Breaking

Thursday, September 5, 2019

അധ്യാപകദമ്പതിമാർക്ക്‌ ഗുരുദക്ഷിണയായി ശിഷ്യരുടെ കലാലയകവാടം

തിരൂർ: ഇത് വെറുമൊരു പ്രവേശന കവാടമല്ല. ഗുരുശിഷ്യബന്ധത്തിന്റെ കെട്ടുറപ്പിന്റെ ചരിത്ര സ്മാരകമാണ്. അധ്യാപകദിനത്തിൽ മലപ്പുറം തിരൂരിനടുത്ത് നിറമരുതൂർ ഹയർസെക്കൻഡറി സ്കൂളിൽ സ്നേഹത്തിന്റെ കവാടം തുറക്കുകയാണ് പൂർവവിദ്യാർഥികൾചേർന്ന്. അധ്യാപക ദമ്പതികളായ ഗുരുനാഥന്മാർക്ക് ഗുരു ദക്ഷിണയായി മൂന്നരലക്ഷംരൂപ ചെലവഴിച്ചാണ് ശിഷ്യൻമാർ പ്രവേശനകവാടവും ഗേറ്റും നിർമിച്ചത്. സ്കൂളിലെ പ്രഥമാധ്യാപകനായി വിരമിച്ച വർക്കല സ്വദേശി തിരൂർ പൊറൂരിലെ വടക്കുംപാട്ട് രാജഗോപാലിന്റെയും ഭാര്യയും സ്കൂളിലെ അധ്യാപികയുമായിരുന്ന പാലക്കാട് മങ്കര ചേറ്റൂർ കുടുംബാംഗം വടക്കുംപാട്ട് സരസ്വതിയുടേയും ആഗ്രഹഫലമായാണ് കവാടം നിർമിക്കുന്നത്. 1988 എസ്‌.എസ്‌.എൽ.സി.ബാച്ചിലെ ഇവരുടെ ശിഷ്യന്മാരാരും യു.എ.ഇ ജോലിചെയ്യുന്നവരുമായ മലപ്പുറം ജില്ലയിലെ 150 ഓളംപേർ ചേർന്നാണ് പ്രവേശനകവാടം പണികഴിപ്പിച്ചത്. ഈ വിദ്യാർഥികൾ അധ്യാപകദമ്പതിമാരേയും മകൾ ഉഷയേയും അവരുടെ ചെലവിൽ കഴിഞ്ഞവർഷം യു.എ.ഇ യിൽ കൊണ്ടുപോയി പത്തുദിവസം താമസിപ്പിച്ച് സ്ഥലങ്ങളെല്ലാം കാണിച്ചിരുന്നു. അബുദാബിയിൽനടന്ന പൂർവവിദ്യാർഥി സംഗമത്തിൽ ശിഷ്യഗണങ്ങൾ ഗുരുക്കന്മാരോട് ആഗ്രഹം ചോദിച്ചപ്പോഴാണ് രാജഗോപാലൻമാസ്റ്റർ പഠിപ്പിച്ച സ്കൂളിനായി എന്തെങ്കിലും മതിയെന്ന് പറഞ്ഞത്.വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന് കവാടം രാജഗോപലൻ മാസ്റ്ററും സരസ്വതി ടീച്ചറും ചേർന്ന് ഉദ്ഘാടനം ചെയ്യും. ചടങ്ങിന് സാക്ഷ്യംവഹിക്കാൻ യു.എ.ഇയിൽനിന്ന് പൂർവ വിദ്യാർഥികൾ എത്തിയിട്ടുണ്ട്. വർക്കല സ്വാമിസദനത്തിൽ പരേതനായ റിട്ട. പ്രഥമാധ്യാപകൻ ആർ. രാമകൃഷ്ണപിള്ളയുടെ മകനാണ് രാജഗോപാലൻ. തിരൂരിലെ പരേതനായ വടക്കുംപാട്ട് നാരായണ മേനോന്റെ മകളായ സരസ്വതി 18 കൊല്ലം നിറമരുതൂർ ഹൈസ്കൂളിൽ അധ്യാപികയായിരുന്നു. പറവണ്ണ ഹൈസ്കൂളിൽനിന്ന് 2002ലാണ് പ്രിൻസിപ്പലായി വിരമിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/30YEeRs
via IFTTT