Breaking

Saturday, September 29, 2018

ശബരിമല പ്രവേശനത്തിന് സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കാന്‍ ദേവസ്വം ബോര്‍ഡ് 100 ഏക്കര്‍ വനഭൂമി ആവശ്യപ്പെടും

തിരുവനന്തപുരം: പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച് സുപ്രീം കോടതിയുടെ വിധി വന്ന പശ്ചാത്തലത്തില്‍ ശബരിമലയില്‍ 100 ഏക്കര്‍ സ്ഥലം വിട്ടു തരണമെന്ന് ദേവസ്വം ബോര്‍ഡ് വനം വകുപ്പിനോട് ആവശ്യപ്പെടും. സ്ത്രീകള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ഭൂമി. അടുത്ത ബുധനാഴ്ച ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനമുണ്ടാകും. സ്ത്രീകള്‍ക്ക് പ്രത്യേക ക്യൂ അനുവദിക്കുന്ന കാര്യവും പരിഗണിക്കും. വനം വകുപ്പിനോട് സ്ഥലം വിട്ടു തരണമെന്ന് സര്‍ക്കാര്‍ മുഖാന്തിരം ആവശ്യപ്പെടാനാണ് ബോര്‍ഡ് ആലോചിക്കുന്നത്.

തീര്‍ഥാടനകാലം ആരംഭിക്കാന്‍ രണ്ടു മാസം മാത്രം ബാക്കി നില്‍ക്കെ എത്രയും വേഗം തന്നെ സൗകര്യങ്ങള്‍ ഒരുക്കേണ്ട ചുമതല ദേവസ്വം ബോര്‍ഡിനുണ്ട്. ഇതിനു വേണ്ട കാര്യങ്ങള്‍ സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ വെള്ളിയാഴ്ച മാധ്യമങ്ങളെ അറിയിച്ചു.

സ്ത്രീകളെ പതിനെട്ടാം പടി കടത്തിവിടുന്നതിനെ കുറിച്ചുള്ള കാര്യങ്ങളും തീരുമാനിക്കും. അതിനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാനാണ് ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നത്. ശബരിമലയില്‍ കിഫ്ബി സഹായത്താടെ നടത്തിവരുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യങ്ങള്‍ കൂടി കണക്കിലെടുത്ത് മുന്നോട്ട് കൊണ്ടുപോകാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ബുധനാഴ്ചത്തെ യോഗത്തിനു ശേഷമേ അന്തിമതീരുമാനമാവൂ എന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 



from Anweshanam | The Latest News From India https://ift.tt/2NOPHAt
via IFTTT