Breaking

Thursday, September 5, 2019

വിരട്ടാൻ വിളിച്ച സി.പി.എം. നേതാവിനോട് എസ്.ഐ.യുടെ മറുപടി; ’പേടിച്ച് ജീവിക്കാനില്ല, യൂണിഫോമിട്ടാൽ ചാകാനും തയ്യാർ’....

കൊച്ചി: ഏരിയ സെക്രട്ടറി എസ്.ഐ.യെ വിളിച്ച് മര്യാദ പഠിപ്പിക്കാൻ ശ്രമിക്കുന്നതും അതിന് എസ്.ഐ. നൽകുന്ന മറുപടിയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത് സി.പി.എമ്മിന് തലവേദനയാവുന്നു. സി.പി.എം. കളമശ്ശേരി ഏരിയ സെക്രട്ടറി വി.എ. സക്കീർ ഹുസൈൻ സ്ഥലം എസ്.ഐ. അമൃതരംഗനുമായി നടത്തിയ ഫോൺ സംഭാഷണമാണ് വൈറലായത്. അതോടെ എസ്.െഎ.യോട് സംഭാഷണം ചോർന്നതെങ്ങനെയെന്ന് വിശദീകരിക്കാൻ മുകളിൽനിന്ന് ആവശ്യപ്പെട്ടു. കുസാറ്റിലെ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനിടയ്ക്ക് എസ്.എഫ്.ഐ. ഭാരവാഹിയെ എസ്.ഐ. ജീപ്പിൽ കയറ്റിയത് ചോദ്യം ചെയ്യാൻ വിളിച്ചതായിരുന്നു സക്കീർ ഹുസൈൻ. തിരഞ്ഞെടുപ്പിൽ വിജയിച്ച എസ്.എഫ്.ഐ. പ്രവർത്തകർ തിങ്കളാഴ്ച നടത്തിയ ആഹ്ലാദപ്രകടനവും ബി.ടെക്. വിദ്യാർഥികളുടെ ഹോസ്റ്റലിലെ ഓണാഘോഷവും കൂട്ടിമുട്ടിയപ്പോൾ ഉണ്ടായ സംഘർഷത്തിനിടയിൽ, എസ്.എഫ്.ഐ. നേതാവിനെ പോലീസ് പിടികൂടി യൂണിവേഴ്സിറ്റി അമിനിറ്റി സെന്ററിനടുത്ത് ഇറക്കിവിട്ടു. സംഘർഷത്തിനിടയിൽ ഒരാളെയെങ്കിലും സ്ഥലത്തുനിന്ന് മാറ്റാനാണ് ശ്രമിച്ചതെന്ന് എസ്.ഐ. ഫോണിൽ വിശദീകരിക്കുന്നുണ്ട്്. എസ്.എഫ്.ഐ. ഭാരവാഹിയാണെന്നു പറഞ്ഞിട്ടും ജീപ്പിൽ കയറ്റിയതാണ് സക്കീറിനെ ചൊടിപ്പിച്ചത്. 'നിങ്ങൾ എസ്.ഐ. ആയി വന്നിട്ട് ഞാൻ ആദ്യമായാണ് വിളിക്കുന്നതെന്നും നിങ്ങളെക്കുറിച്ച് മോശം അഭിപ്രായമാണ് ജനങ്ങൾക്കിടയിൽനിന്നും രാഷ്ട്രീയക്കാർക്കിടയിൽനിന്നും ഉണ്ടായിട്ടുള്ളതെന്നും' സക്കീർ പറയുന്നു. കളമശ്ശേരിയിലെ രാഷ്ട്രീയവും ഇടപാടുകളും മനസ്സിലാക്കി ഇടപെടുന്നത് നന്നാവുമെന്ന സക്കീറിന്റെ ഭീഷണി കേട്ട് എസ്.ഐ. ശക്തമായി പ്രതികരിക്കുകയായിരുന്നു. 'എനിക്ക് അങ്ങനെ ഒരു നിലപാടില്ല. ഞാൻ നേരേ വാ നേരേ പോ എന്നു പറയുന്ന ആളാണ്. എനിക്ക് ഒരു പാർട്ടിയോടും കൂറില്ല. ഞാൻ ആരുടെയും കാലുപിടിച്ചല്ല ഇവിടെ വന്നിരിക്കുന്നത്. ഇവിടെ ഇരിക്കാന്ന് വാക്കും പറഞ്ഞിട്ടില്ല. കളമശ്ശേരി ആരുടെയാണെങ്കിലും എനിക്കൊന്നുമില്ല. എനിക്ക് ഇവിടത്തെ നിലപാട് നോക്കി പ്രവർത്തിക്കാനാവില്ലെ'ന്നും എസ്.