Breaking

Thursday, August 22, 2019

‘‘സ്വാതന്ത്ര്യവും ജീവിതവും വെച്ചുനീട്ടിയാൽ സ്വാതന്ത്ര്യം തിരഞ്ഞെടുക്കും’’ -ചിദംബരം

ന്യൂഡൽഹി: സ്വാതന്ത്ര്യവും ജീവിതവും വെച്ചുനീട്ടിയാൽ സ്വാതന്ത്ര്യം തിരഞ്ഞെടുക്കുമെന്ന് മുൻകേന്ദ്രമന്ത്രി പി. ചിദംബരം. ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നുവെന്നും തനിക്കെതിരേ നടക്കുന്നത് നുണരോഗികളുടെ കള്ളപ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. സി.ബി.ഐ.യും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ച് 24 മണിക്കൂർ തികയുംമുമ്പ് നടത്തിയ വാർത്താസമ്മേളനത്തിലാണ് ചിദംബരത്തിന്റെ പ്രസ്താവന. കോൺഗ്രസ് നേതാക്കൾക്കും അഭിഭാഷകർക്കുമൊപ്പം ബുധനാഴ്ച രാത്രി എട്ടേകാലോടെ എ.ഐ.സി.സി. ആസ്ഥാനത്തായിരുന്നു വാർത്താസമ്മേളനം. സി.ബി.ഐ. ഉദ്യോഗസ്ഥർ ഗേറ്റിനു പുറത്തു കാത്തുനിൽക്കുന്നുണ്ടായിരുന്നു. പ്രസംഗത്തിന്റെ പൂർണരൂപം: “ഞാൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്നു. നമ്മുടെ ഭരണഘടനയുടെ ഏറ്റവും മൂല്യവത്തായ അനുച്ഛേദം, അനുച്ഛേദം 21 ആണ്. ജീവിതവും സ്വാതന്ത്ര്യവും അതുറപ്പുതരുന്നു. ഞാൻ ശങ്കയില്ലാതെ സ്വാതന്ത്ര്യം തിരഞ്ഞെടുക്കുന്നു. 1947 വരെയുള്ള കാലത്തെ സ്വാതന്ത്ര്യസമരകാലമെന്നാണു വിളിക്കുന്നത്. സ്വാതന്ത്ര്യം സംരക്ഷിക്കാൻ നിങ്ങൾ സമരം ചെയ്യണം. അവസാന 24 മണിക്കൂറിനുള്ളിൽ പലതും സംഭവിച്ചു. ചിലർക്ക് ആശങ്കയും വളരെയധികം പേർക്ക് ആശയക്കുഴപ്പവുമുണ്ടായി. അതില്ലാതാക്കുന്നതിനുള്ളതാണ് എന്റെ ഈ പ്രസ്താവന. ഐ.എൻ.എക്സ്. മീഡിയ കേസിൽ എന്നിൽ ഒരു കുറ്റവും ആരോപിക്കപ്പെട്ടിട്ടില്ല. എന്റെ കുടുംബാംഗങ്ങളിലൊരാളുടെ പേരിലും ഏതെങ്കിലും കുറ്റാരോപണമില്ല. യഥാർഥത്തിൽ സി.ബി.ഐ.യോ ഇ.ഡി.യോ ഏതെങ്കിലും കോടതിയിൽ ഇക്കാര്യത്തിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. സി.ബി.ഐ.യുടെ പ്രഥമവിവര റിപ്പോർട്ടിലും എനിക്കെതിരേ ആരോപണമില്ല. എന്നിട്ടും ഞാനും എന്റെ മകനും വലിയ അപരാധം ചെയ്തെന്ന വ്യാപകമായ തോന്നലാണുണ്ടായത്. സത്യത്തിൽനിന്ന് ഒന്നും ഒളിപ്പിക്കാൻ പറ്റില്ല. എല്ലാം നുണരോഗികൾ പ്രചരിപ്പിച്ച കള്ളമാണ്. സി.ബി.ഐ.യും ഇ.ഡി.