Breaking

Monday, July 1, 2019

നോക്കാനാളില്ല; റിട്ട. എസ്.ഐ.യെ മക്കൾ കൊടുംവെയിലിൽ റോഡിൽ ഉപേക്ഷിച്ചു

തിരുവനന്തപുരം: വീട്ടിൽ നോക്കാൻ ആളില്ലാത്തതിനാൽ പിതാവിനെ മക്കൾ കസേരയിലിരുത്തി റോഡിൽ ഉപേക്ഷിച്ചു. നാലുമണിക്കൂറോളം വെയിലത്ത് ഇരിക്കേണ്ടി വന്ന പിതാവിനെ പോലീസും നാട്ടുകാരും ചേർന്ന് മറ്റൊരു മകന്റെ വീട്ടിലാക്കി. ഞായറാഴ്ചയാണ് വട്ടിയൂർക്കാവ് സ്വദേശിയായ റിട്ട. എസ്.ഐ.ക്ക് മക്കളിൽനിന്നു ദുരനുഭവം ഉണ്ടായത്. പെൻഷനായി 27,000 രൂപ മാസവരുമാനവും ഏഴ് ആൺമക്കളും ഉള്ളയാൾക്കാണ് ഈ ദുരനുഭവം ഉണ്ടായതെന്ന് വട്ടിയൂർക്കാവ് പോലീസ് പറഞ്ഞു. റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യക്ക് അസുഖമാണ്. ഇവരോടൊപ്പം താമസിച്ചിരുന്ന മകനും കുടുംബവും അവരെ കാണാൻ ആശുപത്രിയിലേക്കു പോകുംമുമ്പ് രാവിലെ എട്ടുമണിയോടെയാണ് അച്ഛനെ കസേരയിലാക്കി വീട്ടിനു മുന്നിലെ റോഡിൽ ഇരുത്തിയത്. പന്ത്രണ്ടര കഴിഞ്ഞിട്ടും റിട്ട. എസ്.ഐ. കൊടുംവെയിലിൽ റോഡിൽ ഇരിക്കുന്നതുകണ്ട നാട്ടുകാർ പ്രശ്നത്തിൽ ഇടപെട്ടു. വട്ടിയൂർക്കാവ് പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി ഇദ്ദേഹത്തെ തൊട്ടടുത്തുള്ള മകന്റെ വീട്ടിലാക്കി. എന്നാൽ, അവിടെ സ്ഥലസൗകര്യമില്ലെന്നുപറഞ്ഞ് അയാൾ കൈയൊഴിഞ്ഞു. ഉടൻതന്നെ മറ്റൊരു മകന്റെ വീട്ടിലേക്കു പിതാവിനെ മാറ്റി. 20 ദിവസത്തിനുള്ളിൽ ആശുപത്രിയിലുള്ളവർ വരുമെന്നും അതുവരെ താമസിപ്പിക്കാമെന്നും അയാൾ സമ്മതിച്ചതായി വട്ടിയൂർക്കാവ് പോലീസ് അറിയിച്ചു. മക്കൾക്കെതിരേ നിയമനടപടി സ്വീകരിക്കാൻ പിതാവ് തയ്യാറല്ല. 20 ദിവസത്തിനുള്ളിൽ മക്കളെ വിളിച്ചുവരുത്തി ചർച്ചചെയ്ത് പ്രശ്നപരിഹാരം ഉണ്ടാക്കുമെന്നും ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. content highlights:children abandons retired police officer


from mathrubhumi.latestnews.rssfeed https://ift.tt/2Xj9qNL
via IFTTT