ഐ. പറഞ്ഞു. മാന്യമായി സംസാരിക്കണമെന്നും കളമശ്ശേരിയിൽ നിങ്ങൾ മാത്രമല്ല എസ്.ഐ. ആയിരുന്നിട്ടുള്ളതെന്നും സക്കീർ പറഞ്ഞു. ഇതിനു മുമ്പും നിരവധി എസ്.ഐ.മാർ കളമശ്ശേരിയിൽ ഉണ്ടായിട്ടുണ്ടെന്നും ഉയർന്ന ഉദ്യോഗസ്ഥർ വരെ മാന്യമായാണ് പെരുമാറുന്നതെന്നും നിങ്ങൾക്കെന്താ കൊമ്പുണ്ടോയെന്നും സക്കീർ ചോദിക്കുന്നു. തനിക്ക് കൊമ്പൊന്നുമില്ലെന്നും രാഷ്ട്രീയക്കാരോട് ഒരു പുച്ഛവുമില്ലെന്നും എസ്.ഐ. പറയുന്നു. യൂണിഫോം തനിക്ക് ടെസ്റ്റ് എഴുതി കിട്ടിയതാണ്. യൂണിഫോമിട്ടാൽ ചാകാനും തയ്യാറാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള ആളെ കൊണ്ടുവന്ന് ഇരുത്തിക്കോ. നിങ്ങൾ പറയുന്നതുപോലെ ചെയ്യാൻ എന്നെ കിട്ടില്ല. അങ്ങനെ പേടിച്ച് ജീവിക്കാനും പറ്റില്ലെന്ന് എസ്.ഐ. പറയുന്നു. നേതാക്കളുടെയും പ്രവർത്തകരുടെയും അനാവശ്യ ഇടപെടലുകളും പ്രവൃത്തികളും അടുത്തിടെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് സി.പി.എമ്മിനെ വലയ്ക്കുകയാണ്. പാർട്ടി തെറ്റ് തിരുത്തൽ പ്രക്രിയയുമായി മൂന്നോട്ടുപോവുകയും ഇതിനായി താഴെ തട്ടിലേക്ക് കർശന നിർദേശങ്ങൾ നൽകുകയും ചെയ്യുമ്പോഴും ഉത്തരവാദിത്വമുള്ളവർ തന്നെ അതൊന്നും ഗൗനിക്കാതിരിക്കുന്നതാണ് പാർട്ടിയെ കുഴക്കുന്നത്. അവർ ചെയ്യുന്ന കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ നേരെ ജനങ്ങളിലേക്ക് എത്തുന്നതിനാൽ പ്രതിരോധിക്കാൻ പോലും പാർട്ടിക്ക് കഴിയുന്നുമില്ല. ഏതാനും ദിവസം മുമ്പ് നോർത്ത് ഇടപ്പള്ളിയിൽ ഒരു വനിതാ കൗൺസിലറുടെ നേതൃത്വത്തിൽ പിരിവു ചോദിച്ച് എത്തിയ സംഘം, മതിയായ തുക നൽകാതിരുന്നതിന് സലൂൺ ഉടമയുമായി വാക്കേറ്റം ഉണ്ടാവുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്യുന്നത് സാമൂഹിക മാധ്യമങ്ങളിൽ പടർന്നിരുന്നു. സി.സി.ടി.വി.യിലെ ദൃശ്യങ്ങൾ സഹിതമാണ് പ്രചാരണമെന്നതിനാൽ പാർട്ടിക്ക് നിഷേധിക്കാനും സാധിക്കുന്നില്ല. Content Highlights:cpm kalamassery area secretary sakeer hussain and si amritharangan phone talk audio


from mathrubhumi.latestnews.rssfeed https://ift.tt/2ZJtfht
via IFTTT