യും ചോദ്യംചെയ്യാൻ വിളിച്ചപ്പോൾ സ്വാഭാവികമായും ഉത്തരവാദപ്പെട്ട കോടതിയിൽനിന്ന് അറസ്റ്റൊഴിവാക്കാൻ സംരക്ഷണം തേടി. 2018 മേയ് 31-നും ജൂലായ് 25-നും ഹൈക്കോടതി ഇതനുവദിച്ചു. 13-15 മാസമായി ഈ സംരക്ഷണം അനുഭവിക്കുകയായിരുന്നു. ജനുവരി 25-ന് ഈ സംരക്ഷണം വീണ്ടും കോടതി അംഗീകരിച്ചു. ഏഴുമാസത്തിനുശേഷം ഇന്നലെ ഹൈക്കോടതി ഈ സംരക്ഷണം എടുത്തുകളഞ്ഞു. ഇവിടെ ഹാജരായ എന്റെ വക്കീലന്മാരും സുഹൃത്തുക്കളും സുപ്രീംകോടതിയിൽ പോകാൻ ഉപദേശിച്ചു. എനിക്കായി ഇന്നലെയും ഇന്നുമായി അവർ പണിയെടുത്തു. ആവശ്യം കേൾക്കണമെന്നും ഇടക്കാലസംരക്ഷണം നൽകണമെന്നും സുപ്രീംകോടതിയിൽ ഇവർ ആവർത്തിച്ചു. ഞാനും എന്റെ വക്കീലന്മാരും ഇന്നലെ രാത്രി മുതൽ ഇതിനുള്ള കടലാസു ജോലികളിലായിരുന്നു. ഇന്നു രാവിലെയാണ് അതു പൂർത്തിയായത്. ഉടനെത്തന്നെ അവ സുപ്രീംകോടതിയിൽ നൽകി. നിയമത്തിൽ നിന്നകന്നുനിൽക്കുന്നു എന്ന ആരോപണത്തിൽ എനിക്കമ്പരപ്പാണുള്ളത്. യഥാർഥത്തിൽ ഞാൻ നിയമത്തിന്റെ സംരക്ഷണം തേടുകയാണ്. നീതിയിൽനിന്ന് ഓടിയൊളിക്കുകയല്ല. മറിച്ച് നിയമത്തിനായി പരിശ്രമിക്കുകയാണ്. എന്റെ വക്കീലന്മാർ പറഞ്ഞിട്ടുള്ളത് ഹർജി വെള്ളിയാഴ്ച പരിഗണിക്കുമെന്നാണ്. സുപ്രീംകോടതിയുടെ ആ ഉത്തരവിനെ മാനിക്കുന്നു. വെള്ളിയാഴ്ച വരെ തലയുയർത്തിത്തന്നെ നടക്കും. അന്വേഷണ ഏജൻസികളുടെ അസമത്വമുള്ള കൈകളാൽ നിയമം പ്രയോഗിക്കപ്പെട്ടാലും ആദരിക്കും. അന്വേഷണ ഏജൻസികളും നിയമത്തെ മാനിക്കണം. ഇന്നത്തെ സാഹചര്യത്തിൽ നിയമത്തോടുള്ള ആദരവിന് ഒരർഥമേ ഉള്ളൂ; സുപ്രീം കോടതിയുടെ ഉത്തരവിനായി വെള്ളിയാഴ്ച വരെ കാത്തിരിക്കുക എന്നത്. കുറച്ചു നാൾമുമ്പ് പാർലമെന്റിൽ സംസാരിക്കുമ്പോൾ ഒരു കാര്യം പറഞ്ഞിരുന്നു. രാജ്യത്തെ എല്ലാ ജഡ്ജിമാരും പൗരന്മാരുടെ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കണമെന്ന്. സുപ്രീംകോടതി ഇക്കാര്യത്തിൽ രാജ്യത്തെ എല്ലാ ജഡ്ജിമാരുടെയും ബോധത്തെ നയിക്കണം. സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതു പോലെ ജഡ്ജിമാരുടെ അറിവിനെയും ബഹുമാനിക്കുന്നു.” Content Highlights:P Chidambarams press meet at AICC headquarters


from mathrubhumi.latestnews.rssfeed https://ift.tt/2P63FPz
via IFTTT