Breaking

Monday, November 15, 2021

യാത്രക്കാർ തിങ്ങിനിറഞ്ഞിട്ടും ബസ് ടിക്കറ്റിന് കോവിഡ് പ്രത്യേക നിരക്ക്

കൊല്ലം: കോവിഡ് ചട്ടങ്ങളിൽ ഇളവുവന്നതിനെത്തുടർന്ന് ബസുകളിൽ യാത്രക്കാർ തിങ്ങിനിറഞ്ഞിട്ടും ടിക്കറ്റിന് കോവിഡ് പ്രത്യേക നിരക്ക് തുടരുന്നു. അടച്ചിടലിനുശേഷം സർവീസ് തുടങ്ങിയപ്പോൾ യാത്രക്കാരുടെ എണ്ണം നിജപ്പെടുത്തിയിരുന്നതിനാൽ ബസ് ചാർജിൽ 20 മുതൽ 30 ശതമാനംവരെ വർധനയാണ് വരുത്തിയിരുന്നത്.രണ്ടുപേർക്ക് ഇരിക്കാവുന്ന സീറ്റിൽ ഒരാളെയും, മൂന്നുപേർക്ക് ഇരിക്കാവുന്ന സീറ്റിൽ രണ്ടുപേരെയും മാത്രമേ ഇരുത്താവൂ എന്നായിരുന്നു ചട്ടം. യാത്രക്കാരെ നിർത്തിക്കൊണ്ടുപോകാൻ അനുവദിച്ചിരുന്നുമില്ല. അതിന്റെ നഷ്ടം നികത്താൻ ജൂലായ് മൂന്നുമുതലാണ് ടിക്കറ്റ് നിരക്ക് ഉയർത്തിയത്. സർവീസ് പഴയപടിയായിട്ടും ഇത് കുറച്ചിട്ടില്ല. എന്നാൽ ഒരുവിഭാഗം സ്വകാര്യബസുകൾ നിരക്ക് കുറച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് കൊല്ലംവരെ കോവിഡിനുമുൻപ് 68 രൂപയായിരുന്നു കെ.എസ്.ആർ.ടി.സി.ഫാസ്റ്റ് പാസഞ്ചറിലെ നിരക്ക്. ഇപ്പോഴത് 84 രൂപയാണ്. സൂപ്പർ ഫാസ്റ്റിൽ 69 രൂപയിൽനിന്ന് 87 രൂപയായി നിരക്കുയർന്നു. ചില റൂട്ടുകളിൽ ഓർഡിനറി ടിക്കറ്റ് നിരക്കും 20 ശതമാനത്തിലേറെ കൂടുതലാണ് ഈടാക്കുന്നത്.യാത്രക്കാർ കൂടിയതോടെ കെ.എസ്.ആർ.ടി.സി.യുടെ വരുമാനം ഉയർന്നിട്ടുണ്ട്. ഓഗസ്റ്റ് ആദ്യയാഴ്ച ഒരുബസിൽനിന്നുള്ള കെ.എസ്.ആർ.ടി.സി.യുടെ വരുമാനം 8,727 രൂപയായിരുന്നു. സെപ്റ്റംബറിൽ ഇത് 9,306 രൂപയായും ഒക്ടോബറിൽ 11,459 രൂപയായും ഉയർന്നു. നവംബറിൽ 11,500 രൂപവരെയെത്തി. ഇപ്പോൾ രാവിലെയും വൈകീട്ടും മിക്ക ബസുകളിലും യാത്രക്കാരെ നിർത്തിക്കൊണ്ടുപോകുന്ന സാഹചര്യമാണ്. വരുമാനമുയർന്നിട്ടും അധികനിരക്ക് കുറയ്ക്കാത്തത് പതിവുയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. കടകളിലുംമറ്റും ജോലിചെയ്യുന്നവർക്ക് ശമ്പളം കുറയുകയും ചെയ്തു. കെ.എസ്.ആർ.ടി.സി.ഓർഡിനറി ചെയിൻ സർവീസ് നടത്തിയിരുന്ന റൂട്ടുകളിൽ ഫാസ്റ്റ് പാസഞ്ചർ ഓടിക്കുന്നതും യാത്രക്കാർക്ക് അധികബാധ്യതയാണ്. ഇതുകാരണം ഓർഡിനറി ബസുകളിൽ പത്തുരൂപയ്ക്ക് യാത്ര ചെയ്തിരുന്ന ദൂരത്തേക്ക് 20 രൂപ നൽകണം.


from mathrubhumi.latestnews.rssfeed https://ift.tt/3wJgvpf
via IFTTT