Breaking

Sunday, November 14, 2021

ബിറ്റ്‌കോയിൻ കുംഭകോണം സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: കോടിക്കണക്കിനുരൂപയുടെ ബിറ്റ് കോയിൻ കുംഭകോണം കർണാടകസർക്കാർ ഒളിച്ചുവെക്കുകയാണെന്നും സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ വിഷയം പ്രത്യേകസംഘം അന്വേഷിക്കണമെന്നും കോൺഗ്രസ്. സംഭവം നടക്കുമ്പോൾ കർണാടക ആഭ്യന്തരമന്ത്രിയായിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അഴിമതിയിലെ പങ്ക് എന്താണെന്ന് കോൺഗ്രസ് മുഖ്യവക്താവ് രൺദീപ് സിങ് സുർജേവാല പത്രസമ്മേളനത്തിൽ ചോദിച്ചു. ‘‘സുതാര്യമായ അന്വേഷണം നടത്തുന്നതിനുപകരം ‘ഓപ്പറേഷൻ ബിറ്റ്‌കോയിൻ അഴിമതി മൂടിവെക്കൽ’ ആണ് സർക്കാർ നടത്തുന്നത്. ഇത് കേവലം കള്ളപ്പണം വെളുപ്പിക്കൽ മാത്രമല്ല. അന്താരാഷ്ട്ര കുറ്റകൃത്യമാണ്’’ -സുർജേവാല പറഞ്ഞു.ബിറ്റ്‌കോയിനുമായി ബന്ധപ്പെട്ട കേസിൽ കർണാടക പോലീസ് ശ്രീകൃഷ്ണ എന്ന ഹാക്കറെയും പങ്കാളിയായ റോബിനെയും കഴിഞ്ഞവർഷം നവംബർ 14-ന് പിടിച്ചിട്ടും 100 ദിവസത്തോളം കസ്റ്റഡിയിൽവെച്ച്, അന്വേഷണ ഏജൻസികളെ അറിയിക്കുംമുമ്പ് ജാമ്യത്തിൽ വിട്ടയച്ചതായി സുർജേവാല ആരോപിച്ചു. ശ്രീകൃഷ്ണ പിന്നീട് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിനുമുമ്പാകെ സ്വമേധയാകൊടുത്ത മൊഴിയിൽ 2000 ബിറ്റ്‌കോയിൻ ലഭിച്ചതായാണ് പറയുന്നതെങ്കിലും 5240 കോടിയുടെ കൈമാറ്റം നടന്നതായാണ് രേഖകളെന്നും സുർജേവാല ആരോപിച്ചു. ആരൊക്കെയാണ് ബിറ്റ്‌കോയിൻ അഴിമതി മൂടിവെക്കലിലെ പങ്കാളികൾ? ശ്രീകൃഷ്ണ മോഷ്ടിച്ച ബിറ്റ്‌കോയിൻ എവിടേക്കാണ് മാറ്റിയത്, മൂല്യമെത്ര? എന്തുകൊണ്ടാണ് വിവരം ഇന്റർപോളിനെ അറിയിക്കാതിരുന്നത് തുടങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നിൽ ആറുചോദ്യങ്ങളും സുർജേവാല ഉന്നയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/30lwgHh
via IFTTT