Breaking

Wednesday, May 1, 2019

ലൈഫ് മിഷൻ: വീടിന് അർഹരായ 69713 പേർ ഭൂരേഖകൾ ഹാജരാക്കാത്തതിനാൽ പുറത്താകും

മാങ്കുളം: ലൈഫ് മിഷൻ ഭവനപദ്ധതിയിൽ ഭൂമിയുള്ള ഭവനരഹിതരുടെ ഗുണഭോക്തൃപട്ടികയിൽ ഇടം നേടിയ 69713 പേർക്ക് വീട് നിർമ്മിക്കാൻ ധനസഹായം കിട്ടില്ല. ഭൂമി സംബന്ധിച്ച രേഖകൾ ഹാജരാക്കി അതത് തദ്ദേശസ്ഥാപനങ്ങളുമായി കരാർ ഒപ്പുവയ്ക്കാത്തതാണ് പ്രശ്നമായിരിക്കുന്നത്. ലൈഫ് മിഷന്റെ രണ്ടാം ഘട്ടത്തിൽ പി.എം.എ.വൈ. റൂറൽ, നഗരം എന്നിവ ഉൾപ്പെടെ വീടിന് അർഹരെന്ന് കണ്ടെത്തിയ 2,37,107 പേരിൽ ഇതുവരെ 1,67,394 പേരാണ് തദ്ദേശസ്ഥാപനങ്ങളുമായി കരാർ ഒപ്പുവെച്ച് നിർമ്മാണം ആരംഭിച്ചത്. രേഖകൾ ഹാജരാക്കാത്തവരിൽ അധികവും പി.എം.എ.വൈ. പട്ടികയിലുള്ളവരാണ്. രണ്ടാം ഘട്ടത്തിന്റെ കാലാവധി മാർച്ചിൽ അവസാനിച്ചെങ്കിലും ആറു മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. നിർമ്മാണം തുടങ്ങിയ മുഴുവൻ വീടുകളും ഇതിനകം പൂർത്തിയാക്കണമെന്നാണ് നിർദേശം. പഞ്ചായത്തുതലത്തിൽ വിവിധ ഘട്ടങ്ങളിൽ വിശദമായ പരിശോധനകൾ നടത്തിയ ശേഷമാണ് ലൈഫ് മിഷനിൽ വീടിന് അർഹരായവരുടെ പട്ടിക തയ്യാറാക്കിയതെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഇത് പൂർണമായും ശരിയല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. സ്വന്തമായി ഭൂമിയുള്ള ഭവനരഹിതരെയാണ് രണ്ടാംഘട്ടത്തിനുള്ള ഗുണഭോക്താക്കളായി തിരഞ്ഞെടുക്കേണ്ടത്. എന്നാൽ പട്ടികയിൽ ഇടം നേടിയിട്ടും 69713 പേർക്ക് ഭൂമി സംബന്ധിച്ച രേഖകൾ തദ്ദേശസ്ഥാപനങ്ങളിൽ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ലൈഫ് മിഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 28206 പേർ പി.എ.എ.വൈ. നഗര വിഭാഗത്തിലും 25446 പേർ പി.എം.എ.വൈ. ഗ്രാമീണ വിഭാഗത്തിലും ഉൾപ്പെട്ടവരാണ്. മാനദണ്ഡം പാലിക്കാത്തവരെയും തദ്ദേശസ്ഥാപനങ്ങൾ സ്വന്തംനിലയ്ക്ക് പട്ടികയിൽ ഉൾപ്പെടുത്തിയെന്നുവേണം കരുതാൻ. ഗുണഭോക്താക്കളുടെ എണ്ണം കൂട്ടാനുള്ള തന്ത്രമായും ഇത് സംശയിക്കപ്പെടുന്നുണ്ട്. ഗുണഭോക്തൃപട്ടികയിൽ ഇടം നേടിയിട്ടും രേഖകൾ ഹാജരാക്കാത്തവരിൽ കൂടുതൽ പേരുള്ളത് തിരുവനന്തപുരത്താണ്- 17005 പേർ. എറണാകുളം- 9798, പാലക്കാട്- 8329, കൊല്ലം- 5864, മലപ്പുറം- 5163, ഇടുക്കി- 5514 എന്നിങ്ങനെയാണ് പിന്നെ കൂടുതലുള്ളത്. മാനദണ്ഡം അനുസരിച്ച് രേഖകൾ ഹാജരാക്കാത്തവരെല്ലാം അനർഹരാണെന്നാണ് ലൈഫ് മിഷന്റെ നിലപാട്. ഇവർക്ക് അനുകൂല്യം നൽകുന്ന കാര്യത്തിൽ ഒരു തീരുമാനവും എടുത്തിട്ടില്ല. ഇവരെ എന്തിന് ഗുണഭോക്താക്കളായി തിരഞ്ഞെടുത്തുവെന്നതിനു മാത്രം വിശദീകരണമില്ല. ഇവർക്ക് അടുത്ത ഘട്ടത്തിലെങ്കിലും ധനസഹായം അനുവദിക്കുമോ എന്നതിലും തീർച്ചയില്ല. Content Highlights:Life Mission; 69713 peoples may out of project benefit


from mathrubhumi.latestnews.rssfeed http://bit.ly/2GQ4Afw
via IFTTT