Breaking

Wednesday, September 26, 2018

കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌ത കേസിലെ അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി

മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസിലെ അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിയുടെ ജോലി ഭാരം കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം. എന്നാല്‍ കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത് അട്ടിമറിക്കാനാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

കന്യാസ്ത്രീയെ സ്വാധിനിക്കാന്‍ ശ്രമിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.  കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസിലും ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല. രണ്ട് കേസുകളും കോട്ടയം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ചിത്രം പുറത്തുവിട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രിഗേഷന്‍ പി.ആര്‍.ഒ സിസ്റ്റര്‍ അമലയ്‌ക്കെതിരേയും കേസെടുത്തിരുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഗിരീഷ് പി.സാരഥിയായിരിക്കും കേസ് അന്വേഷിക്കുക.

ബിഷപ്പിനെതിരായ പരാതി പിന്‍വലിക്കാന്‍ കന്യാസ്ത്രീകളെ ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചതിന് വൈദികന്‍ ജെയിംസ് എര്‍ത്തലിനെതിരെ എടുത്ത കേസും എംജെ കോണ്‍ഗ്രിഗേഷന്‍ (മിഷണറീസ് ഓഫ് ജീസസ്)നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പിനോടൊപ്പം പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ചിത്രം ഉള്‍പ്പെടുത്തിയ കേസുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക.

അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ അന്വേഷണ സംഘത്തിനെതിരെ മിഷനറീസ് ഓഫ് ജീസസ് പ്രതികരിച്ചിരുന്നു. ബിഷപ്പിനെതിരെ മൊഴി നൽകാൻ കന്യാസ്ത്രീകളെ അന്വേഷണസംഘം നിർബന്ധിക്കുന്നുവെന്ന് മിഷനറീസ് ഓഫ് ജീസസ് ആരോപിക്കുന്നു. കന്യാസ്ത്രീ മഠങ്ങളിൽ അസമയത്ത് പൊലീസ് തങ്ങുന്നുവെന്നും കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തി ബിഷപ്പിനെതിരെ മൊഴി എഴുതി വാങ്ങിക്കാൻ ശ്രമം നടക്കുന്നുവെന്നും മിഷനറീസ് ഓഫ് ജീസസിന്‍റെ  വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നുണ്ട്. 

ഇതിനിടെ,  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പി.സി.ജോര്‍ജ് എംഎല്‍എ ജയിലിൽ സന്ദർശിച്ചു. കേസിൽ ബിഷപ്പ് നിരപരാധിയാണെന്നു ജോർജ് ആവർത്തിച്ചു. ‘‘ഇതൊരു രഹസ്യ സന്ദർശനമല്ല. പരസ്യ സന്ദർശനമാണ്. എനിക്ക് ഒളിച്ചുവയ്ക്കാനൊന്നുമില്ല. ഒരു നിരപരാധിയെ പിടിച്ചു സബ് ജയിലിൽ ഇട്ടേക്കുവല്ലേ. ഒന്നു കണ്ടേക്കാമെന്നു കരുതി വന്നതാ. അദ്ദേഹത്തിന്റെ കൈമുത്തി വണങ്ങി. ഇനിയുംവരും, പിതാവിനെ കാണും. അദ്ദേഹം നിരപരാധിയാണെന്ന് 100 ശതമാനം ഉറപ്പുണ്ട്. അദ്ദേഹത്തിനോട് ഇൗ കടുംകൈ കാണിച്ചതിനു ദൈവശിക്ഷ ഇടിത്തീ പോലെ വന്നു വീഴും.’’– ജോർജ് പറഞ്ഞു.

ഫ്രാങ്കോ മുളയ്ക്കലിനെ ജയിലിലാക്കിയതു കേരളത്തിലെ മാധ്യമങ്ങളാണ്. കേസിനെ കുറിച്ചുള്ള വിശദമായ കാര്യങ്ങൾ തിരുവനന്തപുരത്തു വാർത്താസമ്മേളനത്തിൽ പറയുമെന്നും ജോർജ് വ്യക്തമാക്കി.



from Anweshanam | The Latest News From India https://ift.tt/2Ihfprj
via IFTTT