തിരുവനന്തപുരം: ദീർഘനാളത്തെ നിയമപോരാട്ടത്തിനുശേഷം കേരളത്തിന് ഉടമസ്ഥാവകാശം തിരിച്ചുകിട്ടിയ കുറ്റാലം കൊട്ടാരം വീണ്ടും നിയമക്കുരുക്കിലേക്ക്. പട്ടയപ്രശ്നം ഉന്നയിച്ച് തിരുവിതാംകൂർ കൊട്ടാരത്തിന്റെ പിന്തുടർച്ചാവകാശി വീണ്ടും കോടതിയിലെത്തിയതോടെ സംസ്ഥാനസർക്കാരും നിയമനടപടി നേരിടാനൊരുങ്ങുകയാണ്. തമിഴ്നാട്ടിലെ കുറ്റാലത്തുള്ള സ്ഥലം, കൊട്ടാരം, അനുബന്ധ കെട്ടിടങ്ങൾ എന്നിവയുടെ അവകാശി കേരളസർക്കാരാണെന്ന് തിരുനെൽവേലി ജില്ലാ റവന്യൂ ഓഫീസർ മേയ് മാസത്തിൽ ഉത്തരവിട്ടിരുന്നു. എന്നാൽ, പട്ടയം കൈമാറ്റംചെയ്തത് ചോദ്യംചെയ്താണ് കൊട്ടാരം പ്രതിനിധി ഇപ്പോൾ ചെന്നൈ ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചത്. ചിത്തിര തിരുനാൾ മഹാരാജാവിന്റെ പേരിലായിരുന്ന പട്ടയം കൊട്ടാരം പ്രതിനിധികളറിയാതെ എങ്ങനെ സർക്കാരിലേക്കു മാറ്റിയെന്നതാണ് ഉന്നയിക്കുന്ന ചോദ്യം. കുറ്റാലം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശത്തിൽ തർക്കമുന്നയിച്ച് തിരുവിതാംകൂർ രാജകുടുംബത്തിലെ അനന്തരാവകാശികൾ നേരത്തേ ചെന്നൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മധുര ബെഞ്ചിലുള്ള കേസ് പരിശോധിച്ച് തീർപ്പാക്കാൻ തിരുനെൽവേലി റവന്യൂ ഡിവിഷണൽ ഓഫീസറെ ചുമതലപ്പെടുത്തുകയും സംസ്ഥാനത്തിന് അനുകൂലമായ ഉത്തരവുണ്ടാവുകയും ചെയ്തു. ഈ ഉത്തരവുപ്രകാരം, വർഷങ്ങളായി കൈവശമുള്ള 56.68 ഏക്കർ സ്ഥലം, കൊട്ടാരം, മറ്റു കെട്ടിടങ്ങൾ എന്നിവയിൽ കേരളത്തിനല്ലാതെ മറ്റാർക്കും അവകാശമില്ല. പതിറ്റാണ്ടുകളായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കൈവശമായിരുന്ന കൊട്ടാരവും സ്ഥലവും സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്നയാൾ കൈവശപ്പെടുത്താൻ ശ്രമം തുടങ്ങിയതോടെയാണ് അവകാശത്തർക്കം തുടങ്ങിയത്. കൊട്ടാരം സ്വന്തമാക്കാനുള്ള നീക്കം സർക്കാർ ഇടപെട്ട് തകർക്കുകയും സൂപ്രണ്ടിനെ പുറത്താക്കുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥ അനാസ്ഥയാണ് ഭൂമിയും കൊട്ടാരവും നഷ്ടമാകുമെന്ന അവസ്ഥയിലെത്തിച്ചത്. ഇതിനെതിരേ മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തിൽ ശക്തമായ ചെറുത്തുനിൽപ്പാണുണ്ടായത്. റവന്യൂവകുപ്പും ഇടപെട്ടു. നേരത്തേ കൊട്ടാരത്തിലെ ഉദ്യോഗസ്ഥരുടെ പേരിലാണ് കരം അടച്ചിരുന്നത്. ഇപ്പോൾ പൊതുമരാമത്ത് വകുപ്പാണ് കരം അടയ്ക്കുന്നത്. ഇതിനിടെയാണ് വീണ്ടും 'അവകാശത്തർക്കം' കോടതികയറുന്നത്. content highlights:kuttalam palace
from mathrubhumi.latestnews.rssfeed https://ift.tt/2RQFqCU
via
IFTTT