ഹൈദരാബാദ്: തെലങ്കാനയിൽ സർക്കാരിന്റെ വനവത്കരണപദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകൾ നടാനെത്തിയ വനിതാ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ ഭരണകക്ഷിയായ ടി.ആർ.എസിന്റെ നേതാവും സംഘവും ക്രൂരമായി ആക്രമിച്ചു. പരിക്കേറ്റ റേഞ്ച് ഓഫീസർ സി. അനിതയെയും മറ്റ് ചില ഉദ്യോഗസ്ഥരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ടി.ആർ.എസ്. എം.എൽ.എ. കെ. കണ്ണപ്പയുടെ സഹോദരനും ജില്ലാപരിഷത് ഉപാധ്യക്ഷനുമായ കെ. കൃഷ്ണറാവു ഉൾപ്പെടെ 14 പേർ അറസ്റ്റിലായി. കൃത്യവിലോപം നടത്തിയതിന് രണ്ടു പോലീസുകാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കുമരംഭീം ആസിഫാബാദ് ജില്ലയിലെ കാഗസ്നഗറിലാണു സംഭവം. സർക്കാരിന്റെ 'ഹരിതഹാരം' എന്ന വനവത്കരണയജ്ഞത്തിന്റെ ആദ്യഘട്ടത്തിന്റെ ഭാഗമായാണ് ജീവനക്കാരെത്തിയത്. കൃഷ്ണറാവുവിന്റെ നേതൃത്വത്തിലുള്ള സംഘം ഉദ്യോഗസ്ഥരെ തടയുകയും ആക്രമിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. അനിതയെ വടികൊണ്ട് അടിക്കുകയും രക്ഷയ്ക്കായി അവർ ട്രാക്ടറിൽ ഓടിക്കയറുകയും ചെയ്യുന്നതു വീഡിയോയിൽ കാണാം. കൃഷ്ണറാവു ആദ്യം അടിച്ചെന്നും പിന്നാലെ മറ്റുള്ളവരും തല്ലിയെന്ന് അവർ മൊഴിനൽകി. വനംവകുപ്പിന്റെ ഭൂമിയാണിതെന്നും നേരത്തേയും അവിടെ കൈയേറ്റത്തിനു ശ്രമമുണ്ടായിട്ടുണ്ടെന്നും തെലങ്കാന പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.കെ. ഝാ പറഞ്ഞു. content highlights:forest officer thrashed by trs workers
from mathrubhumi.latestnews.rssfeed https://ift.tt/2Jb16FO
via
IFTTT