Breaking

Friday, March 22, 2019

പത്തനംതിട്ടയിൽ ഉടക്കി ബിജെപി; സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും

സ്ഥാനാർത്ഥിത്വത്തെ ചൊല്ലി അടിതുടരുന്ന ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥിപ്പട്ടിക ഇന്ന് പ്രഖ്യാപിക്കും. ഇന്നലെ പ്രഖ്യാപിക്കാതിരുന്ന പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയുടെ പേരും ഇന്നത്തെ പട്ടികയിലുണ്ടാകും. സാങ്കേതിക കാരണങ്ങളാലാണ് പ്രഖ്യാപനം വൈകിയതെന്നാണ് വിശദീകരണം. എന്നാൽ, കടുത്ത ഭിന്നത തുടരുന്ന പാർട്ടിയിൽ പത്തനംതിട്ട സീറ്റിനെ ചൊല്ലിയുള്ള പിടിവലികളാണ് പ്രഖ്യാപനം വൈകുന്നതിന് കാരണമെന്നാണ് വിവരം.

ബിജെപി സംസ്ഥാനത്ത് മത്സരിക്കുന്ന ആകെയുള്ള 14 സീറ്റുകളിൽ 13 ഉം ഇന്നലെ പ്രഖ്യാപിച്ചു. ഇനി പ്രഖ്യാപിക്കാനുള്ളത് പത്തനംതിട്ട മാത്രമാണ്. ചൊവ്വാഴ്ച ചേർന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് കേരളത്തിലെ പട്ടിക നിശ്ചയിച്ചത്. എന്നാൽ പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത് മാറ്റിവച്ചു. തുടർന്ന് ബുധനാഴ്ച ചേർന്ന യോഗത്തലാണ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്. ഈ യോഗത്തിൽ തീരുമാനമായ സ്ഥാനാർഥികളുടെ പട്ടിക ഇന്ന് മാത്രമേ പുറത്തിറക്കൂ എന്ന് ബിജെപി കേന്ദ്രങ്ങൾ വിശദീകരിക്കുന്നു.

പത്തനംതിട്ട മണ്ഡലത്തിന് വേണ്ടി വലിയ തമ്മിലടിയാണ് പാർട്ടിയ്ക്കകത്ത് നടന്നത്. ആദ്യമൊക്കെ പി എസ് ശ്രീധരൻ പിള്ളയുടെ പേര് പറഞ്ഞുകേട്ട പത്തനംതിട്ടയിൽ ആർഎസ്എസ് അപ്രതീക്ഷിതമായി കെ സുരേന്ദ്രന് വേണ്ടി ഇടപെട്ടതാണ് വഴിത്തിരിവായത്. ഇതോടെ, പത്തനംതിട്ടയില്ലെങ്കിൽ മത്സരിക്കാനില്ലെന്ന ഉറച്ച നിലപാടെടുത്തു ശ്രീധരൻ പിള്ള. ബിജെപി സംസ്ഥാനാധ്യക്ഷന് സീറ്റില്ലെന്നുറപ്പായതോടെ പാർട്ടിയിൽ തന്നെ ഉടലെടുത്ത ഭിന്നതകളെ പറഞ്ഞ് പരിഹരിക്കാൻ ശ്രമിക്കുകയാണ് ദേശീയ നേതൃത്വമെന്നാണ് സൂചന.

അവസാന ഘട്ടം ഒഴിവാക്കിയതിൽ ദേശീയനേതൃത്വത്തെ ശ്രീധരൻപിള്ള അതൃപ്തി അറിയിച്ചിരുന്നു. പിള്ളയുടെ പരാതി വന്ന സാഹചര്യത്തിൽ വീണ്ടും ചർച്ചയുണ്ടാകുമോ, സുരേന്ദ്രനെ മാറ്റുമോ അതോ രണ്ട് പേർക്കുമപ്പുറം മറ്റാരെങ്കിലും വരുമോ എന്നിങ്ങനെ, പല തരം അഭ്യൂഹങ്ങൾ ഈ സാഹചര്യത്തില്‍ ഉയരുന്നുമുണ്ട്. 



from Anweshanam | The Latest News From India https://ift.tt/2UOYwK4
via IFTTT