ന്യൂഡൽഹി: 'മാതൃഭൂമി ബുക്ക് ഓഫ് ദി ഇയർ' പുരസ്കാരംകൂടി ഏർപ്പെടുത്തുന്നതോടെ ഇന്ത്യൻ സാഹിത്യത്തിന്റെ ആഘോഷവും ആദരവുമായി 'മാതൃഭൂമി' അന്താരാഷ്ട്ര അക്ഷരോത്സവം മാറും. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരമാണ് അക്ഷരോത്സവത്തിന്റെ സ്ഥിരംവേദി. ഇതിനകം രണ്ടുതവണ നടന്ന അക്ഷരോത്സവത്തെ പൊതുജനങ്ങളും രചനാലോകവും വരവേറ്റിരുന്നു. കേരളത്തിന്റെ സാംസ്കാരികഭൂപടത്തിലെ ഒരടയാളമായി അക്ഷരോത്സവം മാറിക്കഴിഞ്ഞു. 'ചുരുങ്ങുന്ന ഇടവും അതിജീവിക്കുന്ന അക്ഷരവും' എന്ന പ്രമേയവുമായാണ് മൂന്നാംപതിപ്പ് എത്തുന്നത്. മനുഷ്യസങ്കല്പത്തിലുള്ള സ്വാതന്ത്ര്യസാധ്യതകളും കലാ-സാംസ്കാരിക സർഗവൈഭവത്തിന്റെ ജ്വലനശേഷിയും ഒരുപോലെ ആഘോഷമാക്കുന്ന ഇടമായിരിക്കും ഇത്തവണത്തെ അക്ഷരോത്സവം. ആദ്യത്തെ രണ്ടു പതിപ്പോടെ ഇന്ത്യൻ സാംസ്കാരികോത്സവങ്ങളുടെ പട്ടികയിൽ സ്വന്തം ഇടം എഴുതിച്ചേർക്കാൻ 'മാതൃഭൂമി'ക്കു സാധിച്ചതായി അക്ഷരോത്സവം ഡയറക്ടർ സബിൻ ഇഖ്ബാൽ പറഞ്ഞു. പ്രഭാഷകരും പങ്കാളികളുമൊക്കെ മികച്ച പ്രതികരണമാണു നൽകിയത്. മൂന്നാം പതിപ്പിലേക്കു നീങ്ങുന്ന സാഹചര്യത്തിൽ ശില്പശാലകളും മാസ്റ്റർ ക്ലാസുകളുമൊക്കെയായി കൂടുതൽ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കും. ഇതുവഴി കേരളത്തിന്റെ സർഗഭൂമികയിൽ പുതിയ സംഭാവന നൽകാനാവും -അദ്ദേഹം പറഞ്ഞു. Content Highlight: Mathrubhumi book of the year award
from mathrubhumi.latestnews.rssfeed https://ift.tt/2VSZfvq
via
IFTTT