Breaking

Saturday, November 13, 2021

ജോസ് കെ.മാണിക്കായി ചാഴികാടനെ ഏറ്റുമാനൂരിൽനിന്ന് മാറ്റാൻ ശ്രമിച്ചു; ഓർമക്കുറിപ്പിൽ പി.സി.തോമസ്

കോട്ടയം: ജോസ് കെ.മാണിയെ ഏറ്റുമാനൂർ നിയമസഭാമണ്ഡലത്തിൽ മത്സരിപ്പിക്കാൻ പറ്റാതെ പോയതാണ് താനും കെ.എം.മാണിയുമായുള്ള അകൽച്ച വർധിപ്പിച്ചതെന്ന് പി.സി.തോമസ്. പി.സി.തോമസ് രചിച്ച ഓർമക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.‘കെ.എം.മാണിക്ക് മകനെ അവിടെ മത്സരിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അവിടെ ജയിച്ചുവന്ന തോമസ് ചാഴികാടനെ കടുത്തുരുത്തിക്ക് മാറ്റാനാണ് മാണി തീരുമാനിച്ചത്. ഇതറിയാതെ താൻ ചാഴികാടനെ ഏറ്റുമാനൂരിൽ നിലനിർത്താൻ ശ്രമിച്ചു. ഇത് മാണിക്ക് ഇഷ്ടമായില്ലെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്.അന്ന് പാർട്ടി ചെയർമാനായിരുന്ന സി.എഫ്.തോമസാണ് തോമസ് ചാഴികാടനെ വിളിച്ച് ഏറ്റുമാനൂരിൽനിന്ന് കടുത്തുരുത്തിക്ക് മാറണമെന്ന് ആവശ്യപ്പെട്ടത്. ചാഴികാടന് ഇത് വിഷമമായി. മാറുന്നതിലെ വിഷമം അദ്ദേഹം തന്നെ അറിയിക്കുകയും ചെയ്തു.ചാഴികാടനെ മാറ്റരുതെന്ന് താൻ സി.എഫിനോട് പറഞ്ഞു. മാറ്റിയാൽ ഏറ്റുമാനൂരും കടുത്തുരുത്തിയും നഷ്ടമാകാം. തന്റെ ഇടപെടലിൽ ചാഴികാടൻ ഏറ്റുമാനൂരിൽ തന്നെ മത്സരിച്ചു. 20,000-ൽ ഏറെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു.ചാഴികാടനോട് മാണി മാറാൻ പറഞ്ഞത് ജോസിനുവേണ്ടിയായിരുന്നെന്ന് പിന്നീടാണ് തനിക്ക് മനസ്സിലായത്. ഇൗ സംഭവം താനും മാണിയുമായി അകൽച്ചയുണ്ടാക്കി.ഗ്രാഫൈറ്റ് ആരോപണത്തിൽ കെ.എം.മാണിക്കുവേണ്ടി താൻ കാര്യമായി സംസാരിച്ചില്ലെന്ന പഴിയും കേട്ടു. പിന്നീട് തന്നെ പാർട്ടിയിൽനിന്ന് പുറത്താക്കി.ജോസ് കെ.മാണി രാഷ്ട്രീയത്തിൽ വരുന്നതിൽ തനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഇക്കാര്യം മാണിയോടും പറഞ്ഞിരുന്നു. പക്ഷേ, ഇൻഷുറൻസ് കമ്പനിയിൽ വലിയ ഉദ്യോഗം വഹിച്ചിരുന്ന ജോസ് രാഷ്ട്രീയത്തിലേക്ക് വരില്ലെന്നാണ് തന്നോട് മാണി പറഞ്ഞത്. തന്റെ അമ്മയുടെ ബന്ധുകൂടിയാണ് ജോസ്’.കെ.എം.മാണിക്ക് കേന്ദ്രമന്ത്രിസ്ഥാനം കിട്ടാൻവേണ്ടി പി.സി.തോമസ് നടത്തിയ ശ്രമങ്ങളും പുസ്തകത്തിലുണ്ട്.‘ചന്ദ്രശേഖർമന്ത്രിസഭയിൽ ഉൾപ്പെടുമെന്ന് ഉറപ്പ് കിട്ടിയിരുന്നു. പക്ഷേ, ചന്ദ്രശേഖറും രാജീവുമായി അവസാനം ഉണ്ടായ ഉലച്ചിലാണ് കെ.എം.മാണിക്ക് സ്ഥാനം നിഷേധിക്കുന്നതിനിടയാക്കിയത്. താനാണ് രാജീവുമായി ഇക്കാര്യത്തിൽ പാതിരാത്രിപോലും സംസാരിച്ചത്.കരുണാകരനും വേണ്ടവിധം ഇടപെട്ടെങ്കിലും മാധ്യമങ്ങളിൽ വന്നത് അദ്ദേഹം വേണ്ടവിധം ഇടപെട്ടില്ലെന്നാണ്. ഇതോടെ കരുണാകരനും മാണിയുമായി മാനസികമായി അകന്നു. പിന്നീട് കരുണാകരൻ ടി.എം.ജേക്കബ്ബുമായി അടുത്തു. കെ.എം.മാണി ആഗ്രഹിച്ചില്ലെങ്കിലും ജേക്കബ് മന്ത്രിയായത് അങ്ങനെയാണ്’-തോമസിന്റെ ഓർമക്കുറിപ്പിൽ പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3naaezy
via IFTTT