Breaking

Tuesday, August 13, 2019

മരണംമണക്കുന്ന ആ മലഞ്ചെരിവിലേക്ക് തിരിച്ചുപോകാനാവാതെ ജിഷ്ണു...

നിലമ്പൂർ: മരണം മണക്കുന്ന ആ മലഞ്ചെരിവിലേക്ക് തിരിച്ചുപോകാൻ ജിഷ്ണുവിനാവില്ല. എങ്കിലും അവൻ കാത്തിരിക്കുകയാണ്, അവിടെനിന്ന് വല്ല വാർത്തകളും വരുന്നുണ്ടോ എന്ന്. തന്റെ എല്ലാമെല്ലാമായ അച്ഛനും അമ്മയും ഏട്ടനും അനിയത്തിയുമെല്ലാം അവിടെ ആഴങ്ങളിൽ മണ്ണിൽപ്പുതഞ്ഞുകിടക്കുകയാണ്. എന്നാൽ മണ്ണുമാന്തിയുടെ കൈകൾ അവരെ കോരിയെടുക്കുന്നതുകാണാൻ അവന് ധൈര്യമില്ല. അതുകൊണ്ട് അല്പമകലെ അവൻനിന്നു. ദുരന്തത്തിന്റെ നാലാംനാളായ തിങ്കളാഴ്ച രാവിലെയാണ് ജിഷ്ണു പാലേമാട്ടിലെ ബന്ധുവീട്ടിൽനിന്ന് കവളപ്പാറയിൽ വീണ്ടുമെത്തിയത്. വ്യാഴാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ ജിഷ്ണുവിന്റെ അച്ഛൻ സൂത്രത്തിൽ വിജയൻ, അമ്മ വിശ്വേശ്വരി, പട്ടാളത്തിൽ ജോലിചെയ്യുന്ന ജ്യേഷ്ഠൻ വിഷ്ണു, അനുജത്തി ജിഷ്ണ എന്നിവരെല്ലാം വീടുതകർന്ന് മണ്ണിനടിയിൽപ്പെട്ടിരുന്നു. ഡിഗ്രി വിദ്യാർഥിയായ ജിഷ്ണയുടെ വിവാഹം ഏതാണ്ട് ശരിയായിരുന്നു. ദുരന്തം നടന്നദിവസം പകൽ കവളപ്പാറയിൽ മറ്റൊരിടത്ത് വെള്ളംകയറിയ വീടുകളിൽനിന്ന് താമസംമാറുന്നവരെ സഹായിക്കാൻപോയതായിരുന്നു ജിഷ്ണുവും ബന്ധുവായ ഹരീഷും. അവർ വൈകീട്ട് തിരിച്ചുവരുമ്പോഴേക്ക് വീട്ടിലേക്കുള്ള വഴിയിലെ തോട്ടിൽ മുറിച്ചുകടക്കാനാവാത്ത വിധം വെള്ളംനിറഞ്ഞിരുന്നു. അതോടെ ഇരുവരും കവളപ്പാറയുടെ മറുകരയിലുള്ള വിജയന്റെ ജ്യേഷ്ഠന്റെ വീട്ടിലേക്ക് പോയി. അങ്ങനെയാണ് ജിഷ്ണു ദുരന്തത്തിൽനിന്നുരക്ഷപ്പെട്ടത്. 23-കാരനായ ജിഷ്ണു ഇൻഡസ്ട്രിയലിൽ ജോലിചെയ്യുകയാണ്. വിജയന്റെ രണ്ടുസഹോദരങ്ങളും കുടുംബവും തോട്ടിൽ വെള്ളംകയറിയ ഭീതിയിൽ വിജയന്റെ വീട്ടിൽ അഭയംതേടിയിരുന്നു. അവരും ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ടു. പൊള്ളുന്ന മനസ്സുമായി ശ്രീരാജും സ്വന്തമെന്നുപറയാനുള്ളവരെല്ലാം മണ്ണിനടിയിലായതിന്റെ വേദനയുമായി മറ്റൊരാൾ കൂടിയുണ്ട് കവളപ്പാറയിൽ. ഹോട്ടൽമാനേജ്മെന്റ് വിദ്യാർഥിയായ ശ്രീരാജ്. പള്ളത്ത് ശിവന്റെയും രാജിയുടെയും മകനാണ്ശ്രീരാജ്. ശിവനും രാജിയും ശിവന്റെ അച്ഛൻ ശങ്കരനും രാജിയുടെ അമ്മ അലക്സ ഇമ്മാനുവേലും ശ്രീരാജിന്റെ സഹോദരങ്ങളായ ശ്യാമും ശ്രീലക്ഷ്മിയുമെല്ലാം ദുരന്തത്തിൽപ്പെട്ടു. നാട്ടിലില്ലാതിരുന്നതിനാൽ ശ്രീരാജ് മാത്രം രക്ഷപ്പെട്ടു. content highlights:jishnu kavalappara


from mathrubhumi.latestnews.rssfeed https://ift.tt/2YXGSW0
via IFTTT