Breaking

Monday, August 19, 2019

സൗദി മലയാളികൾ സമ്മർദത്തിൽ; വിയർപ്പൊഴുക്കുന്നത് ചികിത്സ തേടാതെ

കോഴിക്കോട്: ജീവിതശൈലീ രോഗങ്ങൾ പിടിമുറുക്കിയിട്ടും ചികിത്സതേടാതെ ജോലിചെയ്യുകയാണ് സൗദി അറേബ്യയിലെ മലയാളികൾ. ഭാരിച്ച ചെലവാണ് ഇവർ ചികിത്സ തേടാത്തതിനു പ്രധാന കാരണം. ഗൾഫ് മലയാളികളിൽ മാനസികസംഘർഷവും അസുഖങ്ങളും കൂടുതൽ സൗദിയിലുള്ളവരിലാണ്. പൊണ്ണത്തടി, പ്രമേഹം, രക്താതിസമ്മർദം എന്നിവയെല്ലാം ഇവിടെ ജോലിചെയ്യുന്ന മലയാളികളിൽ കൂടുതലാണെന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗം നടത്തിയ പഠനത്തിൽ കണ്ടെത്തി. ഉറക്കക്കുറവ്, അമിത ഉറക്കം, ഉത്കണ്ഠ, തലവേദന, പേശീവേദന എന്നിവയും കൂടുതലാണ്. സ്വദേശിവത്കരണം നടപ്പായതോടെ ഒട്ടേറെ മലയാളികൾക്ക് ജോലി നഷ്ടമായിരുന്നു. ഇപ്പോഴുള്ള പലരും ജോലി പോകുമെന്ന ആശങ്കയിലാണ്. ഇത്തരം തൊഴിൽസമ്മർദങ്ങളാണ് സൗദി മലയാളികളെ പ്രധാനമായും സമ്മർദത്തിലാക്കുന്നത്. പിടിവിടാതെ രോഗങ്ങൾ സൗദിയിലുള്ളവർ അധികസമ്മർദം നേരിടുന്നതായി ആദ്യം നിരീക്ഷിച്ചത് മിംസിലെ ഫാമിലി മെഡിസിൻ ഡിപ്പാർട്ട്മെന്റിലെ ഡോ. ബിജയ് രാജ് ആണ്. തുടർന്ന് പി.ജി. വിദ്യാർഥിനി ഡോ. ഇ. സുധന്യ ഇത് പഠനവിഷയമാക്കി. നിരന്തര മദ്യപാനശീലമില്ലാത്ത 600 പുരുഷൻമാരെയാണ് പഠനത്തിനു വിധേയമാക്കിയത്. എല്ലാം ഈ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയവർ. രോഗം സൗദി മലയാളികൾ മറ്റു ഗൾഫ് രാജ്യങ്ങൾ കേരളം (ശതമാനത്തിൽ) പൊണ്ണത്തടി 77 71 47 പ്രമേഹം 30 22.5 28.5 രക്താദിസമ്മർദം 20.5 14.5 16.5 ഫാറ്റി ലിവർ 85 64 46 കൊളസ്ട്രോൾ (ആകെ 200 പേരിലാണ് കൊളസ്ട്രോൾ ഉണ്ടായിരുന്നത്) 59 48.5 56.5 കുറഞ്ഞവേതനം, ഭാരിച്ച ചികിത്സച്ചെലവ് * മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് സൗദിയിൽ പോകുന്നവരിലേറെയും കൂലിപ്പണി ചെയ്യുന്നവരാണ്. വേതനവും കുറവാണ്. സൗദിയിലെ ഭാരിച്ച ചികിത്സച്ചെലവ് ഇവർക്ക് താങ്ങാനാകില്ല. * ഡോക്ടറുടെ കുറിപ്പുണ്ടെങ്കിൽപ്പോലും വ്യക്തിഗത ആവശ്യത്തിനുള്ള ചില മരുന്നുകൾ സൗദിയിലേക്ക് കൊണ്ടുപോകാൻ നിയന്ത്രണമുണ്ട്. മറ്റിടങ്ങളിലേക്ക് മൂന്നുമാസത്തേക്കുള്ള മരുന്നെങ്കിലും ഒരുമിച്ചു കൊണ്ടുപോകാം. എന്നാൽ, സൗദിയിലേക്ക് ഇങ്ങനെ പറ്റില്ല. * രോഗം ചികിത്സിക്കാനാവാത്തത് പലരെയും മാനസികസമ്മർദത്തിലാക്കും. ഉറക്കമില്ലായ്മയും ഉത്കണ്ഠയും പിന്നാലെ വരും. * ദീർഘകാലത്തേക്ക് അവധിയെടുക്കാതെ ജോലിചെയ്യുന്നവരാണ് സൗദി മലയാളികൾ. ജോലിഭാരവും സമ്മർദത്തിന് ആക്കംകൂട്ടും. നാടുവിട്ടാൽ പിന്നെ ചികിത്സയില്ല 11 വർഷമായി സൗദിയിൽ ജോലിചെയ്യന്നു. പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കാറുണ്ട്. സൗദിയിലെത്തിയ ശേഷമാണ് അസുഖങ്ങളൊക്കെ. നാട്ടിൽ ചെല്ലുമ്പോൾ മാത്രമേ പരിശോധിക്കാറുള്ളൂ. ഒന്നര വർഷത്തിലൊരിക്കലാണ് നാട്ടിൽ പോവുക. ഇവിടെ ജോലിചെയ്യുന്ന സുഹൃത്തുക്കളിൽ ഭൂരിഭാഗവും പ്രമേഹത്തിന് സ്ഥിരമായി മരുന്നു, കഴിക്കുന്നവരാണ്. -മുക്ത്യാർ, സൗദിയിൽ ഹൗസ് െെഡ്രവർ മരുന്നുകൾ ഒരുമിച്ചു കൊണ്ടുപോകരുത് സൗദി മലയാളികൾ നാട്ടിലെത്തിയാലും കൃത്യമായി ചികിത്സ തേടില്ല. അവധി തീരുന്നതിന്റെ തൊട്ടുമുമ്പ് വഴിപാടുപോലെ രക്തസമ്മർദവും പ്രമേഹവുമൊക്കെ പരിശോധിക്കും. വാങ്ങാവുന്നിടത്തോളം മരുന്ന് ഒരുമിച്ചുവാങ്ങി തിരിച്ചുപോകും. പരിശോധന നടത്തി മരുന്ന് കുറിക്കുന്നിടത്ത് ചികിത്സ അവസാനിക്കില്ല. മരുന്നിനോട് ശരീരം പ്രതികരിക്കുന്നുണ്ടെന്നും മറ്റു കുഴപ്പങ്ങളൊന്നും ഇല്ലെന്നും ഉറപ്പാക്കാൻ സമയം വേണം. ചികിത്സ അവസാനത്തേക്കു മാറ്റിവെക്കരുത്. ദീർഘകാലത്തേക്ക് മരുന്നുകൾ കുറിക്കുന്നതും കൊണ്ടുപോകുന്നതും സുരക്ഷിതവുമല്ല. -ഡോ. ബിജയ് രാജ്, ഫാമിലി മെഡിസിൻ ഡിപ്പാർട്ട്മെന്റ്, മിംസ്


from mathrubhumi.latestnews.rssfeed https://ift.tt/2P5oHxQ
via IFTTT