തിരുവനന്തപുരം: അൾത്താരയിൽനിന്ന് ക്രിസ്തുവിന്റെ സുവിശേഷം വിശ്വാസികൾക്ക് പകർന്നുനൽകിയ പുരോഹിത പടിയിറങ്ങി. കേരള സി.എസ്.ഐ. സഭയിലെ ഒരേയൊരു പുരോഹിതയായ റവ. ഓമനാ വിക്ടർ ചൊവ്വാഴ്ച വിരമിച്ചു. തിരുവനന്തപുരത്ത് പുളിയറക്കോണത്തിനടുത്ത് ഇലയ്ക്കോട് വെസ്റ്റ് സി.എസ്.ഐ. പള്ളിയിൽ തിരുക്കർമങ്ങൾക്കും പ്രാർഥനകൾക്കും നേതൃത്വംനൽകിയിരുന്ന റവ. ഓമനാ വിക്ടറെ നാട്ടുകാർ സ്നേഹപൂർവ്വം 'അച്ച'നെന്നുതന്നെയാണ് വിളിച്ചിരുന്നത്. ഇനിയൊരു മാതാവ് തന്റെ സഭയിൽ കുഞ്ഞാടുകൾക്ക് വഴികാട്ടിയാകുമോയെന്ന് ഈ 'അച്ച'ന് നിശ്ചയമില്ല. മറ്റാരുമില്ലാത്ത പാതയിൽ ഒറ്റയ്ക്കായിരുന്നു ഈ 'അച്ചന്റെ' യാത്ര. നിനച്ചിരിക്കാതെയാണ് ഓമനയെന്ന വിശ്വാസിയായ വീട്ടമ്മ പൗരോഹിത്യത്തിലേക്ക് എത്തുന്നത്. കാട്ടാക്കടയ്ക്കടുത്ത് വീരണകാവിൽ ദേവദാസിന്റെയും റാഹേലിന്റെയും മകളായിട്ടാണ് ഓമനയുടെ ജനനം. വീരണകാവ് സ്കൂളിലും കാട്ടാക്കട ക്രിസ്ത്യൻ കോളേജിലും വിദ്യാഭ്യാസം. 1978-ൽ സി.എസ്.ഐ. സഭയിലെ വൈദികനായ റവ. റോബർട്ട് വിക്ടർ ഓമനയെ വിവാഹംകഴിച്ചു. ഭർത്താവിനോടൊപ്പം പള്ളിക്കാര്യങ്ങളിലും വിശ്വാസികളുടെ ജീവിതത്തിലും നിരന്തരം ഇടപെട്ടതോടെ പൗരോഹിത്യത്തിലേയ്ക്കുള്ള ഓമനയുടെ മാർഗം കൂടുതൽ തെളിഞ്ഞു. അക്കാലത്ത് സി.എസ്.ഐ. ദക്ഷിണകേരള മഹായിടവക സ്ത്രീകൾക്കും മതപാഠശാലയിൽ പഠനത്തിന് അവസരമൊരുക്കിയിരുന്നു. ഇതാണ് ജീവതത്തിലെ ഏറ്റവും വലിയ നിമിത്തവും ദൈവനിയോഗവുമായി ഓമന കാണുന്നത്. 1990-ലാണ് തിരുവനന്തപുരം കണ്ണമ്മൂലയിലെ കേരള യുണൈറ്റഡ് തിയോളജിക്കൽ സെമിനാരിയിൽ ഓമന പഠനത്തിന് ചേരുന്നത്. അക്കാലത്ത് മൂന്നോനാലോ സ്ത്രീകൾ ഓമനയോടൊപ്പം പഠിച്ചിരുന്നു. എന്നാൽ, പള്ളിയുടെ പൂർണ ചുമതലയുള്ള പുരോഹിതനാകാൻ അവരാരും തയ്യാറായില്ല. 1998-ൽ സി.എസ്.ഐ. സഭ ഓമനയ്ക്ക് പൗരോഹിത്യ പദവി (ഓർഡിനേഷൻ) നൽകി. പിന്നീട് റവറന്റ് പദവി ലഭിച്ചു. സഭാചരിത്രത്തിലെ ആദ്യ പുരോഹിതയായ മരതകവല്ലി ഡേവിഡിനുശേഷം ഈ പദവിയിലെത്തുന്ന വനിതയായി മാറി ഓമന. തിരുവനന്തപുരം ജില്ലയുടെ പല ഇടവകകളിലും ഓമന 'പള്ളീലച്ചനായി'. സഭയിലെ സ്ത്രീകളായ വിശ്വാസികൾക്ക് വൈദികനോട് സംവദിക്കുന്നതിനുമപ്പുറം കാര്യങ്ങൾ ഓമനയെന്ന അമ്മയോട് പറയാം. അങ്ങനെ എല്ലാ കുടുംബങ്ങളുടെയും അടിസ്ഥാനപ്രശ്നങ്ങൾക്കും 'അച്ചൻ' പരിഹാരമുണ്ടാക്കി.2018-ൽ ഭർത്താവ് റോബർട്ട് ഈ ലോകത്തോട് വിടപറഞ്ഞു. മക്കളായ ഷാജി വിക്ടർ കേരള നിയമസഭയിലും റെജി വിക്ടർ സ്വകാര്യ സ്ഥാപനത്തിലും ജോലി നോക്കുന്നു. Content Highlights:Keralas CSI Church one and only one Women Priest retired
from mathrubhumi.latestnews.rssfeed http://bit.ly/2GLtYmN
via
IFTTT