കോഴിക്കോട്: സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനും കളമശേരി എസ്.ഐ അമൃത് രംഗനും തമ്മിലുള്ള ഫോൺ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ ഇത്തരമൊരു സംഭാഷണം പുറത്തുവിട്ടത് നിസ്സാരമായി കാണേണ്ടതില്ലെന്നാണ് കോൺഗ്രസ് എംഎൽഎയായ വി.ടി.ബൽറാം പറയുന്നത്. സക്കീർ ഹുസൈൻ എസ്ഐയോട് നിയമവിരുദ്ധമായി ഒന്നും ചെയ്യാൻ ആവശ്യപ്പെടാത്ത സ്ഥിതിക്ക് ഒരു സബ് ഇൻസ്പെക്ടർ മനപൂർവ്വം ഫോൺ റെക്കോർഡ് ചെയ്ത് പുറത്തുവിടാൻ തയ്യാറായിട്ടുണ്ടെങ്കിൽ അത് നിസ്സാരമല്ലന്നും ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു. കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ടാണ് കളമശേരി എസ്ഐയെ സക്കീർ ഹുസൈൻ വിളിക്കുന്നത്. ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്താൻ ശ്രമിച്ച സിപിഎം ഏരിയാ സെക്രട്ടറിക്ക് എസ്ഐ നൽകിയ ചുട്ട മറുപടി എന്ന നിലക്ക് ഈ ഫോൺ സംഭാഷണം സാമൂഹിക മാധ്യമങ്ങളിലും വാർത്താമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. എന്നാൽ ഫോൺ സംഭാഷണം മനപൂർവ്വം എസ്ഐ പുറത്തുവിട്ടതിലുള്ള അസ്വാഭാവികത ചൂണ്ടിക്കാട്ടുകയാണ് വി.ടി.ബൽറാം എംഎൽഎ. ആ ഫോൺ സംഭാഷണം കേട്ടിടത്തോളം അത് റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചത് ഏരിയാ സെക്രട്ടറി ആവാൻ വഴിയില്ല. കാരണം പഞ്ച് ഡയലോഗുകൾക്ക് മുന്നിൽ ചൂളിപ്പോവുന്നത് അയാളാണ്. തന്റെ ഔദ്യോഗിക ഫോണിലേക്ക് വന്ന ഒരു രാഷ്ട്രീയ നേതാവിന്റെ കോൾ, അതും കാര്യമായ നിയമവിരുദ്ധ ആവശ്യങ്ങളൊന്നും ഉന്നയിക്കപ്പെടാത്ത സ്ഥിതിക്ക്, മനപൂർവ്വം റെക്കോർഡ് ചെയ്ത് പുറത്തുവിടാൻ ഒരു സബ് ഇൻസ്പെക്ടർ തയ്യാറായിട്ടുണ്ടെങ്കിൽ അതത്ര നിസ്സാരമായി കാണേണ്ട കാര്യമല്ല. വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, സ്കൂൾ ഹെഡ്മാസ്റ്റർ, പിഡബ്ല്യുഡി അസി.എഞ്ചിനീയർ എന്നിവരെയൊക്കെപ്പോലെ നിരവധി സർക്കാർ ഡിപ്പാർട്ട്മെന്റുകളിലൊന്നിലെ പ്രാദേശിക തലത്തിലെ ജൂനിയർ ഉദ്യോഗസ്ഥർ മാത്രമാണ് ഈ പോലീസ് എസ്ഐമാരും എന്ന് ഭരത് ചന്ദ്രന്മാർക്ക് കയ്യടിക്കുന്ന ജനങ്ങളും കൂടി മനസ്സിലാക്കുന്ന അവസ്ഥയെയാണ് ജനാധിപത്യം എന്ന് പറയുന്നത്. അവർക്ക് പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടാവണം. എന്നാൽ അവർ അതിമാനുഷരാണെന്ന് ധരിച്ച് ആരാധിച്ചു കളയരുതെന്നും ബൽറാമിന്റെ പോസ്റ്റിൽ പറയുന്നു. Content Highlights:CPM Area Secy-Kalamasserry SI Phone record-vt balram facebook post
from mathrubhumi.latestnews.rssfeed https://ift.tt/2ZAzc0T
via
IFTTT