തിരുവനന്തപുരം: അനുമതി ലഭിക്കുന്നതിനുമുമ്പേ വ്യവസായം തുടങ്ങാനാവുന്നവിധം നിയമനിർമാണത്തിന് സർക്കാർ ഒരുങ്ങുന്നു. ഇതിനുള്ള ഓർഡിനൻസ് സർക്കാർ തയ്യാറാക്കിയെങ്കിലും ഈ മാസം നിയമസഭ ചേരുന്നതിനാൽ ബിൽ സഭയിൽ കൊണ്ടുവരാനാണ് ആലോചന. സംരംഭകന്റെ സത്യവാങ്മൂലം അനുസരിച്ച് മൂന്നുവർഷത്തേക്ക് പ്രവർത്തനാനുമതി നൽകുന്നതാണ് നിയമം. ഇതിനിെട വിവിധ വകുപ്പുകളിൽനിന്നാവശ്യമായ അനുമതിപത്രങ്ങൾ നേടിയെടുത്താൽ മതി. ഈവർഷം രാജസ്ഥാനിൽ കൊണ്ടുവന്ന നിയമത്തിന്റെ മാതൃകയാണ് കേരളത്തിലും നടപ്പാക്കുന്നത്. പത്തുകോടിവരെ മുതൽമുടക്കുള്ളതും ‘ചുവപ്പ് വിഭാഗ’ത്തിൽപ്പെടാത്തതുമായ വ്യവസായസംരംഭങ്ങൾക്ക് അനുമതിനൽകുന്നതാണ് നിയമം. പത്തുകോടിക്കുമേൽ മുതൽമുടക്കും ‘ചുവപ്പുവിഭാഗ’ത്തിൽപ്പെടുന്നതുമായ വ്യവസായങ്ങൾക്ക് അനുമതി നൽകാൻ പ്രത്യേക ബോർഡ് രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പഞ്ചാബിലെ ‘ഇൻസ്ട്രിയൽ ബ്യൂറോ’യുടെ മാതൃകയിലാകുമിത്. കേരള ഇൻഡസ്ട്രിയൽ സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡ് ആൻഡ് ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് ഡെവലപ്‌മെന്റ് ആക്ടിൽ ഭേദഗതിവരുത്തിയാണ് ബോർഡ് രൂപവത്കരിക്കുക.പത്തുകോടിവരെയുള്ള ചെറുകിട-ഇടത്തരം സംരംഭങ്ങൾ തുടങ്ങാൻ, കേരള എം.എസ്.എം.ഇ. ഫെസിലിറ്റേഷൻ ആക്ട് എന്നപേരിൽ പുതിയ നിയമം കൊണ്ടുവരും. എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ട് സംരംഭം നടത്താമെന്ന സത്യവാങ്മൂലമാണ് സംരംഭകൻ നൽകേണ്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നുവർഷത്തേക്ക് പ്രവർത്തനാനുമതി നൽകുന്നത്. ഇത് ആറുമാസംകൂടി നീട്ടിനൽകാനും വ്യവസ്ഥയുണ്ട്. മൂന്നുവർഷത്തിനുശേഷം വ്യവസായ വകുപ്പ് പരിശോധന നടത്തും. അതിൽ, എല്ലാ അനുമതികളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനായാൽ മതി.
from mathrubhumi.latestnews.rssfeed https://ift.tt/35C28VE
via
IFTTT