ന്യൂഡൽഹി: എഴുത്തിന്റെ ചില്ലയിൽ അക്ഷരക്കൂടൊരുക്കി വിജ്ഞാനമധുരം വിളമ്പിയ ‘മാതൃഭൂമി’ ഇന്ത്യൻ സാഹിത്യത്തിലെ മികച്ച കൃതിക്ക് പുരസ്കാരമേർപ്പെടുത്തുന്നു. അക്ഷരവും അറിവുമായി മലയാളിയുടെ മനസ്സുതൊട്ട ‘മാതൃഭൂമി’യുടെ രചനാലോകത്തെ പുതിയ ചുവടുവെപ്പാണ് എഴുത്തുകാർക്കും പ്രസാധകർക്കും ഒരുപോലെ പ്രചോദനമേകുന്ന ‘മാതൃഭൂമി ബുക്ക് ഓഫ് ദി ഇയർ’ പുരസ്കാരം.അഞ്ചുലക്ഷംരൂപയും സ്മരണികയും ഉൾപ്പെടുന്ന അവാർഡ് ഏർപ്പെടുത്തിയവിവരം എഴുത്തുകാരും പ്രസാധകരും മാധ്യമപ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ ‘മാതൃഭൂമി’ ജോയിന്റ് മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ പ്രഖ്യാപിച്ചു. ഓരോ വർഷവും ഇന്ത്യൻ സാഹിത്യത്തിലെ മികച്ചരചനയെ ആദരിക്കാനുള്ള ‘മാതൃഭൂമി’യുടെ പ്രതിബദ്ധതയാണ് ഈ പുരസ്കാരമെന്ന് അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ 2020 ജനുവരി 30 മുതൽ ഫെബ്രുവരി രണ്ടുവരെ നടക്കുന്ന ‘മാതൃഭൂമി’ അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ മൂന്നാംപതിപ്പിൽ പ്രഥമപുരസ്കാരം സമ്മാനിക്കും. ജനങ്ങളെ പ്രചോദിപ്പിച്ച മഹാപ്രതിഭകളായ എഴുത്തുകാർ ഈ പുരസ്കാരത്തിലൂടെ ആദരിക്കപ്പെടുമെന്ന് അക്ഷരോത്സവം രക്ഷാധികാരികൂടിയായ ശ്രേയാംസ് കുമാർ പറഞ്ഞു. ഫിക്‌ഷൻവിഭാഗത്തിൽ ഇംഗ്ലീഷിലെഴുതിയ മൂലകൃതികളെയും മറ്റുഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനംചെയ്ത കൃതികളെയുമാണ് പുരസ്കാരത്തിന് പരിഗണിക്കുകയെന്നും അദ്ദേഹം അറിയിച്ചു. വിക്ടർ ഹ്യൂഗോയുടെ ‘പാവങ്ങൾ’ മൊഴിമാറ്റംചെയ്തതുമുതൽ മലയാളസാഹിത്യത്തെ പരിപോഷിപ്പിച്ച ‘മാതൃഭൂമി’യുടെ സംഭാവനകളും ചടങ്ങിൽ വിശദീകരിച്ചു. സാംസ്കാരികവൈവിധ്യം ഉൾക്കൊണ്ട്, എല്ലാ ഭാഷയിൽനിന്നും ഇംഗ്ലീഷിലേക്ക് വിവർത്തനംചെയ്യപ്പെട്ട ശ്രേഷ്ഠരചനകൾ പുരസ്കാരത്തിന് പരിഗണിക്കുമെന്ന് ജൂറിയംഗവും കേന്ദ്രസാഹിത്യ അക്കാദമി അധ്യക്ഷനുമായ ഡോ. ചന്ദ്രശേഖര കമ്പാർ പറഞ്ഞു. ഇത്തരമൊരു പുരസ്കാരം ഏർപ്പെടുത്തിയ ‘മാതൃഭൂമി’ക്ക് രാജ്യത്തെ എല്ലാ എഴുത്തുകാർക്കുംവേണ്ടി അദ്ദേഹം നന്ദിയുമറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2BkfdVF
via
IFTTT