മുംബൈ: കൂടുതൽ വവ്വാലിനങ്ങളിൽ 'നിപ' വൈറസിന്റെ സാന്നിധ്യമുണ്ടാവാനിടയുണ്ടെന്ന് പഠനറിപ്പോർട്ട്. കേരളത്തിൽ തിരിച്ചറിഞ്ഞ ഏഴു വർഗങ്ങളിൽപ്പെട്ട വവ്വാലുകൾക്കുപുറമേ ആറിനങ്ങൾകൂടി 'നിപ'യുടെയോ അല്ലെങ്കിൽ സമാനരീതിയിലുള്ള വൈറസിന്റെയോ വാഹകരാകാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. ഇവയ്ക്കെതിരേ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 'നിപ' പ്രതിരോധത്തിന്റെ ഭാഗമായി 'നിർമിതബുദ്ധി'(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ചു നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് പി.എൽ.ഒ.എസ്. റിസർച്ച് ജേണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പഠനത്തിൽ തിരിച്ചറിഞ്ഞ പുതിയ ആറിനം വവ്വാലുകളിൽ നാലെണ്ണം ഇന്ത്യയിലുള്ളതാണ്. ഇതിൽ രണ്ടെണ്ണം കേരളത്തിൽ കാണപ്പെടുന്നവയും. ഇവ 'നിപ' വൈറസ് വഹിക്കാനുള്ള സാധ്യത 80 ശതമാനംവരെയാണെന്നും പഠനത്തിൽ പറയുന്നു. ഈ വവ്വാൽവർഗങ്ങളിൽ വൈറസ് സാന്നിധ്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, സവിശേഷതകൾ പരിഗണിക്കുമ്പോൾ ജാഗ്രത വേണമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട്ട് 2018-ൽ ഭീതിപരത്തിയ 'നിപ' ബാധിച്ച് 17 പേരാണ് മരിച്ചത്. ഇവിടെനിന്ന് 1800 കിലോമീറ്റർ അകലെ ഇന്ത്യയുടെ കിഴക്കൻ മേഖലയിലാണ് 2001-ലും 2007-ലുമായി 'നിപ' പടർന്നത്. ഇതിൽ 21 പേർ മരിച്ചു. ബംഗ്ലാദേശിലും സമാനമായി 'നിപ' പടർന്നിരുന്നു. കേരളത്തിൽ പഴംതീനിവവ്വാലുകളാണ് രോഗം പടർത്തിയതെന്നു കണ്ടെത്തി. 'ടെറോപസ് മീഡിയസ്' എന്ന വർഗത്തിലാണ് കേരളത്തിൽ പ്രധാനമായും 'നിപ' സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇതിൽത്തന്നെയാണ് ബംഗ്ലാദേശിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതും. ഇതിനു സമാനസവിശേഷതകളുള്ള മറ്റിനം വവ്വാലുകളും രോഗം പടർത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഏഷ്യ, ഓസ്ട്രേലിയ, ഓഷ്യാന എന്നിവിടങ്ങളിൽ വൈറസ് ബാധ കണ്ടെത്തിയ വവ്വാലുകളുടെ സവിശേഷതകൾ അടിസ്ഥാനപ്പെടുത്തി, 'നിർമിതബുദ്ധി'യധിഷ്ഠിതമായ 'മെഷീൻ ലേണിങ്' ഉപയോഗിച്ചാണ് 'വൈറസ്' വാഹകരാകാവുന്ന വവ്വാലുകളെ കണ്ടെത്തിയിരിക്കുന്നത്. 48 സ്വഭാവസവിശേഷങ്ങളോടുകൂടിയ 523 വവ്വാൽവർഗങ്ങളിലായിരുന്നു പഠനം. വൈറസ്ബാധയ്ക്ക് നിലവിൽ സാധ്യതകല്പിക്കാത്ത ചിലയിനങ്ങളെ ചൂണ്ടിക്കാട്ടുകമാത്രമാണു ചെയ്തതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ന്യൂയോർക്കിലെ കാരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോസിസ്റ്റംസിലെ ഗവേഷക ബാർബറ ഹാൻ പറയുന്നു. ഇന്ത്യയിൽ നിലവിൽ 113 വവ്വാലിനങ്ങളുണ്ടെന്നാണ് കണക്ക്. ഇതിൽ 31 ഇനങ്ങളെമാത്രമാണ് വൈറസ് സാന്നിധ്യമറിയാൻ പരിശോധിച്ചിട്ടുള്ളത്. ഇതിൽത്തന്നെ 11 എണ്ണത്തിൽ രോഗപ്രതിരോധത്തിനുള്ള 'ആന്റിബോഡി'യുടെ സാന്നിധ്യം കണ്ടെത്തുകയുംചെയ്തു. തുടർച്ചയായി രണ്ടുവർഷം 'നിപ' ബാധിച്ച കേരളത്തിനു മുന്നറിയിപ്പിനുവേണ്ടിയാണ് പഠനം നടത്തിയതെന്ന് യു.എസിലെ മൊണ്ടാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പ്രവർത്തിക്കുന്ന റെയ്ന കെ. പ്ലൗറൈറ്റ് പറഞ്ഞു. content highlights:different bat species in India could harbour Nipah virus
from mathrubhumi.latestnews.rssfeed https://ift.tt/2Jh2R4f
via
IFTTT