Breaking

Thursday, August 1, 2019

കുട്ടികള്‍ക്കായി സർക്കാരിന്റെ നാടന്‍ മൊബൈല്‍ ഗെയിമുകള്‍ വരുന്നു

കുട്ടികളിൽ അക്രമവാസന വളർത്തുന്ന, വില്ലന്മാർ നായകനാകുന്ന ഗെയിമുകൾ വേണ്ടെന്നുവെയ്ക്കാം. പകരം, മലയാളിത്തമുള്ള തനിനാടൻ ആനിമേഷൻ ഗെയിമുകൾ തയ്യാറാക്കാൻ പദ്ധതിയൊരുങ്ങുന്നു. സാംസ്കാരികവകുപ്പും സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷനും ചേർന്നാണ് മൂല്യമുള്ള ചലിക്കുന്ന കളികൾ തയ്യാറാക്കുന്നത്. സ്മാർട്ഫോൺ സംവിധാനം സർവസാധാരണമായതോടെ, വിഷ്വൽ ഇഫക്ട്സ് ആനിമേഷൻ ഗെയിമുകൾ കുട്ടികൾ ഏറെ തിരഞ്ഞെടുക്കുന്നതായാണു വിലയിരുത്തൽ. എന്നാൽ, ആവശ്യത്തിനു തദ്ദേശീയ ഗെയിമുകൾ ഇല്ലാത്തതിനാൽ വിദേശഗെയിമുകളാണ് രംഗം കീഴടക്കിയിരിക്കുന്നത്. വെടിവെയ്പ്, ബോംബിങ്, അക്രമങ്ങൾ എന്നിവ നിറഞ്ഞതാണ് ഏറെയും. വാഹനങ്ങൾ ഇടിച്ചുതകർത്തു മുന്നേറുന്ന കാർ, ബൈക്ക് ചേസിങ് എന്നിവയുമുണ്ട്. ഇവ കുട്ടികളിൽ അക്രമവാസന, വ്യക്തിത്വവൈകല്യം എന്നിവയ്ക്കു കാരണമാകുമെന്ന് മനശ്ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഹിംസാത്മക കളികൾക്കുപകരം മാനുഷികമൂല്യങ്ങൾ നിറഞ്ഞവ ആസൂത്രണം ചെയ്യുന്നതിനു കേന്ദ്രമൊരുക്കുകയാണ് സാംസ്കാരികവകുപ്പിന്റെ ലക്ഷ്യം. ഗെയിമിങ് ആനിമേഷൻ ഹാബിറ്റാറ്റ് എന്നു പേരിട്ട പദ്ധതിക്കായി 50 ലക്ഷം രൂപ സംസ്ഥാനസർക്കാർ അനുവദിച്ചു. വിഷ്വൽ ഇഫക്ട്സ് രംഗത്തെ വിദഗ്ധരെയും സ്വകാര്യസംരംഭകരെയും ചേർത്ത് ഗെയിമുകൾ തയ്യാറാക്കും. ആനിമേഷൻ വിഷ്വൽ ഇഫക്ട്സിൽ അന്താരാഷ്ട്രനിലവാരമുള്ള സ്റ്റുഡിയോകളുടെ സഹകരണവും തേടും. സംസ്ഥാനത്തുനിന്നു പുതിയ പ്രതിഭകളെ കണ്ടെത്തി ഈ വിഷയത്തിൽ ലോകത്തെ ഏറ്റവും മികച്ച സ്റ്റുഡിയോകളിൽ പരിശീലനം ലഭ്യമാക്കും. കൂടാതെ ഗെയിമിങ്, വിഷ്വൽ ഇഫക്ട്സ് എന്നിവയിൽ ഹ്രസ്വകാല കോഴ്സുകളും നടത്തും. പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് ചലച്ചിത്രവികസന കോർപ്പറേഷനെ ചുമതലപ്പെടുത്തി. ഡി.പി.ആർ. തയ്യാറാക്കുന്നതിന് 23 ലക്ഷം രൂപ ചെലവുവരും. അടുത്തവർഷം ഗെയിമുകൾ പുറത്തിറക്കാമെന്നാണു പ്രതീക്ഷ. Content Highlights:Ministry of Culture and KSFDC to Develop Games for Children


from mathrubhumi.latestnews.rssfeed https://ift.tt/2K9D1kw
via IFTTT