നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷമാണ് ഒളിമ്പിക് ഹോക്കിയിൽ ഒരു മെഡൽ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചത്. ടോക്യോയിൽ ഇന്ത്യയുടെആ മെഡൽ സ്വപ്നം പൂവണിഞ്ഞപ്പോൾ അതിൽ നിർണായക സാന്നിധ്യമായത് മലയാളി ഗോൾകീപ്പർ പി.ആർ ശ്രീജേഷിന്റെ മികവായിരുന്നു. 41 വർഷത്തെ മെഡൽ വരൾച്ചയ്ക്കാണ് ടോക്യോയിലെ വെങ്കല നേട്ടത്തിലൂടെ ഇന്ത്യ അന്ത്യം കുറിച്ചത്. ആ പ്രകടനത്തിന് ഇപ്പോഴിതാ മേജർ ധ്യാൻചന്ദ് പുരസ്കാരത്തിലൂടെ രാജ്യം ശ്രീജേഷിന്റെ കഴിവിന് അർഹിച്ച അംഗീകാരം സമ്മാനിച്ചിരിക്കുകയാണ്. ഖേൽരത്ന പുരസ്കാരം മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. കെ.എം. ബീനാമോളും അഞ്ജു ബോബി ജോർജുമാണ് മുമ്പ് ഖേൽരത്ന പുരസ്കാരം നേടിയ മലയാളി താരങ്ങൾ. വെങ്കല മെഡൽ പോരാട്ടത്തിൽ ജർമനിയെ 5-4ന് തകർത്തപ്പോൾ ഗോൾപോസ്റ്റിനു മുന്നിൽ ഇന്ത്യയുടെ രക്ഷകനായത് ഈ കിഴക്കമ്പലത്തുകാരനായിരുന്നു. മത്സരത്തിൽ അവസാന സെക്കൻഡിലെ നിർണായക സേവടക്കം ഒമ്പത് രക്ഷപ്പെടുത്തലുകളാണ് ശ്രീ നടത്തിയത്. 1972-ലെ മ്യൂണിക് ഒളിമ്പിക്സിൽ ഹോക്കിയിൽ വെങ്കല മെഡൽ നേടിയ മാനുവൽ ഫ്രെഡറിക്കിന് ശേഷം ഇന്ത്യൻ ഹോക്കിയിൽ കേരളത്തിന്റെ മേൽവിലാസമായിരിക്കുകയാണ് ശ്രീ. 49 വർഷത്തിനു ശേഷം ഒളിമ്പിക് മെഡലണിയുന്ന മലയാളി എന്ന നേട്ടത്തിനു പിന്നാലെ ഇപ്പോഴിതാ ശ്രീജേഷിന് ഖേൽരത്നയുടെ തിളക്കവും. 2006 മുതൽ ഇന്ത്യൻ ടീമിൽ കളിക്കാൻ തുടങ്ങിയ ശ്രീജേഷിന്റെ കഠിനാധ്വാനത്തിന്റെയും നിരന്തരമായ പ്രയത്നത്തിന്റെയും ഫലമാണ് ഈ നേട്ടം. ബ്രിട്ടനെതിരായ ക്വാർട്ടറിലും ശ്രീയുടെ ഗോൾകീപ്പിങ് മികവാണ് ഇന്ത്യയെ ഒളിമ്പിക് സെമിയിലെത്തിച്ചത്. എട്ടോളം രക്ഷപ്പെടുത്തലുകളാണ് താരം ഈ മത്സരത്തിൽ നടത്തിയത്. രാജ്യത്തിനായി വിവിധ ടൂർണമെന്റുകളിൽ ഗോൾകീപ്പർ എന്ന നിലയിലും ക്യാപ്റ്റൻ എന്ന നിലയിലും മലയാളി താരം പുറത്തെടുത്ത പ്രകടനങ്ങളെ പുകഴ്ത്താതെ വയ്യ. ചരിത്രത്തിലാദ്യമായി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിലെത്തിയത് ശ്രീജേഷിന്റെ ക്യാപ്റ്റൻസിയിലായിരുന്നു. 2016-ലെ റിയോ ഒളിമ്പിക്സിൽ ഇന്ത്യയെ നയിച്ച ശ്രീ 2014, 2018 ലോകകപ്പുകളിലും 2012 ഒളിമ്പിക്സിലും ടീമിന്റെ ഭാഗമായി. കൊളംബോയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിലാണ് ശ്രീജേഷ് ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. രണ്ട് വർഷത്തിന് ശേഷം ജൂനിയർ ഏഷ്യാ കപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി ശ്രീജേഷ് വരവറിയിച്ചു. അടുത്ത ആറു വർഷത്തിനിടയിൽ ഗോൾകീപ്പറെന്ന പദവി ശ്രീജേഷിൽ വന്നുംപോയും കൊണ്ടേയിരുന്നു. സീനിയർ ഗോൾകീപ്പറായ അഡ്രിയൻ ഡിസൂസയ്ക്കും ഭാരത് ഛേത്രിക്കും വേണ്ടി പലപ്പോഴും ശ്രീജേഷിന് വഴിമാറികൊടുക്കേണ്ടി വന്നു. 2011-ൽ ചൈനയിലെ ഒർഡൊസ് സിറ്റിയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പ് ട്രോഫിയിൽ പാകിസ്താനെതിരെ രണ്ട് പെനാൽറ്റി സ്ട്രോക്കുകൾ തടഞ്ഞതോടെയാണ് ശ്രീജേഷിന്റെ തലവര തെളിഞ്ഞത്. അതിനുശേഷം ഇന്ത്യയുടെ ഗോൾകീപ്പറുടെ ജേഴ്സിയിൽ ശ്രീജേഷ് സ്ഥാനമുറപ്പിച്ചു. 2013 ഏഷ്യ കപ്പിൽ ഇന്ത്യ രണ്ടാമതെത്തിയപ്പോൾ മികച്ച രണ്ടാമത്തെ ഗോൾകീപ്പറെന്ന അവാർഡും ശ്രീജേഷിന്റെ അക്കൗണ്ടിലെത്തി. 2014 കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ ടീമിലും അംഗമായിരുന്നു ശ്രീജേഷ്. പിന്നീട് 2012 ലണ്ടൻ ഒളിമ്പിക്സിലും 2014-ലെ ലോകകപ്പിലും ഏറെ പിന്നോട്ടു പോയ ഇന്ത്യൻ ഹോക്കി ഏറെ പഴികൾ കേൾക്കേണ്ടി വന്നു. അവിടെ നിന്ന് ഇന്ത്യൻ ടീമിന്റെ രക്ഷക്കെത്തിയത് ശ്രീജേഷായിരുന്നു. ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ പാകിസ്താനെതിരായ ഫൈനൽ ഇന്ത്യക്ക് എല്ലാ അർഥത്തിലും വിജയിച്ചേ മതിയാകുമായിരുന്നുള്ള. പെനാൽറ്റിയിലേക്ക് നീങ്ങിയ മത്സരത്തിനൊടുവിൽ പാകിസ്താന്റെ രണ്ട് പെനാൽറ്റി സ്ട്രോക്സ് തടഞ്ഞ് ശ്രീജേഷ് ഇന്ത്യയുടെ ഹീറോ ആയി. Content Highlights: p r sreejesh the man behind india s triumph in tokyo awarded major dhyan chand khel ratna
from mathrubhumi.latestnews.rssfeed https://ift.tt/3k1rDsu
via
IFTTT