Breaking

Saturday, November 20, 2021

ചായകുടിച്ചിട്ടുവരട്ടെ എന്നുപറഞ്ഞിറങ്ങി; ഡ്യൂട്ടി തീരാനിരിക്കെ ജോണ്‍സണ്‍ പോയത് മരണത്തിലേക്ക്

കൊട്ടാരക്കര: വെള്ളിയാഴ്ച രാവിലെ എട്ടുവരെയായിരുന്നു കൊട്ടാരക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. സി.സി.ജോൺസണ് ഡ്യൂട്ടി. ജോലികഴിയാൻ അരമണിക്കൂർ മാത്രം ശേഷിക്കെയാണ് മരണം ടിപ്പർലോറിയുടെ രൂപത്തിൽ ജോൺസണെ തേടിയെത്തിയത്. റെയിൽവെ പോലീസിൽ ഡെപ്യൂട്ടേഷനിലായിരുന്ന ജോൺസൺ രണ്ടാഴ്ചമുൻപാണ് കൊട്ടാരക്കര സ്റ്റേഷനിൽ തിരിച്ചെത്തിയത്. കഴിഞ്ഞദിവസം പോലീസുകാരൻ ഉൾപ്പെടെ പത്തുപേർക്ക് നഗരത്തിൽ തെരുവുനായയുടെ കടിയേറ്റിരുന്നു. ചികിത്സതേടി താലൂക്ക് ആശുപത്രിയിലെത്തിയവരുടെ വിവരങ്ങൾ ശേഖരിക്കാൻ ജോൺസൺ സജീവമായി ഉണ്ടായിരുന്നു. താലൂക്ക് ആശുപത്രി എയ്ഡ്പോസ്റ്റിൽ ഡ്യൂട്ടിയിലായിരുന്നു ജോൺസൺ. ചായകുടിച്ചിട്ടുവരട്ടെ എന്നുപറഞ്ഞാണ് ആശുപത്രിയിൽനിന്നു പുറത്തേക്കിറങ്ങിയതെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു. നിമിഷങ്ങൾക്കുള്ളിൽ ടിപ്പർലോറിക്കടിയിൽപ്പെട്ട് മരിക്കുകയായിരുന്നു. അപകടമറിഞ്ഞ് റൂറൽ എസ്.പി. കെ.ബി.രവി ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരും കൊടിക്കുന്നിൽ സുരേഷ് എം.പി., നഗരസഭാധ്യക്ഷൻ എ.ഷാജു തുടങ്ങിയവരും സ്ഥലത്തെത്തി. റോഡ് കുറുകെ കടക്കവെ ടിപ്പറിനടിയിൽപ്പെട്ട് എസ്.ഐ. മരിച്ചു താലൂക്ക് ആശുപത്രി ജങ്ഷനിൽ റോഡ് കുറുകെ കടക്കുമ്പോൾ പോലീസ് ഉദ്യോഗസ്ഥൻ ടിപ്പർ ലോറിക്കടിയിൽപ്പെട്ട് മരിച്ചു. കൊട്ടാരക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. പൂയപ്പള്ളി സ്വദേശി ഇളമ്പൽ കടശ്ശേരി മലമുകളിൽ കിരൺനിവാസിൽ സി.സി.ജോൺസൺ (54) ആണ് ദാരുണമായി മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ആയിരുന്നു അപകടം. താലൂക്ക് ആശുപത്രി എയ്ഡ്പോസ്റ്റിൽ ഡ്യൂട്ടിയിലായിരുന്ന ജോൺസൺ, ആശുപത്രിക്ക് എതിർവശത്തുള്ള കടയിലേക്കു പോകാനായി റോഡ് കുറുകെ കടക്കുമ്പോഴാണ് അപകടം. തിരക്കേറിയ റോഡിലൂടെവന്ന ടിപ്പർലോറിയുടെ ചക്രങ്ങൾക്കിടയിൽപ്പെടുകയായിരുന്നു. പാറപ്പൊടിയുമായി കൊല്ലം ഭാഗത്തേക്കുപോയ ലോറിയുടെ പിൻചക്രം കയറിയിറങ്ങി ജോൺസൺ തത്ക്ഷണം മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഭാര്യ: ബെസി ജോൺസൺ (പുനലൂർ ഗവ. ഹൈസ്കൂൾ അധ്യാപിക). മക്കൾ: കിരൺ ജോൺസൺ, കെവിൻ ജോൺസൺ. സംസ്കാരം ശനിയാഴ്ച 12-ന് ഇളമ്പൽ മരങ്ങാട് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. Content Highlights:Policeman killed in vehicle accident at Kollam


from mathrubhumi.latestnews.rssfeed https://ift.tt/3x7WrgA
via IFTTT