Breaking

Tuesday, November 16, 2021

സൗജന്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് ജീവജ്യോതി പദ്ധതിയുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്

കോഴിക്കോട്: സാമ്പത്തിക പരാധീനതമൂലം ശസ്ത്രക്രിയ നടത്താനാവാതെ ഡയാലിസിസിലൂടെ ജീവിതം മുന്നോട്ടുനീക്കുന്ന വൃക്കരോഗികൾക്ക് സൗജന്യ വൃക്കമാറ്റ ശസ്ത്രക്രിയാ പദ്ധതിയുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. 2012 മുതൽ ജില്ലാ പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്നേഹസ്പർശം കിഡ്നി പേഷ്യന്റ്സ് വെൽഫയർ സൊസൈറ്റിയാണ് ജില്ലയിലെ നാല് പ്രമുഖ സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ ജീവജ്യോതി എന്നപേരിൽ സൗജന്യമായി വൃക്കമാറ്റ ശസ്ത്രക്രിയ നടത്തുന്ന പദ്ധതിക്ക് രൂപംനൽകിയത്. പദ്ധതി നവംബർ അവസാനവാരം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം ഇത്തരമൊരു ബൃഹത്തായ ജീവകാരുണ്യ പദ്ധതി ഏറ്റെടുത്തു നടപ്പാക്കുന്നത്. വൃക്കദാതവിന്റെയും സ്വീകർത്താവിന്റെയും ശസ്ത്രക്രിയച്ചെലവാണ് ഏറ്റെടുക്കുന്നത്. വൃക്ക ദാതാവിന്റേത് തുറന്ന ശസ്ത്രക്രിയയാണെങ്കിൽ രണ്ടുലക്ഷത്തിയെഴുപത്തയ്യായിരം രൂപയും താക്കോൽദ്വാര ശസ്ത്രക്രിയയാണെങ്കിൽ മൂന്നുലക്ഷത്തിയയ്യായിരം രൂപയുമാണ് ചെലവുവരിക. ശസ്ത്രക്രിയയ്ക്കുശേഷം കഴിക്കേണ്ട ജീവൻരക്ഷാമരുന്നുകൾ സ്നേഹസ്പർശത്തിലൂടെ സൗജന്യമായി എല്ലാമാസവും നൽകും. നാലായിരത്തിലധികം പേരാണ് ജില്ലയിൽ ഡയാലിസിസിലൂടെ ജീവിതം തള്ളിനീക്കുന്നത്. ഓരോവർഷവും അറുനൂറോളം പുതിയ രോഗികൾക്ക് ഡയാലിസിസ് വേണ്ടിവരുന്നുമുണ്ട്. പദ്ധതിയിൽ ഉൾപ്പെടുന്നവ ശസ്ത്രക്രിയാദിനം മുതൽ ദാതാവിന് അഞ്ചുദിവസത്തെയും സ്വീകർത്താവിന് 10 ദിവസത്തെയും മുറിവാടക, ഡോക്ടർ, നഴ്സ് ചാർജ്, സാധാരണയായി ഈ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ, മറ്റ് സർജിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള ചെലവുകൾ. ഉൾപ്പെടാത്തവ ആശുപത്രിപ്രവേശനത്തിനുമുമ്പുള്ള ക്രോസ് മാച്ചിങ് ഉൾപ്പെടെയുള്ള ലാബ് പരിശോധനച്ചെലവുകൾ, ഡിസ്ച്ചാർജിനുശേഷമുള്ള ചെലവുകൾ, ശസ്ത്രക്രിയാവേളയിൽ അപ്രതീക്ഷിതമായി ഉപയോഗിക്കേണ്ടിവരുന്ന മരുന്നുകളുടെയോ ടെസ്റ്റുകളുടെയോ ചെലവുകൾ, അപ്രതീക്ഷിതമായി ദാദാവിനോ സ്വീകർത്താവിനോ ഉണ്ടാകുന്ന അധികച്ചെലവുകൾ. നവജീവൻ ക്ലിനിക്കുകളിലൂടെ പാവപ്പെട്ട മാനസികരോഗികൾക്ക് സൗജന്യചികിത്സയും മരുന്നും നൽകുന്നുണ്ട്. അഗതികളായ എച്ച്.ഐ.വി. ബാധിതരായ പുരുഷന്മാർക്ക് കെയർ സെന്ററും സ്നേഹസ്പർശത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ, സ്ഥിരംസമിതി അധ്യക്ഷരായ പി. സുരേന്ദ്രൻ, എൻ.എം. വിമല, സെക്രട്ടറി ടി. അഹമ്മദ് കബീർ, ടി.എം. അബൂബക്കർ, ബറാമി വി ജഹഫർ, സുബൈർ മണലൊടി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. ആർക്കെല്ലാം അപേക്ഷിക്കാം പദ്ധതിയുമായി സഹകരിക്കുന്ന ആസ്റ്റർ മിംസ്, ഇഖ്റ ഹോസ്പിറ്റൽ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, മെട്രോമെഡ് ഇന്റർ നാഷണൽ കാർഡിയാക് സെന്റർ എന്നീ ആശുപത്രികളിൽ വൃക്കമാറ്റശസ്ത്രക്രിയ നടത്തുന്ന കോഴിക്കോട് ജില്ലക്കാർക്കാണ് അപേക്ഷിക്കാനാവുക. വൃക്കമാറ്റിവെക്കാൻ ഡോക്ടർ സാക്ഷ്യപ്പെടുത്തണം. വൃക്കദാതാവ് അപേക്ഷകന്റെ മാതാപിതാക്കളോ സഹാദരങ്ങളോ മക്കളോ ഭാര്യയോ ഭർത്താവോ ആയിരിക്കണം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, റീ ഇമ്പേഴ്സ്മെന്റ് സൗകര്യം എന്നിവ ലഭിക്കുന്നവരും ഉയർന്ന സാമ്പത്തിക ശേഷിയുള്ളവരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫോറം ഓഫീസിൽ ലഭിക്കും. റേഷൻ കാർഡിന്റെയും ആധാറിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഹാജരാക്കണം. ജില്ലാ പഞ്ചായത്ത് സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശയിൽ എക്സിക്യുട്ടീവ് കമ്മിറ്റി പാസാക്കുന്ന അപേക്ഷ സഹായത്തിനായി പരിഗണിക്കും. കൂടുതൽ വിവരം ജില്ലാ പഞ്ചായത്ത് ഓഫീസിലും വെബ് സൈറ്റിലും സ്നേഹസ്പർശം വെബ്സൈറ്റിലും പദ്ധതിയുമായി സഹകരിക്കുന്ന ആശുപത്രികളിലും ലഭിക്കും. Content Highlights: Jeeva Jyothi project for free kidney transplantation by kozhikode district panchayath


from mathrubhumi.latestnews.rssfeed https://ift.tt/3HqQ1ha
via IFTTT