ന്യൂഡൽഹി: ലോക്പാൽ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ എട്ടംഗ സെർച്ച് കമ്മിറ്റി രൂപവത്കരിച്ചു. സുപ്രീംകോടതി മുൻ ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ് ആണ് കമ്മിറ്റിയുടെ അധ്യക്ഷ. ലോക്പാൽ ചെയർമാൻ, അംഗങ്ങൾ എന്നിവരെ ശുപാർശ ചെയ്യാനാണ് കമ്മിറ്റിയെ നിയോഗിച്ചിട്ടുള്ളത്. എസ്ബിഐ മുൻ മേധാവി അരുന്ധതി ഭട്ടാചാര്യ, പ്രസാർ ഭാരതി ചെയർപേഴ്സൺ എ. സൂര്യപ്രകാശ്, ഐ.എസ്.ആർ.ഒ മേധാവി എ.എസ്. കിരൺകുമാർ, മുൻ അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സാഖാ റാംസിങ് യാദവ്, ഗുജറാത്ത് മുൻ പോലീസ് മേധാവി ഷബീർ ഹുസൈൻ എസ് ഖൻഡ്വാവാല, മുൻ രാജസ്ഥാൻ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ലളിത് കെ. പൻവാർ, രഞ്ജിത് കുമാർ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് പ്രമുഖ അംഗങ്ങൾ. ലോക്പാൽ നിയമത്തിൽ അനുശാസിക്കുന്ന തരത്തിലുള്ള തിരഞ്ഞെടുപ്പായിരിക്കും നടക്കുകയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു. സെർച്ച് കമ്മിറ്റി രൂപവത്കരിക്കുന്നതിനെതിരെ കോൺഗ്രസ് രംഗത്തു വന്നിരുന്നു. ഇതിനായി വിളിച്ചുചേർത്ത യോഗം കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാർജുന ഖാർഗെ ബഹിഷ്കരിച്ചിരുന്നു. ലോക്പാൽ നിയമം നിലവിൽവന്ന് നാലുവർഷത്തിന് ശേഷമാണ് ലോക്പാൽ നിയമനത്തിനായുള്ള ആദ്യ ചുവട് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. പൊതുപ്രവർത്തകർക്ക് എതിരായ അഴിമതിക്കേസുകൾ അന്വേഷിക്കുന്നതിനുള്ള സംവിധാനമാണ് ലോക്പാൽ. കേന്ദ്രത്തിൽ ലോക്പാലെന്നും സംസ്ഥാനങ്ങളിൽ ലോകായുക്തയെന്നുമാണ് ഈ സംവിധാനത്തെ വിളിക്കുന്നത്. 2013 ലാണ് ലോക്പാൽ നിയമം പാസാക്കിയത്. ലോക്പാൽ സെലക്ഷൻ കമ്മിറ്റിയിൽ തന്നെ മുഴുവൻ സമയ അംഗമാക്കാത്തതിൽ പ്രതിഷേധിച്ചാണ് മല്ലികാർജുന ഖാർഗെ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്ന യോഗം ബഹിഷ്കരിച്ചത്. സെലക്ഷൻ കമ്മിറ്റി യോഗത്തിന് എത്താൻ ആറുതവണ കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു. മാർച്ച് ഒന്ന്, ഏപ്രിൽ 10, ജൂലായ് 19, ഓഗസ്റ്റ് 21, സെപ്റ്റംബർ നാല്, സെപ്റ്റംബർ 19 എന്നീ തീയതികളിൽ നടന്ന യോഗത്തിലേക്കാണ് അദ്ദേഹത്തെ ക്ഷണിച്ചിരുന്നത്. ലോക്പാൽ നിയമനത്തിന് എട്ടംഗ സെർച്ച് കമ്മിറ്റിയുടെ ശുപാർശയാണ് സെലക്ഷൻ കമ്മിറ്റി പരിഗണിക്കുക. സെർച്ച് കമ്മിറ്റി നിയമപ്രകാരം നിർബന്ധമാണ്. ലോക്പാൽ നിയമത്തിൽ ഭേദഗതി വരുത്തി ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവിനെ സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്താനുള്ള വഴിയുണ്ടാക്കണമെന്നാണ് ഖാർഗെ ആവശ്യപ്പെട്ടിരുന്നത്. ലോക്പാൽ നിയമത്തിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവിനെയാണ് ഉൾപ്പെടുത്താൻ വ്യവസ്ഥയുള്ളത്. അതേസമയം കോൺഗ്രസിന് ലോക്സഭയിൽ 10 ശതമാനം സീറ്റ് ലഭിക്കാത്തതിനാൽ പ്രതിപക്ഷ നേതൃസ്ഥാനം അനുവദിച്ചിട്ടില്ല. ലോക്പാൽ സെലക്ഷൻ കമ്മിറ്റിയുടെ അധ്യക്ഷൻ പ്രധാനമന്ത്രിയാണ്. ലോക്സഭാ സ്പീക്കർ, ലോക്സഭാ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ ചീഫ് ജസ്റ്റിസ് നാമനിർദ്ദേശം ചെയ്യുന്ന സുപ്രീംകോടതി ജഡ്ജി, രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന വ്യക്തി എന്നിവരാണ് സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ.
from mathrubhumi.latestnews.rssfeed https://ift.tt/2xFaNY8
via
IFTTT