ബലാൽസംഗം ചെയ്യപ്പെടാനുള്ള കാരണം അവർ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതാണെന്ന ധാരണ ഇപ്പോഴും വച്ചുപുലർത്തുന്ന ചിലരുണ്ട്. അത്തരത്തിൽ ചിന്തിക്കുന്ന ഒരു മധ്യവയസ്കയെ ഒരു കൂട്ടം പെൺകുട്ടികൾ ചേർന്ന് പാഠം പഠിപ്പിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറാലാവുകയാണ്. ഡൽഹിയിലാണ് സംഭവം. ശിവാനി ഗുപ്ത എന്ന യുവതിയാണ് തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരിക്കുന്നതും സംഭവത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുമുള്ളത്. ശിവാനിയും സുഹൃത്തുക്കളും ഒരു ഭക്ഷണശാലയിൽ ഇരിക്കുമ്പോഴായിരുന്നു സംഭവം. ഞാൻ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് എന്നെയും എന്റെ സുഹൃത്തുക്കളെയും ഒരു മധ്യവയസ്കയായ സ്ത്രീ അപമാനിച്ചു. ഭക്ഷണശാലയിലുണ്ടായിരുന്ന ഏഴു പുരുഷന്മാരോട് ഞങ്ങളെ ബലാൽസംഗം ചെയ്യാൻ ആവശ്യപ്പെട്ടു. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചിരിക്കുന്നതിനാൽ ബലാൽസംഗം ചെയ്യപ്പെടേണ്ടവരാണ് ഞങ്ങളെന്നായിരുന്നു അവർ ചിന്തിച്ചിരുന്നത്- ശിവാനി ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. തുടർന്ന് സ്ത്രീയോട് മാപ്പു പറയാൻ പെൺകുട്ടികൾ ആവശ്യപ്പെട്ടു. എന്നാൽ മാപ്പ് പറയാൻ സ്ത്രീ തയ്യാറായില്ല. മാത്രവുമല്ല അഭിപ്രായത്തിൽ അവർ ഉറച്ചുനിൽക്കുകയും ചെയ്തു. അതോടെ പെൺകുട്ടികളിൽ ഒരാൾ സംഭവം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പിന്നീട് ചൂടേറിയ വാഗ്വാദമാണ് പെൺകുട്ടികളും സ്ത്രീയും തമ്മിൽ നടന്നത്. മാപ്പ് പറയാൻ തയ്യാറല്ലെന്നും പോലീസിനെ വിളിക്കാനുമാണ് മധ്യവയസ്ക പറയുന്നത്. അതിനിടെ മറ്റൊരു സ്ത്രീ പെൺകുട്ടികൾക്ക് പിന്തുണയുമായെത്തി. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് പെൺകുട്ടിയെ അപമാനിച്ചത് തെറ്റാണെന്നും മാപ്പ് പറഞ്ഞേ മതിയാകൂവെന്നുമായിരുന്നു അവരുടെ നിലപാട്. എന്നാൽ തന്റെ നിലപാടിൽനിന്ന് പിന്നാക്കം പോകാൻ മധ്യവയസ്ക തയ്യാറാകുന്നതേയില്ല. രണ്ടുവയസ്സുള്ള കുട്ടികൾ വരെ ബലാൽസംഗം ചെയ്യപ്പെടുന്നുണ്ടല്ലോ എന്ന കൂട്ടത്തിലെ ഒരു പെൺകുട്ടി ചോദിക്കുന്നതും വീഡിയോയിൽ കാണാം. പിന്നീട് നീണ്ട വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ മധ്യവയസ്ക പ്രതികരിക്കാൻ തയ്യാറാകുന്നു. അതിങ്ങനെ: ഹലോ സ്ത്രീകളെ മറ്റുള്ളവർ കാണാൻ വേണ്ടി ഈ പെൺകുട്ടികൾ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നു. വൗ നല്ല കാര്യം. മറ്റൊന്നു കൂടി, ഈ പെൺകുട്ടികളുടെ മാതാപിതാക്കൾ ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ ദയവായി ഈ പെൺകുട്ടികളെ നിയന്ത്രിക്കൂവെന്നും പറയുന്നു. വീഡിയോ കാണാം. content highlights:delhi woman harasses girls for wearing short dress
from mathrubhumi.latestnews.rssfeed http://bit.ly/2Vazb1t
via
IFTTT