Breaking

Monday, July 1, 2019

മെഡിക്കൽ പ്രവേശനം: പട്ടികയിലുള്ള എട്ടു കോളേജുകൾക്ക് സർവകലാശാലയുടെ അനുമതിയില്ല

തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിന് പ്രവേശനപ്പരീക്ഷാ കമ്മിഷണർ ഓപ്ഷൻ ക്ഷണിച്ച എട്ടു മെഡിക്കൽ കോളേജുകൾക്ക് ആരോഗ്യ സർവകലാശാലയുടെ പ്രവേശനാനുമതിയില്ല. അനുമതി നിഷേധിക്കപ്പെട്ടവയിൽ പട്ടികജാതി-വർഗ വകുപ്പിനുകീഴിലെ പാലക്കാട് മെഡിക്കൽ കോളേജും ഉൾപ്പെടും. ഈ കോളേജുകളിലേക്ക് ഓപ്ഷൻ ക്ഷണിക്കരുതെന്ന് ആരോഗ്യ സർവകലാശാല ആവശ്യപ്പെട്ടിരുന്നെങ്കിലും അതു തള്ളിയാണ് കമ്മിഷണർ അലോട്ട്മെന്റ് നടപടികൾ തുടങ്ങിയത്. അനുമതിയില്ലാത്തതിനാൽ ഈ കോളേജുകളുടെ പട്ടിക പ്രവേശനപ്പരീക്ഷാ കമ്മിഷണർക്ക് ആരോഗ്യ സർവകലാശാല കൈമാറിയിരുന്നുമില്ല. സർക്കാരിന്റെ കടുത്ത സമ്മർദത്തെത്തുടർന്നാണ് ഈ കോളേജുകളെയും പ്രവേശനപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതോടെ, വിഷയത്തിൽ സർക്കാർ-സർവകലാശാല തർക്കം ഉറപ്പായി. എന്നാൽ, ഈ കോളേജുകൾക്ക് മെഡിക്കൽ കൗൺസിലിന്റെ അനുമതി കിട്ടിയിട്ടുണ്ട്. ചില കോളേജുകൾക്കാകട്ടെ ഇക്കൊല്ലം കൗൺസിലിന്റെ സ്ഥിരാംഗീകാരവും ലഭിച്ചിരുന്നു. കൗൺസിലിന്റെ അനുമതി ലഭിച്ച കോളേജുകൾക്ക് പിന്നീട് സർവകലാശാലയുടെ അനുമതി കിട്ടാൻ പ്രയാസമുണ്ടാകില്ലെന്ന നിഗമനത്തിലാണ് ഓപ്ഷൻ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അനുമതിയില്ലാത്ത കോളേജുകളിൽ ഓപ്ഷൻ നൽകുന്നത് വിദ്യാർഥികളിലും ആശയക്കുഴപ്പം സൃഷ്ടിക്കും. ജൂലായ് 15-നുചേരുന്ന സർവകലാശാലാ ഗവേണിങ് കൗൺസിൽ ഈ വിഷയം വീണ്ടും പരിഗണിക്കുന്നുണ്ട്. അതിനു മുന്നോടിയായി കുറവുകൾ പരിഹരിക്കുന്ന കോളേജുകൾക്ക് ഗവേണിങ് കൗൺസിൽ അനുമതി നൽകിയേക്കും. ഫീസ് നിർണയിക്കാതെ പ്രവേശനം നടത്തിയതിനെതിരേ സ്വാശ്രയ കോളേജുകൾ രംഗത്തുവന്നതോടെ ആദ്യ അലോട്ട്മെന്റിന് സർക്കാർ കോളേജുകളെ മാത്രം ഉൾപ്പെടുത്താൻ ആലോചനയുണ്ടായിരുന്നു. ഇത് നടപടികൾ കൂടുതൽ സങ്കീർണമാക്കുമെന്ന് കണ്ടതോടെയാണ് മെഡിക്കൽ കൗൺസിൽ അനുമതിയുള്ള എല്ലാ കോളേജുകളെയും അലോട്ട്മെന്റിൽ ഉൾപ്പെടുത്തിയത്. 18 സ്വാശ്രയ കോളേജുകളാണ് പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ പട്ടികയിലുള്ളത്. കൗൺസിലിന്റെ അനുമതിയുണ്ടായിട്ടും ഡി.എം. വയനാടിനെ അലോട്ട്മെന്റ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവർ സീറ്റ് വിഭജനം സംബന്ധിച്ച പട്ടിക യഥാസമയം നൽകാത്തതിനാലാണിത്. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അവർ സർക്കാരിനെ സമീപിച്ചു. അനുമതി നിഷേധിക്കാൻ കാരണം * പലയിടത്തും പഠനസൗകര്യവും ആവശ്യത്തിന് അധ്യാപകരുമില്ല. * ആവശ്യത്തിന് രോഗികളില്ല. * സർവകലാശാലാ അധികൃതർ പരിശോധനയ്ക്ക് എത്തിയപ്പോൾ ചില കോളേജുകൾ നഴ്സിങ് കോളേജ് വിദ്യാർഥികളെയും സെക്യൂരിറ്റി ജീവനക്കാരെയും രോഗികളായി അവതരിപ്പിച്ചു. അനുമതിയില്ലാത്ത കോളേജുകൾ * പാലക്കാട് സർക്കാർ മെഡിക്കൽ കോളേജ് * കണ്ണൂർ * ഡി.എം. വയനാട് * പാലക്കാട് കരുണ * ശ്രീനാരായണ എറണാകുളം * അൽ അസർ തൊടുപുഴ * മൗണ്ട് സിയോൺ പത്തനംതിട്ട * എസ്.യു.ടി. തിരുവനന്തപുരം content highlights:medical college admission


from mathrubhumi.latestnews.rssfeed https://ift.tt/2RLngT5
via IFTTT