Breaking

Saturday, September 29, 2018

പോലീസുമായി 'ഉരസി'യ യുവാവിനെ വെടിവെച്ചു കൊന്നു; യു.പിയില്‍ രണ്ടു പോലീസുകാര്‍ അറസ്റ്റില്‍

ലഖ്നൗ: ഉത്തർപ്രദേശിലെ ലഖ്നൗവിൽ പോലീസുകാരൻ ഐടി കമ്പനി മാനേജരെ വെടിവെച്ചു കൊന്നു. ഇയാൾ സഞ്ചരിച്ച കാർ പോലീസ് ബൈക്ക് ഇടിച്ചു തെറിപ്പിച്ചതായും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിവെച്ചതാണെന്നും പോലീസ് പറയുന്നു. ഇക്കാര്യം കാറിൽ ഒപ്പമുണ്ടായിരുന്നയാൾ നിഷേധിച്ചു. രണ്ട് പോലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച അർദ്ധരാത്രി ഒന്നരക്കായിരുന്നു സംഭവം. വിവേക് തിവാരി സഞ്ചരിച്ച മഹീന്ദ്ര എക്സ്യുവി ലൈറ്റുകൾ ഓഫ് ചെയ്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. തങ്ങൾ അടുത്തെത്തിയപ്പോൾ കാറിന്റെ ലൈറ്റ് ഓൺചെയ്തു, ബൈക്കിൽ ഇടിച്ചു. ഇതാണ് വെടിവെക്കാനുണ്ടായ കാരണമെന്നാണ് പോലീസുകാരൻ പ്രശാന്ത് കുമാർ പറയുന്നത്. സ്വയം രക്ഷക്കുവേണ്ടിയാണ് വെടിവെച്ചത്. നിർത്താൻ പറഞ്ഞിട്ടും കാർ പിന്നോട്ടെടുത്ത് വീണ്ടുമിടിച്ചുവെന്നും പോലീസ് പറഞ്ഞു. ഇയാൾക്കും ഒപ്പമുണ്ടായിരുന്ന പോലീസുകാരൻ സന്ദീപ് കുമാറിനുമെതിരെയാണ് പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തത്. പോലീസ് കള്ളം പറയുകയാണെന്നാണ് വിവേക് തിവാരിയുടെ ഒപ്പം സഞ്ചരിച്ചയാൾ പറയുന്നത്. ബൈക്ക് കാറിന് കുറുകെയിട്ട് നിർബന്ധമായി തടഞ്ഞു നിർത്താൻ ശ്രമിച്ചു. ആരാണെന്ന് മനസ്സിലാകാത്തതിനാൽ വിവേക് കാർ നിർത്തിയില്ല. ഒരു പോലീസുകാരന്റെ കൈയിൽ ലാത്തിയാണ് ഉണ്ടായിരുന്നത്. രണ്ടാമത്തേയാൾ പിസ്റ്റൾ എടുത്ത് വെടിവെക്കുകയായിരുന്നു. പോലീസിനെ അപകടപ്പെടുത്തി കടന്നു കളയാൻ ശ്രമിച്ച ക്രിമിനലുകളാണ് കാറിലുള്ളത് എന്നു കരുതിയാണ് പ്രശാന്ത് വെടിവെച്ചതെന്ന് പോലീസ് സീനിയർ സൂപ്രണ്ട് കലാനിധി നൈതാനി പറഞ്ഞു. കാറിന്റെ മുൻഗ്ലാസിലൂടെയായിരുന്നു പ്രശാന്ത് വിവേകിനെ വെടിവെച്ചത്. അദ്ദേഹത്തിന്റെ കഴുത്തിലാണ് വെടിയേറ്റത്. തുടർന്ന് വിവേക് ഓടിച്ച മഹീന്ദ്ര എക്സ്യുവി കാർ തൊട്ടടുത്ത പാലത്തിന്റെ തൂണിൽ ഇടിച്ചു നിന്നുവെന്നാണ് പോലീസ് പറയുന്നത്. പ്രാഥമിക അന്വേഷണത്തിൽ പ്രശാന്ത് ചെയ്തത് സ്വയം രക്ഷയുടെ പരിധിയിൽ വരുന്നില്ലെന്ന് ഡിജിപി ഒ.പി സിങ് വ്യക്തമാക്കി. ഗ്ലോബൽ ടെക് കമ്പനിയിൽ അസിസ്റ്റന്റ് മാനേജറാണ് വിവേക്. ഇദ്ദേഹത്തിന് ഭാര്യയും രണ്ട് പെൺകുട്ടികളുമുണ്ട്. content highlights:Tech Executive Dies After Lucknow Cop Opens Fire During Late-Night Check


from mathrubhumi.latestnews.rssfeed https://ift.tt/2zDXI2P
via IFTTT