കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറും കണ്ണൂർ ജില്ലാ ബാങ്ക് ഹെഡ് ഓഫീസ് ജീവനക്കാരനുമായ പി.കെ.രാഗേഷിനെ ജില്ലാ ബാങ്ക് പേരാവൂർ ശാഖയിലേക്ക് സ്ഥലംമാറ്റി. ഓർഡർ ലഭിച്ച വ്യാഴാഴ്ചതന്നെ റിലീവ് ചെയ്യണമെന്നാണുത്തരവ്. അതിനിടെ, പി.കെ.രാഗേഷിന്റെ നേതൃത്വത്തിലുള്ള പള്ളിക്കുന്ന് സഹകരണബാങ്കിനെതിരേ ക്രമക്കേട് ആരോപണം സംബന്ധിച്ചുള്ള സഹകരണവകുപ്പിന്റെ അന്വേഷണം ഹൈക്കോടതി സ്റ്റേചെയ്തിട്ടുണ്ട്. പി.കെ.രാഗേഷ് യു.ഡി.എഫുമായി അടുക്കുകയും അവിശ്വാസപ്രമേയത്തിലൂടെ എൽ.ഡി.എഫിന് മേയർസ്ഥാനം നഷ്ടപ്പെടുകയും ചെയ്തതിനെത്തുടർന്നുള്ള പ്രതികാരമാണ് സ്ഥലംമാറ്റമെന്ന് ആരോപണമുണ്ട്. ഡെപ്യൂട്ടി മേയർ ചുമതലയുള്ള പി.കെ.രാഗേഷിനെ നഗരത്തിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള പേരാവൂരിലേക്കുമാറ്റിയത് ബുദ്ധിമുട്ടിക്കാൻ മാത്രമാണെന്ന് യു.ഡി.എഫ്. കുറ്റപ്പെടുത്തുന്നു. ഡെപ്യൂട്ടി മേയർക്കെതിരേ അവിശ്വാസപ്രമേയവും മേയർതിരഞ്ഞെടുപ്പും അടുത്തുവരുന്ന സാഹചര്യത്തിൽ, പി.കെ.രാഗേഷിനെ സ്ഥലംമാറ്റിയതിൽ എതിർപക്ഷം ചില ലക്ഷ്യങ്ങൾ കാണുന്നുണ്ട്. പള്ളിക്കുന്ന് സഹകരണബാങ്കിൽ ക്രമക്കേട് നടന്നതായുള്ള സഹകരണവകുപ്പിന്റെ അന്വേഷണോത്തരവ് വ്യാഴാഴ്ചയാണ് ഹൈക്കോടതി സ്റ്റേചെയ്തത്. നേരത്തേ രാഗേഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് ഭരിച്ചുകൊണ്ടിരുന്നത്. അവിടെ നടന്ന നിയമനത്തിലുംമറ്റും ക്രമക്കേടുണ്ടെന്നാരോപിച്ച് ഒരുവർഷംമുമ്പ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. രാഷ്ട്രീയപ്രതികാരം തീർക്കാൻ സഹകരണവകുപ്പിനെക്കൊണ്ട് അന്വേഷണംനടത്തി ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം കൊണ്ടുവരാനാണ് നീക്കമെന്ന് പി.കെ.രാഗേഷ് ആരോപിച്ചിരുന്നു. അതിനിടെ, ഡെപ്യൂട്ടി മേയർക്കെതിരേയുള്ള അവിശ്വാസപ്രമേയം വരാനിരിക്കെ പി.കെ.രാഗേഷിനെ എങ്ങനെയെങ്കിലും പരാജയപ്പെടുത്താനുള്ള നീക്കത്തിലാണ് എൽ.ഡി.എഫ്. യു.ഡി.എഫിൽനിന്ന് ഒരാളെങ്കിലും മാറുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. യു.ഡി.എഫിൽനിന്ന് ഒരാൾ എൽ.ഡി.എഫിന് അനുകൂലമായി വോട്ടുചെയ്തതിനെത്തുടർന്നാണ് മുൻപ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി സി.പി.ഐ.യിലെ വെള്ളോറ രാജൻ തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് ലീഗിലെ ഒരംഗത്തിന് സംഭവിച്ച പിഴവായിരുന്നു കാരണം. ഇക്കുറിയും 'പിഴവുകൾ' പ്രതീക്ഷിച്ചാണ് എൽ.ഡി.എഫ്. content highlights:kannur corparation deputy mayor p k ragesh transferred
from mathrubhumi.latestnews.rssfeed https://ift.tt/2KQE492
via
IFTTT