കസാഖ്സ്താനിലെ ടെങ്കിസ് എണ്ണപ്പാടത്ത് മലയാളികളടക്കമുള്ള ഇന്ത്യൻ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കി. നാട്ടുകാരായ തൊഴിലാളികളും ചില അറബ് വംശജരും തമ്മിലുണ്ടായ സംഘർഷത്തിൽ ഏതാനും ഇന്ത്യക്കാർ പെട്ടുപോയിരുന്നെന്നും ശനിയാഴ്ചത്തെ സംഭവത്തിനുശേഷം പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ദൃശ്യമാധ്യമങ്ങളിൽ ആദ്യം വന്നതുപോലുള്ള ഗുരുതരപ്രശ്നങ്ങളൊന്നും അവിടെ ഉണ്ടായിട്ടില്ലെന്നാണ് കസാഖ്സ്താനിലെ ഇന്ത്യൻ എംബസിമുഖേന അറിയാൻ സാധിച്ചതെന്ന് മന്ത്രി വിശദീകരിച്ചു. നൂറ്റമ്പതോളം ഇന്ത്യക്കാർ ടെങ്കിസ് എണ്ണപ്പാടത്തു കുടുങ്ങിക്കിടക്കുന്നുവെന്ന വാർത്ത ശരിയല്ലെന്ന് നേരിട്ടു ബന്ധപ്പെട്ടപ്പോൾ എംബസി അധികൃതർ 'മാതൃഭൂമി'യോടു പറഞ്ഞു. കസാഖ്സ്താനിലെ പശ്ചിമ-വടക്കൻ ഭാഗമായ അത്തറാവു മേഖലയിലെ ടെങ്കിസ് എണ്ണപ്പാടത്ത് കഴിഞ്ഞദിവസംനടന്ന സംഘർഷമാണ് വാർത്തയ്ക്കാധാരം. കസാഖികളും അറബികളും തമ്മിൽനടന്ന ചെറിയൊരു സംഘർഷത്തിനിടയിൽ പെട്ടുപോയ നാല് ഇന്ത്യക്കാർക്ക് നിസ്സാരപരിക്കേറ്റിരുന്നു. അവർക്ക് ചികിത്സനൽകുകയും വിട്ടയക്കുകയും ചെയ്തു. അവർ തിങ്കളാഴ്ച ജോലിക്കു പോകുമെന്നാണ് മനസ്സിലാക്കുന്നത്. മറ്റു പ്രശ്നങ്ങളോ ഭീകരാന്തരീക്ഷമോ ഒന്നും ടെങ്കിസിലില്ല. ആകെ എഴുപതോളം ഇന്ത്യക്കാർ അവിടെ ജോലിചെയ്യുന്നുണ്ട്. തലസ്ഥാനമായ അസ്താനയിൽനിന്നു രണ്ടുമണിക്കൂർ വിമാനയാത്രാദൂരമുണ്ട് ടെങ്കിസിലേക്ക്. വലിയ രാജ്യമായ കസാഖ്സ്താന്റെ മറ്റുഭാഗങ്ങളിലും ഒട്ടേറെ ഇന്ത്യക്കാരുണ്ട്. കസാഖിൽ 150 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുവെന്നതരത്തിൽ വാർത്തകൾ വരുന്നത് അനാവശ്യമായ ആശങ്കയ്ക്കു കാരണമാകുമെന്ന് എംബസി അധികൃതർ ചൂണ്ടിക്കാട്ടി. സംഘർഷം നടന്ന എണ്ണപ്പാടത്തു ജോലിചെയ്യുന്ന ഒരു ഇന്ത്യക്കാരൻ നാട്ടിലേക്കുപോകാൻ അവധിക്കപേക്ഷിച്ചു നിൽക്കുകയായിരുന്നു. യാത്ര മുടങ്ങുമോ എന്ന ആശങ്കയിൽ വിവരം നാട്ടിലുള്ളവരുമായി പങ്കുവെച്ചിരുന്നു. ഇതാണ് ഭീതിപരത്തുന്ന തരത്തിലുള്ള വാർത്തയ്ക്കടിസ്ഥാനമെന്നാണ് കരുതുന്നത്. നോർക്ക ബന്ധപ്പെട്ടു തിരുവനന്തപുരം: കസാഖ്സ്താനുമായി ബന്ധപ്പെട്ട വാർത്തയെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം നോർക്കാ റൂട്ട്സ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടിയന്തരമായി ലഭ്യമാക്കണമെന്നും സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2XiRl21
via
IFTTT