Breaking

Thursday, August 1, 2019

ഇന്ത്യയിൽ അത്ര എളുപ്പമല്ല വ്യവസായം : കഫേ കോഫി ഡെ ഉദാഹരണം

മുംബൈ:ഇന്ത്യയിൽ വ്യവസായം എളുപ്പമാണെന്ന റിപ്പോർട്ടുകൾ വെറും മായമാത്രമോ? കാപ്പിവ്യവസായത്തിൽ 130 വർഷംനീണ്ട പാരമ്പര്യവും ഉന്നതബന്ധങ്ങളുമെല്ലാമുള്ള ഒരു സംരംഭകന്റെ ആത്മഹത്യയ്ക്കപ്പുറം ചില കണക്കുകളും ഇതിലേക്കു വിരൽചൂണ്ടുന്നതാണ്. ഇന്ത്യയിൽ ആകെ രജിസ്റ്റർ ചെയ്തിട്ടുള്ളത് 18.94 ലക്ഷം കമ്പനികൾ. 2018-'19 സാമ്പത്തികവർഷം പൂട്ടിയത് - 6.8 ലക്ഷം എണ്ണം. ഷെൽ കമ്പനികളുടെ ഗണത്തിൽപ്പെടുത്തി 2017-'18ൽ 2,26,166 കമ്പനികളുടെയും 2018-'19ൽ 1,12,797 കമ്പനികളുടെയും രജിസ്ട്രേഷൻ റദ്ദാക്കിയിരുന്നു. കേന്ദ്രധനമന്ത്രി ലോക്സഭയിൽ നൽകിയ കണക്കുകളാണിവ. രണ്ടുവർഷം വാർഷികറിപ്പോർട്ട് സമർപ്പിക്കാതിരുന്ന കമ്പനികളെ 'ഷെൽ' കമ്പനിയുടെ ഗണത്തിൽപ്പെടുത്തി പ്രവർത്തനരഹിതമായി കണക്കാക്കിയാണ് രജിസ്ട്രേഷൻ റദ്ദാക്കിയത്. ഇത്തരത്തിൽ മൂന്നുവർഷത്തിനിടെ ഒഴിവാക്കിയത് 3.40 ലക്ഷം കമ്പനികളെയാണ്. കള്ളപ്പണത്തിന്റെപേരിൽ കമ്പനികളിൽ ഐ.ടി. വകുപ്പിന്റെയും എൻഫോഴ്സ്മെന്റ് വകുപ്പിന്റെയും മറ്റും പരിശോധനകൾ ഇപ്പോൾ പതിവാണ്. മുമ്പില്ലാത്തവിധം സർക്കാർവകുപ്പുകൾ നടപടി കർശനമാക്കിയെന്ന് വ്യവസായപ്രതിനിധികൾ പറയുന്നു. ഇതിനുള്ള നടപടിക്രമങ്ങൾ പാലിക്കുന്നത് ചെലവുകൂട്ടുന്നു. അത്തരത്തിലുള്ള പരിശോധനകളാണ് 'കഫേ കോഫി ഡേ' ഉടമ വി.ജി. സിദ്ധാർഥയുടെയും തലവരമാറ്റിയതെന്നാണ് കരുതുന്നത്. ബാധ്യതകൾ തീർക്കാനുള്ള ശ്രമങ്ങളും ഇത്തരം ഇടപെടലുകളിൽ തടസ്സപ്പെട്ടു. ഇതെല്ലാമാകാം അദ്ദേഹത്തെ മരണത്തിലേക്കു നയിച്ചത്. 'ഐ.എച്ച്.എസ്. മാർക്കിറ്റ്' എന്ന കമ്പനിയുടെ സർവേപ്രകാരം സ്വകാര്യമേഖലയിലെ 15 ശതമാനം കമ്പനികൾ മാത്രമാണ് ജൂണിൽ ഉത്പാദനവളർച്ച രേഖപ്പെടുത്തിയതെന്നു പറയുന്നു. യു.പി.എ. രണ്ടാം സർക്കാരിന്റെ കാലത്തേക്കാൾ കുറവാണിത്. പ്രതിസന്ധി ചെറുടിക സംരംഭകർക്ക് ചെറുകിട സംരംഭകർക്കാണ് കൂടുതൽ പ്രതിസന്ധി നിലവിലുള്ളത്. പെട്ടെന്ന് ഫണ്ട് വഴിമാറിപ്പോകുന്നത് ഇവരുടെ ദൈനംദിനപ്രവർത്തനങ്ങളെ ബാധിക്കുന്നു. ചെറുസംരംഭങ്ങൾക്കുള്ള കടലാസ് അനുമതികളാണ് മറ്റൊരു തലവേദന. ജി.എസ്.ടി. ചരക്ക്-സേവന നികുതി വന്നതിനുശേഷം റിട്ടേൺ സമർപ്പിക്കൽ ഒരു ബാധ്യതയായിമാറി. പെട്ടെന്ന് പുതിയ സംവിധാനത്തിലേക്കു മാറിയത് പലർക്കും സ്വീകരിക്കാനായില്ല. അസംസ്കൃതവസ്തുക്കൾ വാങ്ങുന്നതിന്റെയും മറ്റും കണക്കുകൾ കൂട്ടിവെച്ച് റിട്ടേൺ സമർപ്പിക്കുക ചെറുകിടക്കാരെ സംബന്ധിച്ച് വലിയ കുരുക്കാണ്. വ്യക്തമായ കാഴ്ചപ്പാടോ വിലയിരുത്തലോകൂടാതെ നടപ്പാക്കിയതാണ് ജി.എസ്.ടി.യെന്നും അതുകൊണ്ടാണ് നികുതിവരുമാനം കുറഞ്ഞതെന്നും കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ(സി.എ.ജി.)തന്നെ ചൂണ്ടിക്കാട്ടിയത് ഇതിന്റെ ഗൗരവം വ്യക്തമാക്കുന്നു. ബാങ്കുകളുടെ നടപടി നിഷ്ക്രിയ ആസ്തിയുടെപേരിൽ റിസർവ് ബാങ്ക് നടപടി കടുപ്പിക്കുകയും ബാങ്കുകൾ കിട്ടാക്കടം തിരിച്ചുപിടിക്കാൻ കമ്പനികളുടെ പിന്നാലെ കൂടുകയും ചെയ്തതോടെ സ്ഥിതി രൂക്ഷമായി. വായ്പാതിരിച്ചടവു മുടങ്ങിയ പല സ്ഥാപനങ്ങളും പൂട്ടിക്കഴിഞ്ഞു. പലതും പൂട്ടുന്നതിന്റെ വക്കിലാണ്. ജെറ്റ് എയർവേയ്സ്, ഐ.എൽ. ആൻഡ് എഫ്.എസ്., ഡി.എച്ച്.എഫ്.എൽ., അനിൽ അംബാനി ഗ്രൂപ്പ് കമ്പനികൾ, വീഡിയോകോൺ, സീ എന്റർടെയ്ൻമെന്റ് തുടങ്ങി വലിയ കമ്പനികൾ ഇത്തരത്തിൽ അവസാനശ്വാസത്തിനായി പോരാടുകയാണ്. വായ്പയെടുത്ത് പണം മറ്റുപലവഴികളിലും ചെലവഴിച്ച കമ്പനികളാണ് തിരിച്ചടി നേരിട്ടവയിൽ കൂടുതലും.


from mathrubhumi.latestnews.rssfeed https://ift.tt/2ypZOBM
via IFTTT