തിരുവനന്തപുരം: മോട്ടോർവാഹന നിയമപ്രകാരമുള്ള കേസുകൾ പരിഗണിക്കുന്നതിനായി ജില്ലാ അടിസ്ഥാനത്തിൽ പ്രത്യേക കോടതികൾ രൂപവത്കരിക്കണമെന്ന് മോട്ടോർവാഹനവകുപ്പ്. പിഴ ഉയർത്തിയതിനെത്തുടർന്ന് കൂടുതൽ കേസുകളിൽ നിയമനടപടികൾ സ്വീകരിക്കേണ്ടിവരും. നിശ്ചിതദിവസത്തിനുള്ളിൽ പിഴയടയ്ക്കാത്ത കേസുകൾ പ്രത്യേക കോടതിക്ക് കൈമാറാൻ കഴിയും. നിലവിലെ കോടതികളിൽ മറ്റു കേസുകളുടെ ബാഹുല്യമുണ്ട്. അതിനാൽ മോട്ടോർവാഹന നിയമപ്രകാരമുള്ള കേസുകൾകൂടി അവിടേക്ക് കൈമാറുന്നത് ബുദ്ധിമുട്ടുണ്ടാക്കും. കേസുകളിൽ തീർപ്പുണ്ടാകാൻ ഏറെ വൈകും. പോലീസിനും മോട്ടോർവാഹന വകുപ്പിനുമാണ് കേന്ദ്ര മോട്ടോർവാഹനനിയമപ്രകാരം കേസുകളെടുക്കാൻ കഴിയുക. സേഫ് കേരള സ്ക്വാഡുകൾകൂടി പൂർണതോതിൽ പ്രവർത്തിച്ചുതുടങ്ങിയാൽ കൂടുതൽ കേസുകളുണ്ടാകും. ജില്ലകളിൽ 100 ക്യാമറകളും പ്രത്യേക കൺട്രോൾറൂമുകളും സജ്ജീകരിക്കുന്നുണ്ട്. അതിവേഗം, സിഗ്നൽ ലംഘനം എന്നിവ കണ്ടെത്താൻ കഴിയുന്ന ആധുനിക ക്യാമറകളാണ് സ്ഥാപിക്കുന്നത്. കൂടുതൽ കേസുകൾ ഈവഴിയും ഉണ്ടാകും. നിയമോപദേശം തേടും കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ ഭേദഗതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തതയ്ക്കായി നിയമോപദേശം തേടാൻ മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചു. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിനും സംസ്ഥാന നിയമവകുപ്പിനും കത്തുനൽകും. പിഴ ഈടാക്കുന്നതിനൊപ്പം സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ചാണ് ആശയക്കുഴപ്പം. ഭേദഗതി നടപ്പാക്കുന്നത് സംബന്ധിച്ച് ചട്ടത്തിലാണ് അന്തിമരൂപം വരുന്നത്. ആറുമാസത്തിനുള്ളിൽ ചട്ടം രൂപവത്കരിക്കാറുണ്ട്. അതുവരെ സ്വീകരിക്കേണ്ട നടപടികൾ നിശ്ചയിക്കാനാണ് നിയമോപദേശം തേടുന്നത്. പിഴ കുറയ്ക്കാനാകില്ലെന്ന് കേന്ദ്ര ഉപരിതലമന്ത്രാലയം പിഴ കുറയ്ക്കാൻ കഴിയുമോ എന്നതുസംബന്ധിച്ച് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ ആശയവിനിമയം നടത്തിയിരുന്നു. കേന്ദ്രനിയമം അനുശാസിക്കുന്നതിനെക്കാൾ പിഴ കുറയ്ക്കാനാകില്ലെന്ന മറുപടിയാണ് ലഭിച്ചത്. പിഴ ഉയർത്തിയതിനുപുറമേ ഡ്രൈവിങ് ലൈസൻസ് വിതരണം, വാഹന രജിസ്ട്രേഷൻ, പെർമിറ്റ് വിതരണം എന്നിവയിൽ കാതലായ മാറ്റം കേന്ദ്രനിയമ ഭേദഗതിയിലുണ്ട്. ഇതിന്റെ നടപടിക്രമങ്ങൾ ആർക്കും നിശ്ചയമില്ലാത്ത അവസ്ഥയാണ്. മിക്ക ഓഫീസുകളിലും അപേക്ഷ സ്വീകരിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്. ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിലെ നടപടിക്രമങ്ങൾ വൈകുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഓൺലൈനിൽ പിഴ സ്വീകരിക്കുന്നതിനായി സ്ക്വാഡിലെ ഉദ്യോഗസ്ഥർക്ക് പി.ഒ.എസ്. മെഷീൻ നൽകാൻ തീരുമാനിച്ചെങ്കിലും അടുത്തെങ്ങും നടപ്പാകാനിടയില്ല. കൈവശം പണമില്ലാത്തിനാൽ ഭൂരിഭാഗംപേരും പിഴ അടയ്ക്കാൻ സാവകാശം തേടുന്നുണ്ട്. നിലവിലെ സർക്കുലർപ്രകാരം നിശ്ചിത ദിവസത്തിൽക്കൂടുതൽ ഫയൽ കൈവശംവെക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയില്ല. Content Highlights;motor vehicle department says need special court for motor vehicle act cases, new traffic fines, motor vehicle amendment
from mathrubhumi.latestnews.rssfeed https://ift.tt/3189T2Q
via
IFTTT