ചിക്കാഗോ: ബോക്സിങ് മത്സരത്തിനിടെ തലയ്ക്ക് ഇടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന അമേരിക്കൻ ബോക്സർ പാട്രിക് ഡേ ഒടുവിൽ മരണത്തിന് കീഴടങ്ങി. തലച്ചോറിനേറ്റ ഗുരുതര ആഘാതമാണ് മരണ കാരണമായി പറയുന്നത്. ശനിയാഴ്ച ചിക്കോഗോയിൽ ചാൾസ് കോൺവെല്ലിനെതിരേനടന്ന മത്സരത്തിലാണ് പാട്രിക്കിന് പരിക്കേറ്റത്. 27 വയസ്സുണ്ടായിരുന്ന പാട്രിക് അതിനുശേഷം അബോധാവസ്ഥയിലായിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ചിക്കാഗോയിലെ വിൻട്രസ്റ്റ് അരീനയിൽ സൂപ്പർ വാൾട്ടർ വെയ്റ്റ് പോരാട്ടത്തിൽ ചാൾസ് കോൺവെല്ലിന്റെ ഇടിയേറ്റാണ് പാട്രിക്കിന്റെ തലയ്ക്ക് പരിക്കേറ്റത്. പത്താം റൗണ്ടിലായിരുന്നു ദുരന്തം. റിങ്ങിൽ നിന്ന് സ്ട്രെച്ചറിലാണ് അദ്ദേഹത്തെ കൊണ്ടുപോയത്. റിയോ ഒളിമ്പിക്സിൽ അമേരിക്കൻ ടീമംഗമായിരുന്നു കോൺവെൽ. 2013-ൽ പ്രൊഫഷണൽ കരിയർ തുടങ്ങിയ പാട്രിക് ഡേ ഇതുവരെ 17 വിജയങ്ങൾ നേടിയിട്ടുണ്ട്. നാലു മത്സരങ്ങൾ തോറ്റു. ദുരന്തം തന്നെ മാനസികമായി തളർത്തിയെന്ന് ചാൾസ് കോൺവെൽ പ്രതികരിച്ചു. പാട്രിക് മരിക്കുന്നതിനുമുമ്പുള്ള കോൺവെല്ലിന്റെ ട്വീറ്റിൽനിന്ന്... പ്രിയ പാട്രിക് ഡേ, താങ്കൾക്കിത് സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിട്ടില്ല. ജയിക്കണം എന്ന ഒറ്റ ആഗ്രഹമേ എനിക്കുണ്ടായിരുന്നുള്ളൂ. ആ മത്സരം ഓർമകളിൽ നിറഞ്ഞ് എന്റെ തല പുകയുകയാണ്. ചിന്തകളെ നിയന്ത്രിക്കാനാവുന്നില്ല. ഞാൻ നിങ്ങൾക്കുവേണ്ടി പ്രാർഥിക്കുകയാണ്, കണ്ണീരൊഴുക്കുകയാണ്. എന്റെ കുടുംബവും സുഹൃത്തുക്കളും ഈ ദുരന്തത്തെ എങ്ങനെയാണ് കാണുകയെന്ന് ഭയപ്പെടുന്നു. എവിടെപ്പോയാലും നിങ്ങളുടെ മുഖമാണ് മനസ്സിൽ. ബോക്സിങ്ങിൽനിന്ന് പിൻമാറിയാലോ എന്ന് ചിന്തിച്ചു. എന്നാൽ, അത് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാവില്ലെന്ന് അറിയാം. നിങ്ങൾ ഒരു പോരാളിയാണല്ലോ. നിങ്ങൾക്കായി ഒരു ലോകകിരീടം നേടണമെന്നാണ് ഇനിയുള്ള എന്റെ ആഗ്രഹം. അതേസമയം കഴിഞ്ഞ നാലു മാസത്തിനിടെ ബോക്സിങ് റിങ്ങിൽ ജീവൻ പൊലിഞ്ഞ മൂന്നാമത്തെയാളാണ് പാട്രിക് ഡേ. ജൂലായിൽ മത്സരത്തിനിടെ തലയ്ക്കു പരുക്കേറ്റ റഷ്യൻ ബോക്സർ മാക്സിം ദാദഷേവും (28) പിന്നാലെ അർജന്റീന ബോക്സർ ഹ്യൂഗോ സാന്റിലനും (23) മരണത്തിന് കീഴടങ്ങിയിരുന്നു. Content Highlights:US Boxer Patrick Day Passes Away Days After Suffering Brain Injury
from mathrubhumi.latestnews.rssfeed https://ift.tt/2ptu2CQ
via
IFTTT