Breaking

Friday, November 19, 2021

പുഴയില്ലാത്തിടത്തും പ്രളയം; കേരളം സുരക്ഷിതമേഖലയല്ലാതാകുന്നു

കോട്ടയം: പുഴയില്ലാത്തിടത്തും പ്രളയം വന്നതോടെ കേരളം സുരക്ഷിതമേഖല (സേഫ് സോൺ) അല്ലാതാകുന്നു. തുടർച്ചയായ ന്യൂനമർദങ്ങളും അതുണ്ടാക്കുന്ന തീവ്രമഴയും കാലാവസ്ഥാവ്യതിയാനത്തോടെ പതിവായതാണ് ഒരുകാരണം. ഏതുമഴക്കാലത്തെ വെള്ളവും സ്വീകരിച്ചുനിർത്താനുള്ള തണ്ണീർത്തടങ്ങളുടെ വിസ്തൃതിയിൽവന്ന കുറവ് അപകടം രൂക്ഷമാക്കി. സമീപദിനങ്ങളിൽ അടൂർ, പള്ളിക്കത്തോട്, പൂവൻമല, കലഞ്ഞൂർ, പുനലൂർ തുടങ്ങിയ താരതമ്യേന ഉയർന്ന പ്രദേശങ്ങളിൽവരെ വെള്ളപ്പൊക്കമുണ്ടായി. പുഴയുടെ സാമീപ്യമില്ലാത്ത സ്ഥലങ്ങളിലും വെള്ളമൊഴിഞ്ഞുപോകാൻ സഹായിക്കുന്നത് തോടുകളും പാടങ്ങളുമാണെന്ന് കേന്ദ്ര ജലവിഭവപഠനകേന്ദ്രത്തിലെ മുൻ ശാസ്ത്രജ്ഞൻ ഡോ. വി.പി. ദിനേശ് പറയുന്നു. ഇവ പുഴകളുമായും അവസാനം കടലുമായും ബന്ധപ്പെടുന്ന ചങ്ങലയുടെ ഇങ്ങേയറ്റമാണ്. താത്‌കാലികമായി വെള്ളം പിടിച്ചുനിർത്താനുള്ള ഇടം കുറയുന്നത് അപകടം കൂട്ടുന്നു. ഇതോടെ ലഭ്യമായ ഇടങ്ങളിൽ കെട്ടിനിൽക്കും. ഇത് ജനവാസകേന്ദ്രമാകാം. കേരളത്തിൽ എട്ടുലക്ഷം ഹെക്ടർ വയലുണ്ടായിരുന്നത് രണ്ടുലക്ഷമായത് ജലത്തിന്റെ സ്വാഭാവിക ഇടം കുറച്ചു.സംസ്ഥാനസർക്കാർ നദീപുനരുജ്ജീവനപദ്ധതി തുടങ്ങിയത് കാലാവസ്ഥാവ്യതിയാന മുന്നറിയിപ്പുകളെത്തുടർന്നാണ്. 17,182 കിലോമീറ്ററിൽ കേരളത്തിലെ തോടുകൾ 2016-’18 കാലത്ത് പുനരുജ്ജീവിപ്പിച്ചിരുന്നു. വരട്ടാർ, വരാൽച്ചാൽ, മീനന്തറയാർ തുടങ്ങിയ മികച്ച ആദ്യപദ്ധതികൾ ശ്രദ്ധ നേടി. പക്ഷേ, പിന്നീട് ഇത് നിലച്ചുപോയിരിക്കുന്നു. തരിശുപാടങ്ങളുടെ വീണ്ടെടുപ്പും ഇപ്പോൾ മന്ദഗതിയിലാണ്‌. പുഴയില്ലാത്ത ഇടങ്ങളിൽ കൈയേറ്റത്തിന് വിധേയമായ തോടുകൾ ദിശമാറി കരയിലേക്ക് ഒഴുകിയതാണ് അപകടം വിതച്ചത്.ജാഗ്രത വേണംകേരളത്തിന്റെ ഒരു പ്രത്യേകപ്രദേശം സേഫ് ആണെന്നുപറയാൻ പറ്റാതെ വരുന്നു. ഭൂമിയുടെ വിനിയോഗത്തിലുണ്ടായ വലിയ മാറ്റങ്ങൾ കാലാവസ്ഥാവ്യതിയാനംമൂലമുള്ള അതിവർഷത്തിൽ അപകടം കൂട്ടുന്നു. ജാഗ്രത ഏറെവേണ്ട കാലമാണിത്.-ഡോ. വി.പി. ദിനേശ്


from mathrubhumi.latestnews.rssfeed https://ift.tt/3oGnzzk
via IFTTT