തിരുവല്ല: നഗരത്തിലെ പ്രമുഖ വ്യാപാരശൃംഖലയിലെ കംപ്യൂട്ടറിൽ സൈബർ ആക്രമണം. മാസ്റ്റർ കംപ്യൂട്ടർ മുഴുവൻ പ്രവർത്തനരഹിതമാക്കുന്ന വൈറസ് കടത്തിവിട്ടാണ് രണ്ടുമാസംമുമ്പ് ആക്രമണം നടത്തിയത്. പ്രധാനപ്പെട്ട ഫയലുകളെല്ലാം ഇവ ബ്ലോക്ക് ചെയ്തു. സ്ഥാപനത്തിലെ മുഴുവൻ കണക്കുകളും നഷ്ടമായതോടെ അക്രമികൾക്കു പണം നൽകി വൈറസ് നീക്കംചെയ്തു. കംപ്യൂട്ടർ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും വീണ്ടെടുക്കാൻ ഇമെയിൽ വിലാസത്തിൽ മറുപടി നൽകണമെന്നും കാണിച്ചുകൊണ്ടുള്ള സന്ദേശമാണ് കംപ്യൂട്ടറിൽ ആദ്യം പ്രത്യക്ഷപ്പെട്ടത്. തുറന്നുകിട്ടണമെങ്കിൽ ഓൺലൈൻ കറൻസിയായ ബിറ്റ്കോയിൻ നിക്ഷേപിച്ചു മോചിപ്പിച്ചെടുക്കണമെന്നും അക്രമികൾ പറഞ്ഞു. തുടർന്ന് ഉടമ സൈബർ പോലീസിൽ പരാതി നൽകി. വിദഗ്ദ്ധരെത്തി പരിശോധിച്ചെങ്കിലും പുതിയതരം വൈറസായതിനാൽ പരിഹരിക്കാനുള്ള സംവിധാനം നിലവിലില്ലെന്നു പറഞ്ഞു. പുണെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസിയെക്കൊണ്ട് കംപ്യൂട്ടറിലെ വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. രണ്ടുമാസം പിന്നിട്ടിട്ടും ശ്രമങ്ങൾ ഫലിക്കാതായതോടെ, കടയുടമ അക്രമികൾക്കുമുമ്പിൽ കീഴടങ്ങി വിവരങ്ങൾ തിരിച്ചെടുത്തു. ഏഴായിരം യു.എസ്. ഡോളറിനു തത്തുല്യമായ ബിറ്റ്കോയിൻ വേണമെന്നാണ് അക്രമികൾ ആവശ്യപ്പെട്ടത്. ഇമെയിലിലൂടെ നടത്തിയ ചർച്ചകൾക്കുശേഷം ഏകദേശം രണ്ടരലക്ഷം ഇന്ത്യൻ രൂപ വിലമതിക്കുന്ന ബിറ്റ്കോയിൻ നൽകിയാണ് കംപ്യൂട്ടർ ശരിയാക്കിയത്. ഇമെയിലിലൂടെ രഹസ്യകോഡുകൾ പറഞ്ഞുനൽകിയാണ് അക്രമികൾ കംപ്യൂട്ടർ പൂർവസ്ഥിതിയിലാക്കിയത്. മുൻകരുതലെടുക്കണം പുതിയ രണ്ടുതരം കംപ്യൂട്ടർ റാൻസംവേറുകൾ പ്രചരിക്കുന്നുണ്ട്. അപരിചിതമായ ലിങ്കുകൾ തുറക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. സംശയാസ്പദമായ ഇ-മെയിലുകൾ, അവയിലെ അറ്റാച്ച്മെന്റുകൾ എന്നിവ തുറക്കരുത്. കംപ്യൂട്ടറിലെ ആന്റിവൈറസ് അപ്ഡേറ്റ് ചെയ്ത് സൈബർ ആക്രമണങ്ങൾക്കെതിരേ മുൻകരുതലെടുക്കണമെന്ന് സംസ്ഥാന ഐ.ടി. മിഷൻ നിർദേശിക്കുന്നു. content highlights:cyber attack in thiruvalla
from mathrubhumi.latestnews.rssfeed https://ift.tt/2KQojAe
via
IFTTT